ന്യൂഡല്‍ഹി: ഫോട്ടോഗ്രാഫി ഇസ്ലാമിക വിരുദ്ധവും തിന്മയുമാണെന്നും മുസ്ലിം മത വിശ്വാസികള്‍ ചിത്രം പകര്‍ത്തുവാന്‍ പാടില്ലെന്നും ഇന്ത്യയിലെ പ്രമുഖ മുസ്ലിം മത പഠന കേന്ദ്രമായ ദാറുല്‍ ഉലൂം ദേവ്ബന്ദിന്റെ ഫത്‌വ. ദാറുല്‍ ഉലൂ ദേവ് ബന്ദിന്റെ വൈസ് ചാന്‍സിലര്‍ മുഫ്തി അബ്ദുള്‍ ഖാസിം നുമാനിയാണ് ഇത് സംബന്ധിച്ച് ഫത്‌വ ഇറക്കിയത്. ഫോട്ടോ ഗ്രാഫി തൊഴില്‍ ആയി സ്വീകരിക്കാമോ എന്ന ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക ശരീയത്തിന്റെ അടിസ്ഥാനത്തില്‍ ഫോട്ടോ ഗ്രാഫി ഇസ്ലാമിക നിയമത്തിനു വിരുദ്ധമാണെന്നും അതിനാല്‍ മറ്റു തൊഴില്‍ തേടുന്നത് ഉചിതമാണെന്നും മുഫ്തി അബ്ദുള്‍ ഖാസിം പറഞ്ഞു. പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയ്ക്ക് അല്ലാതെ വിവാഹം വീഡിയോയില്‍ പകര്‍ത്തുന്നതിനോ വരും തലമുറയ്ക്കായി ചിത്രങ്ങള്‍ പകര്‍ത്തുന്നത് ഇസ്ലാം അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കി. സൌധിയില്‍ ഫോട്ടോ ഗ്രാഫി അനുവദിക്കുന്നുണ്ടല്ലോ എന്ന
ചോദ്യത്തിനു അവര്‍ അതു ചെയ്യുന്നുണ്ടെങ്കിലും അതിനെ “അനുവദിക്കുന്നില്ല” എന്നാണ് മറുപടി നല്‍കിയത്.
മനുഷ്യരേയും മൃഗങ്ങളേയും ചിത്രീകരിക്കുന്നത് ഇസ്ലാം വിലക്കുന്നതായും അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ദൈവത്തോട് മറുപറയേണ്ടിവരുമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം മുഫ്തി ഇര്‍ഫാന്‍ ഖാദ്രി റസാഖി പറഞ്ഞു.
ശിഷാ വിഭാഗം ഇതിനു വിരുദ്ധമായ നിലപാടുമായി രംഗത്തെത്തി. ശിയാ ചാന്ദ് കമ്മറ്റി പ്രസിഡണ്ട് മുഫ്തി സൈഫ് അബ്ബാസ് പറയുന്നത് ഫോട്ടോ ഗ്രാഫി അനുവദനീയമാണെന്നാണ്. മുസ്ലിം ചാനലുകള്‍ ഹജ്ജ്, നമസ്കാരം എന്നിവ സംപ്രേക്ഷണം ചെയ്യുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
- എസ്. കുമാര്‍