ന്യൂഡല്‍ഹി: 2001 ഡിസംബര്‍ 13നു നടന്ന പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുഹമ്മദ് അഫ്‌സല്‍ഗുരുവിന്റെ ദയാഹര്‍ജി തള്ളണമെന്ന് ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തു. 2001-ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് 2004ലാണ് അഫ്‌സല്‍ഗുരുവിന് വധശിക്ഷ വിധിച്ചത്. വധശിക്ഷ 2006 ഒക്ടോബര്‍ 20നകം നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യ തബസും ദയാഹര്‍ജിയുമായി രാഷ്‌ട്രപതിയെ സമീപിക്കുകയായിരുന്നു.
ദയാഹര്‍ജി തള്ളണമെന്നും വധശിക്ഷ നടപ്പാക്കണമെന്നും ബി.ജെ.പി. ഏറെക്കാലമായി യു.പി.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു വരികയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം അറിയിച്ചു കൊണ്ട് കഴിഞ്ഞ ജൂലൈ 27ന് രാഷ്‌ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന് ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇന്നലെ പാര്‍ലമെന്റില്‍ അറിയിച്ചത്.
അതിനിടെ, 2000 ഡിസംബര്‍ 22നു ചെങ്കോട്ട ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ ലഷ്‌കര്‍-ഇ-തൊയ്‌ബ ഭീകരന്‍ മുഹമ്മദ് ആരിഫിന്റെ വധശിക്ഷ സുപ്രീം കോടതി ഇന്നലെ ശരിവച്ചു. ചെങ്കോട്ട ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഗൂഢലോചന, രാജ്യത്തിനെതിരായ യുദ്ധം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ആരിഫിനെതിരേ ചുമത്തിയിരുന്നത്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കോടതി, തീവ്രവാദം, പോലീസ് അതിക്രമം, മനുഷ്യാവകാശം, രാജ്യരക്ഷ