ചരിത്ര പ്രാധാന്യമുള്ള കുവൈത്ത് പ്രധാന മന്ത്രിയുടെ ഇറാഖ് സന്ദര്‍ശനം ഈയാഴ്ച്ച നടന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്ത് പ്രധാന മന്ത്രി ഷേഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബയും ഇറാഖ് പ്രധാന മന്ത്രി നൂറി അല്‍ മാലിക്കിയും തമ്മിലായിരിക്കും ചര്‍ച്ച.
1990 ലെ ഇറാഖിന്‍റെ കുവൈത്ത് അധിനിവേശത്തിന് ശേഷം നടക്കുന്ന ആദ്യ ഉന്നത തല ചര്‍ച്ചയാണിത്. ഇറാഖ് കുവൈത്തിന് നല്‍കേണ്ട നഷ്ട പരിഹാരം, അതിര്‍ത്തി തര്‍ക്കം എന്നിവ ചര്‍ച്ചാ വിഷയമാകും. ഇറാഖിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ഷേഖ് സബ ചര്‍ച്ച നടത്തും. യുദ്ധത്തിന്‍റെ നഷ്ട പരിഹാരമായി നല്‍കുന്ന എണ്ണയുടെ അളവില്‍ ഇളവ് വരുത്താന്‍ ഇറാഖ് കുവൈത്തിനോട് ആവശ്യപ്പെടുമെന്നും അറിയുന്നു. എന്നാല്‍ നഷ്ട പരിഹാരം സംബന്ധിച്ച എല്ലാ കാര്യവും ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാം എന്ന നിലപാടാണ് കുവൈത്തിന്‍റേത്.
അതേ സമയം, ഇറാഖ് കുവൈത്തിന് നല്‍കാനുള്ള നഷ്ട പരിഹാരത്തില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇറാഖി ധനകാര്യ മന്ത്രി ബയാന്‍ ജബര്‍ സോലാഗ് കുവൈത്തിലെത്തി. കുവൈത്തിന് നല്‍കാനുള്ള കടവും നഷ്ട പരിഹാരവും സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ ഇദേഹം നടത്തും.
ഇറാഖിന്‍റെ എണ്ണ വരുമാനത്തിന്‍റെ അഞ്ച് ശതമാനം ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗണ്‍സിലന്‍റെ ഫണ്ടിലേക്ക് നല്‍കണമെന്നാണ് നിലവിലെ വ്യവസ്ഥ. ഇതില്‍ ഇളവ് നല്‍കണമന്ന് ഇറാഖ് കഴിഞ്ഞ ഏപ്രിലില്‍ ആവശ്യപ്പെട്ടിരുന്നു.
- ജെ.എസ്.