ചെന്നൈ: താലികെട്ടുന്നതും പൂമാലയിടുന്നതുമായ മതാചാരങ്ങള്‍ സമൂഹത്തെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടിയാണെന്നും പ്രായപൂര്‍ത്തിയായ യുവാവും യുവതിയും തമ്മില്‍ ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ടെങ്കില്‍ അവരെ ഭാര്യാഭര്‍ത്താക്കന്മാരായി കണക്കാമെന്നും മദ്രാസ് ഹൈക്കോടതി. പരസ്പരം സമ്മതത്തോടെ ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അതിനു ശേഷം ഉള്ള കാര്യങ്ങളുടെ ഉത്തരവാദിത്വം അവര്‍ക്കാണെന്നും അഗ്നിക്ക് ചുറ്റും ഉള്ള വലം വെക്കലും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെ ഉള്ള വിവാഹാചാരങ്ങള്‍ ചില മതവിശ്വാസങ്ങളും സമൂഹത്തിന്റെ തൃപ്തിക്ക് വേണ്ടി ഉള്ളതാണെന്നും കോടതി അഭിപ്രായപ്പെട്ടു. 21 വയസ്സു പൂര്‍ത്തിയായ പുരുഷനും 18 വയസ്സ് പൂര്‍ത്തിയായ സ്ത്രീക്കും സ്വന്തം ഇഷ്ടപ്രകാരം ഇണയെ തിരഞ്ഞെടുക്കുന്നതിനു ഭരണഘടനാ പ്രകാരം അനുമതിയുണ്ട്.
1994 മുതല്‍ 1999 വരെ ഒരുമിച്ച് കഴിഞ്ഞിട്ട് പെട്ടെന്ന് ഒരു ദിവസം തന്നെയും കുട്ടികളേയും ഉപേക്ഷിച്ചു കടന്നു കളഞ്ഞ ഭര്‍ത്താവില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു മുസ്ലിം യുവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. താനും യുവതിയും തമ്മില്‍ വിവാഹം കഴിച്ചില്ലെന്ന യുവാവിന്റെ വാദം കോടതി നിരസിച്ചു. ഇരുവരും ഒരുമിച്ച് ഒരുവീട്ടില്‍ ഭാര്യാ ഭര്‍ത്താക്ക്ന്മാരായി താമസിച്ചിരുന്നെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി കണ്ടെത്തി.സിസേറിയന്‍ രേഖകളില്‍ ഈ യുവാവാണ് ഭര്‍ത്താവിന്റെ സ്ഥാനത്ത് ഒപ്പിട്ടിരിക്കുന്നതെന്നും അതിനാല്‍ ഇരുവരും തമ്മില്‍ വിവാഹ ബന്ധം ആണ് ഉള്ളതെന്നും കോടതി പറഞ്ഞു. കുട്ടികള്‍ക്ക് 500 രൂപ ചിലവിനു നല്‍ണമെന്നും വിവാഹം റജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആകില്ലെന്ന ട്രയല്‍ കോടതിയുടെ ഉത്തരവ് മദ്രാസ് ഹൈക്കോടതി തള്ളി.
- എസ്. കുമാര്‍