ന്യൂഡല്‍ഹി : കാശ്മീരിലെ സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിച്ച അരുന്ധതി റോയിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാന്‍ ഡല്‍ഹി പട്യാല ഹൌസ് കോടതിയിലെ മെട്രോപോളിറ്റന്‍ മജിസ്ട്രേട്ട് ഉത്തരവിട്ടു. ഇന്ത്യന്‍ പീനല്‍ കോഡിലെ 124 (A) (രാജ്യദ്രോഹം), 121 (ഇന്ത്യക്കെതിരെ യുദ്ധം), 153 (A), 153 (B) 295 (വിദ്വേഷം പ്രചരിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം അരുന്ധതിയ്ക്കെതിരെ ഡല്‍ഹി പോലീസിനോട് ജനുവരി ആറിന് മുന്‍പ് പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് കോടതി നിര്‍ദ്ദേശം. അരുന്ധതി റോയിക്കൊപ്പം ഹുറിയത്ത് കോണ്‍ഫ്രന്‍സ് നേതാവ് സയിദ് അലി ഷാ ഗിലാനി അടക്കം വേറെ അഞ്ചു പേര്‍ക്കെതിരെയും പോലീസിനെ കൊണ്ട് കേസെടുപ്പിക്കണം എന്ന് ആവശ്യപ്പെട്ട് സുശീല്‍ പണ്ഡിറ്റ് എന്നയാള്‍ സമര്‍പ്പിച്ച പരാതിയിന്മേലാണ് കോടതി നടപടി.
കാശ്മീര്‍ ചരിത്രപരമായി ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകം ആയിരുന്നില്ല എന്നും ഇത് ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണ് എന്നും അരുന്ധതി പറഞ്ഞതാണ് ഇന്ത്യാ വിരുദ്ധ പ്രസ്താവനയാണ് എന്ന പേരില്‍ വിവാദ വിഷയമായത്.
താന്‍ കാശ്മീരില്‍ സഞ്ചരിച്ച് അവിടത്തെ ജനങ്ങളുമായി സംവദിച്ചപ്പോള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി തനിക്ക് ബോദ്ധ്യപ്പെട്ടതായി അരുന്ധതി റോയ് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയില്‍ നിന്നും തങ്ങള്‍ക്ക് നീതി ലഭിക്കില്ല എന്ന് വേദനയോടെയും രോഷത്തോടെയും പറയുന്ന അവിടത്തെ ജനത്തിന് സ്വാതന്ത്ര്യം മാത്രമായിരുന്നു നീതി ലഭിക്കാനുള്ള പ്രതീക്ഷ.
ഷോപ്പിയാനില്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ട ആസിയ യുടെയും നിലോഫറിന്റെയും ബന്ധുക്കള്‍ കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചപ്പോള്‍ ഇവരുടെ ഇടയില്‍ നിന്നും പിടിച്ചെടുത്ത കുട്ടികളുടെ കൈ വിരലുകളിലെ നഖങ്ങള്‍ കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ച് പോലീസ് പിഴുതെടുത്തത് താന്‍ കണ്ടതായി അരുന്ധതി പറഞ്ഞിരുന്നു.
വര്‍ഗ്ഗീയ കൊലപാതകികളും, കൂട്ട ക്കൊലയാളികളും, കോര്‍പ്പോറേറ്റ് ഭീകരരും, അക്രമികളും, ബാലാല്‍സംഗികളും, പട്ടിണി പാവങ്ങളെ വേട്ടയാടി അഴിഞ്ഞാടുന്നവരും സ്വൈര്യ വിഹാരം നടത്തുമ്പോള്‍, നീതി ചോദിക്കുന്നവരുടെ കൈ നഖങ്ങള്‍ പറിച്ച് എടുക്കേണ്ട ഗതികേടിലാണ് ഇന്ന് രാഷ്ട്രമെങ്കില്‍, അതിനെതിരെ ശബ്ദിക്കുന്ന എഴുത്തുകാരെ തടവില്‍ ആക്കുന്നതാണ് രാഷ്ട്ര നീതിയെങ്കില്‍, തനിക്ക് ആ രാഷ്ട്രത്തോട് സഹതാപമുണ്ട് എന്ന് അരുന്ധതി റോയ് അന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കോടതി, തീവ്രവാദം, നിയമം, പീഡനം, പോലീസ് അതിക്രമം, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം