കൊല്‍ക്കത്ത : പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഔദ്യോഗിക ടെലിവിഷന്‍ ചാനലും ദിനപത്രവും തുടങ്ങുന്നു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര പ്രാധാന്യത്തോടെ പ്രചരിപ്പിക്കുന്നതില്‍ സ്വകാര്യ മാധ്യമങ്ങള്‍ വിമുഖത കാട്ടുകയാണെന്നും അതിനാല്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കാനാണ് എങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് മമത പറഞ്ഞു. ”സര്‍ക്കാരിന്റെ വീഴ്‌ചകള്‍ വലുതാക്കി കാണിക്കുവാന്‍ മിക്ക മാധ്യമങ്ങള്‍ക്കും താല്‍പര്യം കൂടുതലാണ്. അതിനാല്‍ ശരിയായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാരിനു സ്വന്തമായ മാര്‍ഗങ്ങള്‍ തേടേണ്ടിവന്നിരിക്കുന്നു” -കൊല്‍ക്കത്തയില്‍ ഒരു യോഗത്തില്‍ അവര്‍ പറഞ്ഞു. മാധ്യമങ്ങളുടെ വിമര്‍ശനങ്ങളോടുള്ള അസഹിഷ്‌ണുത തുറന്നു പ്രഖ്യാപിച്ചുകൊണ്ട് സംസ്‌ഥാന സര്‍ക്കാരിനെതിരേ വാര്‍ത്തകള്‍ വരുന്ന ടിവി ചാനലുകള്‍ കാണരുതെന്നു മമത അടുത്തിടെ ഉപദേശിച്ചിരുന്നു. സംസ്‌ഥാനസര്‍ക്കാരിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലൈബ്രറികള്‍ ചില ദിനപത്രങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങരുതെന്നും നിര്‍ദേശിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
- ന്യൂസ് ഡെസ്ക്