ബെംഗളൂരു : ചന്ദ്രനില്‍ ഇറങ്ങിയ ചന്ദ്രയാന്‍-3 നടത്തിയ ആദ്യ പരിശോധനാ ഫലം ഐ. എസ്. ആര്‍. ഓ. പുറത്തു വിട്ടു. ദക്ഷിണ ധ്രുവത്തിലെ താപ നില സംബന്ധിച്ച വിവരങ്ങളാണ് ഇത്.
ചന്ദ്രനിലെ താപ വ്യതിയാനം നിരീക്ഷിക്കുവാന്‍ വേണ്ടി വിക്രം ലാന്‍ഡറില്‍ സ്ഥാപിച്ച ചന്ദ്രാസ് സര്‍ഫസ് തെര്‍മോ ഫിസിക്കല്‍ എക്സ്പിരിമെന്‍റ് (ചാസ്തേ-ChaSTE) നടത്തിയ ആദ്യ നിരീക്ഷണ ഫലങ്ങളാണ് ഇത്.
ചാസ്തേയുടെ പ്രധാന ഉദ്ദേശ്യം ഉപഗ്രഹത്തിലെ മണ്ണിന്‍റെ താപനില പഠിക്കുക എന്നതാണ്. പത്ത് സെന്‍സറുകള്‍ അടങ്ങുന്ന ദണ്ഡിന്‍റെ രൂപത്തിലുള്ള ഉപകരണമാണ് ഇത്. ചാസ്തേയുടെ സെന്‍സറുകള്‍ ചന്ദ്രോപരിതലത്തില്‍ താഴ്ത്തിയാണ് താപ നിലയിലെ വ്യത്യാസം അളക്കുന്നത്.
മേൽ തട്ടിൽ ചൂട് 60 ഡിഗ്രി വരെ എന്നും 8 സെന്‍റി മീറ്റർ ആഴത്തിൽ മൈനസ് 10 താപ നില എന്നുമുള്ള ആദ്യ ഘട്ട വിവരങ്ങളാണ് പുറത്തു വിട്ടത്.
ചന്ദ്രോപരിതലത്തിലെ താപനില ക്രമാതീതമായി കൂടുകയും കുറയുകയും ചെയ്യാറുണ്ട്. താപനിലയിലെ വ്യത്യാസവും ചന്ദ്രോപരിതലത്തിന്‍റെ താപ പ്രതി രോധ ശേഷിയും പഠിക്കുവാന്‍ ചാസ്തേ ശേഖരിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാകും.
റോവറിന്‍റെ സഞ്ചാര പാതയില്‍ മൂന്നു മീറ്റര്‍ മുന്നിലായി നാലു മീറ്റര്‍ വ്യാസമുള്ള ഒരു ഗര്‍ത്തം കണ്ടെത്തിയിട്ടുണ്ട്. ആഗസ്റ്റ് 23 ന് സോഫ്റ്റ് ലാന്‍ഡ് ചെയ്തതിന് ശേഷം ലാന്‍ഡറില്‍ നിന്ന് റോവര്‍ പുറത്തിറങ്ങി സഞ്ചാരം തുടങ്ങിയ ദൃശ്യങ്ങളും ഐ. എസ്. ആര്‍. ഓ. പുറത്തു വിട്ടിരുന്നു.
- -Image Credit : ISRO – Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: isro, അന്താരാഷ്ട്രം, ഇന്ത്യ, വിമാനം, വ്യവസായം, ശാസ്ത്രം, സാങ്കേതികം