ലോക് സഭാ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുവാന്‍ ഉള്ള ശ്രമത്തില്‍ മാവോയിസ്റ്റ് തീവ്രവാദികള്‍ ആഞ്ഞടിക്കുന്നു. ജാര്‍ഖണ്ട്, ആന്ധ്ര പ്രദേശ്, ബീഹാര്‍, ഒറീസ്സ, ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ അഴിച്ചു വിട്ട ആസൂത്രിതമായ ആക്രമണങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരേയും, സുരക്ഷാ ഉദ്യോഗസ്ഥരേയും വോട്ടര്‍മാരേയും ഭീതിയില്‍ ആഴ്ത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ഉള്ള തങ്ങളുടെ ആഹ്വാനം ചെവി കൊള്ളാതിരുന്നാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും എന്നാണ് ഇവരുടെ താക്കീത്. ഇരുന്നൂറ്റി അമ്പതോളം വരുന്ന നക്സലുകള്‍ കഴിഞ്ഞ ദിവസം അഞ്ഞൂറോളം പേര്‍ യാത്ര ചെയ്തിരുന്ന ഒരു പാസഞ്ചര്‍ തീവണ്ടി റാഞ്ച്ചി എടുത്തെങ്കിലും പിന്നീട് ആര്‍ക്കും അപായമില്ലാതെ ഇവരെ വിട്ടയച്ചു. ജയ്പൂര്‍, ഡല്‍ഹി, മുംബായ് എന്നിവിടങ്ങളില്‍ നടന്ന ഇസ്ലാമിക ഭീകരരുടെ ആക്രമണത്തിന്റെ ഭീഷണിയേക്കാള്‍ ഗുരുതരം ആയിരിക്കുന്നു ഇപ്പോള്‍ മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന ഭീഷണി.
1967ല്‍ വെസ്റ്റ് ബംഗാളില്‍ നടന്ന ആദ്യ നക്സല്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ 6,000 പേരോളം ഇതിനോടകം കൊല്ലപ്പെട്ടതായി പോലീസ് വെളിപ്പെടുത്തുന്നു. 650 പോലീസ് ഉദ്യോഗസ്ഥര്‍ ഇവരുടെ ആക്രമണത്തെ തുടര്‍ന്ന് ജീവന്‍ വെടിഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തീവ്രവാദം