മൈസൂര്‍: കാട്ടാന നാട്ടിലിറങ്ങി മൈസൂരിനെ ഒരു ദിവസം മുഴുവന്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. നര്സിപ്പുര്‍ വനത്തില്‍ നിന്നും പുറത്ത് കടന്ന നാല് കാട്ടാനകളില്‍ നഗരത്തിലെത്തിയ രണ്ട് കാട്ടാനകള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നാരായണശാസ്ത്രി റോഡിലെ മഹാരാഷ്ട്രാ ബാങ്ക് എ.ടി.എമ്മിലെ കാവല്‍ക്കാരനും പ്രദേശവാസിയുമായ രേണുക പ്രസാദാണ് (55) ആനയുടെ കുത്തേറ്റ് മരിച്ചത്. നിരവധി വാഹനങ്ങള്‍ക്കുനേരേ ആക്രമണം നടത്തിയ ആന വഴിയരികില്‍ നിന്ന ഒരു പശുവിനെയും ചവിട്ടികൊന്നു. നീണ്ട നേരത്തെ പരിശ്രമത്തിനുശേഷമാണ് ആക്രമണം നടത്തിയ കുട്ടിക്കൊമ്പനെവനംവകുപ്പ് മയക്കുവെടിവെച്ച് തളച്ചത്. ബാംഗ്ലൂര്‍ റോഡിനുസമീപം നായിഡു നഗറിലെ ഫാമിനുള്ളിലേക്ക് ഓടിക്കയറിയ രണ്ടാമത്തെ ആനയെ വൈകിട്ടോടെ താപ്പാനകളുടെ സഹായത്തോടെയും തളച്ചു. പരിക്കേറ്റ മൂന്നുപേര്‍ മൈസൂര്‍ കെ.ആര്‍. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ബുധനാഴ്ച രാവിലെ ആറ് മണിയോടെ നഗരമധ്യത്തിലെ ബാംബു ബസാറിനുസമീപമാണ് ഒരു പിടിയാനയെയും കുട്ടിക്കൊമ്പനെയും കണ്ടത്. മൈസൂരില്‍നിന്നു 35 കിലോമീറ്റര്‍ അകലെയുള്ള നര്‍സിപ്പുര്‍ വനത്തില്‍നിന്നു ബന്നൂര്‍ വഴിയാണ് ആനകള്‍ നഗരത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. ആനകളെക്കണ്ട് പരിഭ്രാന്തരായ ജനങ്ങള്‍ ബഹളംവെച്ചതിനെത്തുടര്‍ന്ന് കുട്ടിക്കൊമ്പന്‍ അക്രമാസക്തനാവുകയായിരുന്നു. ഇതിനിടെ കൂട്ടത്തില്‍നിന്ന് വേര്‍പിരിഞ്ഞ പിടിയാന മറ്റൊരു വഴിക്ക് ഓടി. നഗരവീഥികളില്‍ വിളയാടിയ കുട്ടിക്കൊമ്പന്‍ കണ്ണില്‍ക്കണ്ട വാഹനങ്ങളെല്ലാം ആക്രമിച്ചു. വാഹനങ്ങളിലെത്തിയ ചിലര്‍ ആനയെ കണ്ട് റോഡിന്റെ മധ്യത്തില്‍ വാഹനം നിര്‍ത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മൈസൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഓവല്‍ മൈതാനത്തും അവിടെനിന്നു ജെ.എസ്.എസ്. വനിതാ കോളേജ് പരിസരത്തും കയറിയ ആന അവിടെയുണ്ടായിരുന്ന വാഹനങ്ങള്‍ക്കും കോളേജ് കെട്ടിടത്തിനും കേടുപാടുകള്‍ വരുത്തി. പിന്നീട് നാരായണശാസ്ത്രി റോഡിലേക്ക് കടന്ന കൊമ്പന്‍ അവിടെവെച്ച് രേണുകാപ്രസാദിനെ കൊലപ്പെടുത്തുകയായിരുന്നു. ആന വരുന്നതുകണ്ട് എ.ടി.എമ്മിന്റെ ഷട്ടര്‍ താഴ്ത്താനുള്ള വെപ്രാളത്തില്‍ വീണുപോയ രേണുകാപ്രസാദിനെ ചവിട്ടിയ ആന നെഞ്ചിലേക്ക് രണ്ടുവട്ടം കൊമ്പുകള്‍ കുത്തിയിറക്കി. ഇയാളെ ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേ റോഡില്‍ത്തന്നെ നിന്ന പശുവിനെയും ആന കുത്തിമലര്‍ത്തുകയായിരുന്നു. ഈ രംഗങ്ങള്‍ കണ്ട് ഭയന്നോടിയവര്‍ക്കാണ് പരിക്കേറ്റത്. തുടര്‍ന്ന് സ്ഥലത്തെത്തിയ മയക്കുവെടി വിദഗ്ധര്‍ മൂന്നു റൗണ്ട് വെടിയുതിര്‍ത്തെങ്കിലും വെടികൊണ്ട ആന കൂടുതല്‍ അക്രമാസക്തനായി. തുടര്‍ന്ന് കുക്കരഹള്ളി തടാകത്തിനു സമീപമുള്ള ഡോബിഗട്ടിലെ കാടിനുള്ളിലേക്ക് കയറിയ ആനക്കുനേരേ രണ്ടു റൗണ്ട്കൂടി വെടിയുതിര്‍ത്തു. ഏറെ നേരത്തിനുശേഷം ഇവിടെ തളര്‍ന്നുവീണ കൊമ്പനെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് താപ്പാനകളുടെ സഹായത്തോടെ തളച്ചത്. കൂട്ടംവിട്ട് ഓടി നായിഡുനഗറിലെ അന്‍പതേക്കറോളം വരുന്ന ഫാമില്‍ കയറിയ പിടിയാനയെ വൈകിട്ട് അഞ്ചുമണിയോടെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് താപ്പാനകളുടെ സഹായത്തോടെ ഇതിനെയും തളച്ചു. ആക്രമണത്തില്‍ മരിച്ച രേണുകാപ്രസാദിന്റെ കുടുംബത്തിന് മുഖ്യമന്ത്രി യെദ്യൂരപ്പ അഞ്ചുലക്ഷം രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മകന് വനംവകുപ്പില്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ടി. നര്‍സിപ്പുര്‍ വനത്തില്‍നിന്നു നാല് ആനകള്‍ നഗരത്തെ ലക്ഷ്യമാക്കി നീങ്ങുന്നതായി ബന്നൂര്‍ നിവാസിയായ ഒരു ഗ്രാമീണന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും അധികൃതര്‍ ആനകളെ തടയാന്‍ നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. പിടികൂടപ്പെട്ട ആനകള്‍ക്കൊപ്പമെത്തിയ മറ്റു രണ്ടെണ്ണം എവിടെയാണെന്നുള്ള തിരച്ചിലിലാണ് അധികൃതര്‍.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം