മൈസൂര്‍: മൈസൂര്‍ നഗരത്തില്‍ ഇറങ്ങിയ കാട്ടാനകളുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം. പുലര്‍ച്ചെയോടെ നാലാനകളുടെ സംഘം നഗരത്തില്‍ എത്തിയെങ്കിലും രണ്ടെണ്ണം മടങ്ങി പോയി. ഒരു കൊമ്പനും പിടിയും നഗരത്തില്‍ ഇറങ്ങി കണ്ണില്‍ കണ്ടതെല്ലാം കുത്തിമറിക്കുവാന്‍ തുടങ്ങി. എ.ടി.എം മെഷീനു സമീപം നില്‍ക്കുകയായിരുന്ന രേണുകാ പ്രസാദ് എന്ന ആളെ കൊമ്പന്‍ കുത്തിയും ചവിട്ടിയും കൊലപ്പെടുത്തി. ആളുകള്‍ ആനകള്‍ക്ക് നേരെ കല്ലും വടിയും എറിയുവാന്‍ തുടങ്ങിയതോടെ അവ കൂടുതല്‍ പ്രകോപിതരായി നഗരത്തിലൂടെ തലങ്ങും വിലങ്ങും ഓടി. ഇതിനിടയില്‍ ചില വളര്‍ത്തു മൃഗങ്ങളേയും ആനകള്‍ ആക്രമിച്ചു. ആനയുടെ ആക്രമണത്തില്‍ ഒരു പശു കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങളും ചില കടകളും ആനകളുടെ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.ജനങ്ങളോട് വീടിനു പുറത്തിറങ്ങരുതെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും വലിയ ജനക്കൂട്ടം ആനകള്‍ക്ക് പുറകെ കൂടി. അഞ്ചുമണിക്കൂറോളം നഗരത്തില്‍ ഭീതിവിതച്ച ആനകളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കു വെടി വെച്ച് ബന്ധിച്ചു. തുടര്‍ന്ന് അഞ്ച് താപ്പാനകളുടെ സഹായത്തോടെ ഇവയെ കാട്ടിലേക്ക് അയക്കുകയായിരുന്നു. നാട്ടിലിറങ്ങിയ കൊമ്പന് ഇരുപത് വയസ്സു പ്രായം വരും.
ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രേണുകാപ്രസാദിന്റെ കുടുമ്പത്തിന് കര്‍ണ്ണാടക മുഖ്യമന്ത്രി യദിയൂരപ്പ അഞ്ചു ലക്ഷം രൂപയും വനം മന്ത്രി സി.എച്ച്. വിജയശങ്കര്‍ മൂന്നര ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മൈസൂര്‍ കാടുകളില്‍ നിന്നും പതിനഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാകണം ആനകള്‍ നഗരത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. കാട്ടില്‍ ഭക്ഷണ ക്ഷാമം രൂക്ഷമായതാകാം ആനകള്‍ നാട്ടിലിറങ്ങുന്നത് പതിവായിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആന