മുംബൈ: ഓഹരിവിപണിയില്‍ തുടര്‍ച്ചയായി വന്‍ ഇടിവ് രേഖപ്പെടുത്തുമ്പോള്‍ സ്വര്‍ണ്ണ വില ചരിത്രം സൃഷ്ടിച്ചു കൊണ്ട് കുതിച്ചു കൊണ്ടിരിക്കുന്നു. സ്വര്‍ണ്ണവിലയില്‍ ഇന്ന് 880 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ചരിത്രത്തിലാദ്യമായി ഒരു പവന്‍ സ്വര്‍ണ്ണത്തിന് 19,000 രൂപ കടന്നു. 19,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ്ങില്‍ ഉണ്ടായ ഇടിവും അമേരിക്കയിലും യൂറോപ്പിലും തുടര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഇനിയും രൂക്ഷമാകും എന്ന സൂചനയുമാണ് ആഗോള തലത്തില്‍ തന്നെ ഓഹരിവിപണിയെ തകര്‍ത്തു കളഞ്ഞത്. ക്രൂഡോയിലിന്റെ വിലയിലും കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ഇടിവ് ഉണ്ടായിട്ടുണ്ട്. ഇതോടെ സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ നീക്ഷേപകര്‍ സ്വര്‍ണ്ണത്തെയാണ് തിരഞ്ഞെടുക്കുന്നത്.
അമേരിക്കന്‍ ഓഹരി വിപണിയെ പിന്‍ പറ്റി ഇന്ത്യന്‍ ഓഹരി വിപണിയിലും ശക്തമായ ഇടിവാണ് ഏതാനും ദിവസങ്ങളായി രേഖപ്പെടുത്തുന്നത്. ഇനിയും ഒരു സാമ്പത്തിക പ്രതിസന്ധി ഉണ്ടായാല്‍ പണം നഷ്ടപ്പെടുകയോ തല്‍ക്കാലം പിന്‍വലിക്കാന്‍ സാധിക്കാതെ വരികയോ ചെയ്യുമെന്ന് കരുതി നിക്ഷേപകര്‍ വന്‍ തോതില്‍ ഓഹരികള്‍ വിറ്റൊഴിവാക്കുകയാണ്. അമേരിക്കയിലും യൂറോപ്പിലുമുണ്ടായ സാമ്പത്തിക പ്രശ്നങ്ങള്‍ ഇന്ത്യയിലെ ഐ.ടി കമ്പനികളെയാണ് പ്രധാനമായും ബാധിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായി ഐ.ടി ഓഹരികളില്‍ വന്‍ ഇടിവാണ് ഉണ്ടായിരി ക്കുന്നത്. പല പ്രമുഖ ഐടി കമ്പനികളുടേയും വിലയില്‍ 4% ഇടിഞ്ഞു. റിയാലിറ്റി, മെറ്റല്‍, ബാങ്കിങ്ങ് തുടങ്ങിയ മേഘലയിലെ ഓഹരികളിലും ഇടിവുണ്ടായി. അതേ സമയം ക്രൂഡോയില്‍ വിലയിലുണ്ടായ ഇടിവ് ഇന്ത്യയിലെ എണ്ണക്കമ്പനികളുടെ ഓഹരികളുടെ വിലയെ ഉയര്‍ത്തിയിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമ്പത്തികം