രാജ്യമെമ്പാടും പനി പടർന്നു പിടിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പന്നി പനി എന്ന് അറിയപ്പെടുന്ന H1N1 ഇൻഫ്ലുവെൻസ വയറസ് മൂലം ഉണ്ടാവുന്ന പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 200 കവിഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. തെലങ്കാനയിൽ മാത്രം 50 മരണങ്ങളും 600 ലേറെ പേർക്ക് പനി ബാധിച്ചതുമായാണ് റിപ്പോർട്ടുകൾ. ശീതകാലം ഇനിയും ബാക്കി നിൽക്കുമ്പോൾ രാജ്യത്തെ ആരോഗ്യ രംഗം കടുത്ത പ്രതിസന്ധിയാണ് നേരിടുവാൻ പോകുന്നത്. വെള്ളിയാഴ്ച്ചത്തെ മരണങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ രാജസ്ഥാനിൽ പന്നി പനി മൂലം മരിച്ചവരുടെ എണ്ണം 85 ആയി. പകർച്ച വ്യാധി “കൈ വിട്ടു പോയി” എന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ തന്നെ പറയുന്നത്. മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ എന്നിവർക്ക് പന്നി പനി ബാധിച്ചതോടെയാണ് രാജസ്ഥാനിൽ അധികൃതർ കർമ്മനിരതരായത്. പനി നേരിടാൻ ഊർജ്ജിതമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. ഡോക്ടർമാർക്ക് അവധി നിഷേധിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ ജില്ല വിട്ട് പോകരുത് എന്നും നിർദ്ദേശമുണ്ട്. ആയിരക്കണക്കിന് ജനമാണ് പനി പരിശോധനയ്ക്കായി ആശുപത്രികളിലേക്ക് ഒഴുകിയെത്തുന്നത്. ചികിൽസ വൈകുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ആരംഭിച്ച ബോധവൽക്കരണ പരിപാടികൾ ഫലപ്രദമായതോടെ ജനം പനി പരിശോധനയ്ക്ക് എത്തുന്നത് ആശ്വാസകരമാണ്. എന്നാൽ ഇത്തരം ബോധവൽക്കരണം നേരത്തേ നടത്തിയിരുന്നെങ്കിൽ വിലപ്പെട്ട നിരവധി ജീവനുകൾ രക്ഷപ്പെടുത്താൻ ആവുമായിരുന്നു എന്നും ആരോപണമുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം