ഭോപ്പാല്‍ : ഭോപ്പാല്‍ വിഷ വാതക ദുരന്ത കേസില്‍ ലഘുവായ ശിക്ഷയുമായി രക്ഷപ്പെട്ടവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന സിബിഐയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്ന് പ്രതിക്ഷേധ സൂചകമായി ഇന്നലെ ഭോപാലില്‍ കരിദിനം ആചരിച്ചു.
പുനഃപരിശോധനയ്ക്ക് ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐക്കു കഴിഞ്ഞില്ലെന്നു കോടതി പറഞ്ഞു. വിധി വന്നു 14 വര്‍ഷത്തിനു ശേഷമാണു സിബിഐയും സര്‍ക്കാരും കോടതിയെ സമീപിച്ചത്. ഈ കാലതാമസം ന്യായീകരിക്കാന്‍ കഴിയില്ല എന്നതായിരുന്നു കോടതി നിലപാട്.
”ഞങ്ങളുടെ പ്രതീക്ഷ മുഴുവന്‍ കോടതി വിധിയിലായിരുന്നു. എന്നാല്‍ സുപ്രീംകോടതി സംഭവത്തിന്റെ ഗൌരവസ്ഥിതി മനസിലാക്കാത്തതില്‍ ഞങ്ങള്‍ക്ക് നിരാശയുണ്ട്”, ദുരന്ത ബാധിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയിലെ അംഗമായ അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. യാതൊരു നീതിയോ നഷ്ടപരിഹാരമോ ദുരന്ത ബാധിതര്‍ക്ക് ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേസ് ഫയല്‍ ചെയ്യാന്‍ താമസം വരുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സുപ്രീം കോടതി കടുത്ത ശിക്ഷാവിധികള്‍ സ്വീകരിക്കും എന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നത് എന്ന് ജബ്ബാര്‍ പറയുന്നു. ഈ പശ്ചാത്തലത്തില്‍ ആണ് നീതിക്ക് വേണ്ടി കരിദിനം ആചരിച്ചത്.
- ലിജി അരുണ്‍