ന്യൂഡല്‍ഹി: ജപ്പാനിലെ ഇപ്പോഴത്തെ ആണവ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍,ഇന്ത്യയിലെ എല്ലാ ആണവോര്‍ജ കേന്ദ്രങ്ങളുടെയും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി മന്മോഹന്‍ സിംഗ്. ആണവ ഊര്‍ജ നിയന്ത്രണ ബോര്‍ഡിന് സ്വയംഭരണാവകാശവും സുപ്രധാനമായ ആണവ തീരുമാനങ്ങളില്‍ സര്‍വ്വ സ്വാതന്ത്ര്യവും നല്‍കും. ആണവ ശാസ്ത്രജ്ഞന്‍മാരെ ആദരിക്കുവാന്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഒരു സമ്മേളനത്തിലാണ് പ്രധാന മന്ത്രി ഇങ്ങനെ പറഞ്ഞത്.
ആണവ സുരക്ഷയ്ക്ക് വേണ്ടിയാണ് ആണവ ഊര്‍ജ നിയന്ത്രണ ബോര്‍ഡ് (എ.ഇ.ആര്‍.ബി) പ്രവര്‍ത്തിക്കുന്നതെങ്കിലും ഇപ്പോള്‍ ഇത് ആണവോര്‍ജ വകുപ്പിന് കീഴില്‍ വരുന്നതിനാല്‍ പല ആണവ സുരക്ഷ പ്രശ്നങ്ങളിലും എ.ഇ.ആര്‍.ബിക്ക് വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടി വരാറുണ്ട്. എന്നാല്‍ പുതിയ ആണവ നയം അനുസരിച്ച് എ.ഇ.ആര്‍.ബിയുടെ അധികാരങ്ങള്‍ ശക്തമാക്കും. ആണവ വിഷയങ്ങളുടെ സ്വകാര്യ സ്വഭാവം കൈ വെടിയുമെന്നും, ഇവ പൊതു ജങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കത്തക്ക വിധത്തില്‍ സുതാര്യം ആക്കുമെന്നും പ്രധാന മന്ത്രി ഉറപ്പു നല്‍കി. ഇന്ത്യയിലെ എല്ലാ ആണവ നിലയങ്ങളിലെയും
സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും. ഈ സുരക്ഷാ സംവിധാനങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടി ഇരിക്കുന്നു. ഇന്ത്യയില്‍ ഏതൊക്കെ ആണവ റിയാക്ടറുകള്‍ സ്ഥാപിച്ചാലും അവയെല്ലാം കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കപ്പെടും. എന്നാല്‍ രാജ്യത്തിന്റെ വളര്‍ന്നു വരുന്ന ഊര്‍ജ്ജ പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യയില്‍ കൂടുതല്‍ ഊര്‍ജ്ജ നിലയങ്ങള്‍ ആവശ്യമാണെന്നും ജപ്പാന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആണവോര്‍ജ്ജ പദ്ധതികളെ പാടെ അവഗണിക്കാന്‍ സാധിക്കുകയില്ലെന്നും അദ്ധേഹം പറഞ്ഞു.
- ലിജി അരുണ്‍