മാരുതിയുടെ മാനേസർ ഫാക്ടറിയിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 85 പേർക്ക് പരിക്കുണ്ട്. സംഘർഷത്തിന് മാനേജ്മെന്റും തൊഴിലാളികളും പരസ്പരം പഴി ചാരുന്നുവെങ്കിലും 100 തൊഴിലാളികളെയെങ്കിലും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫാക്ടറിയുടെ പ്രവർത്തനം അനിശ്ചിതകാലത്തേക്ക് നിലച്ചു. ആയിരത്തോളം പോലീസുകാരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. വധ ശ്രമം, മുതൽ നശിപ്പിക്കൽ എന്നീ കുറ്റം ചുമത്തി അൻപതോളം തൊഴിലാളികൾക്കെതിരെ പൊലീസ് കേസെടുത്തു.
ജോലി ചെയ്യുന്നതിനിടയിൽ സൂപ്പർവൈസറും ഒരു തൊഴിലാളിയും തമ്മിലുണ്ടായ തർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതു പിന്നീട് വ്യാപകമായ അക്രമത്തിലേക്കും തീ വെപ്പിലേക്കും എത്തി. തർക്കം തുടങ്ങിയ തൊഴിലാളിയെ സസ്പെൻഡ് ചെയ്തതോടെ പ്രശ്നം വഷളായി. മാനേജ്മെന്റ് യോഗം നടക്കുന്ന ഹാളിലേക്ക് തൊഴിലാളികൾ ഇരച്ചു കയറി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. ഫാക്ടറിയിൽ അഞ്ചിടങ്ങളിലായി തീ വെയ്ക്കുകയും ചെയ്തു എന്നാണ് പോലീസ് കേസ്.
- ജെ.എസ്.