രത്നഗിരി : കനത്ത മഴയെ തുടര്‍ന്ന് തീവണ്ടി ഗതാഗതം മുടങ്ങി കൊങ്കണ്‍ റെയില്‍ പാതയില്‍ ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ തീവണ്ടി പാളം സംരക്ഷിക്കുന്ന ഒരു മതില്‍ തകര്‍ന്നത് 11 തീവണ്ടികളെ ബാധിച്ചതായി കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു. 4 വണ്ടികള്‍ റദ്ദ് ചെയ്തു. രണ്ടെണ്ണം പാതി വഴിയില്‍ നിര്‍ത്തലാക്കി. അഞ്ചു വണ്ടികള്‍ ഗതി മാറ്റി വിടേണ്ടി വന്നു.
തിരിച്ചു വിട്ട വണ്ടികളില്‍ തിരുവനന്തപുരം നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ്, കൊച്ചുവേളി ലോകമാന്യ തിലക് ടെര്‍മിനസ് മുംബൈ, കൊച്ചുവേളി ഡെഹറാഡൂണ്‍ മെയില്‍, എറണാകുളം പൂനെ എന്നീ തീവണ്ടികളും ഉള്‍പ്പെടും. മംഗലാപുരം ലോകമാന്യ തിലക് ടെര്‍മിനസ് പാസഞ്ചര്‍ റദ്ദ് ചെയ്ത വണ്ടികളില്‍ പെടുന്നു.
രത്നഗിരിയില്‍ പെട്ട് പോയ യാത്രക്കാരുടെ സൌകര്യാര്‍ത്ഥം ബസുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി 10722 എന്ന അടിയന്തിര സഹായ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
- ജെ.എസ്.