ന്യൂഡെല്‍ഹി: സ്വവര്‍ഗ്ഗാനുരാഗത്തെ സംബന്ധിച്ചുള്ള സര്‍ക്കാര്‍ നിലപാടില്‍ വീണ്ടും മാറ്റം. സ്വവര്‍ഗ്ഗാനുരാഗ അവകാശത്തെ അംഗീകരിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു വേണ്ടി ഹാജരായ അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമാണെന്നും ഇന്ത്യന്‍ സംസ്കാരത്തിനു ചേര്‍ന്നതല്ലെന്നുമായിരുന്നു നേരത്തെ ഇതേ വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയത്തിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ പി.പി. മല്‍ഹോത്ര പറഞ്ഞിരുന്നത്.
കേന്ദ്രസര്‍ക്കാറിന്റെ അടിക്കടിയുള്ള നിലപാടു മാറ്റത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. നിയമവ്യവസ്ഥയെ കളിയാക്കരുതെന്നും കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്നും ജസ്റ്റിസുമാരായ ജി. എസ്. സിങ്. വിയും, എസ്. ജി മുഖോപാധ്യായയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പറഞ്ഞു. സ്വവര്‍ഗ്ഗരതി കുറ്റകരമല്ലെന്ന 2009-ലെ ഡെല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ചില മത , രാഷ്ടീയ, സാമൂഹ്യ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് തേടിയപ്പോളാണ് വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ കോടതിക്കു മുമ്പില്‍ അവതരിപ്പിക്കപ്പെട്ടത്. സ്വവര്‍ഗ്ഗാനുരാഗത്തെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിലപാട് രാജ്യത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കാന്‍ ഇടയുണ്ട്. കടുത്ത വിവേചനം നേരിടുന്ന ലൈംഗിക ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് ഈ നിലപാട് ആശാവഹമാണെങ്കിലും യാദാസ്ഥിതിക മത നേതൃത്വങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള ഇന്ത്യയില്‍ ഇതിനെതിരെ ശക്തമായ സമ്മര്‍ദ്ദം ഉയരും എന്നതില്‍ തര്‍ക്കമില്ല.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കോടതി, നിയമം, വിവാദം