അമേഠി: അമേഠിയില്‍ സന്ദര്‍ശനത്തിനെത്തിയ എ. ഐ. സി. സി. സെക്രട്ടറിയും സ്ഥലം എം. പി. യുമായ രാഹുല്‍ ഗാന്ധിക്കെതിരെ ഗ്രാമീണരും വിദ്യാര്‍ഥിനികളും കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. മണ്ഡലത്തില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തി നെത്തിയതായിരുന്നു രാഹുല്‍. കോളേജിലെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു പെണ്‍കുട്ടികള്‍ കരിങ്കൊടി പ്രകടനം നടത്തിയത്. വെള്ളിയാഴ്ച രാഹുല്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൌസിനു മുമ്പില്‍ തടിച്ചു കൂടിയ ഗ്രാമീണര്‍ അമേഠിയില്‍ നിന്നും രാഹുല്‍ ഉടന്‍ മടങ്ങി പോകണമെന്ന് ആവശ്യപ്പെട്ടു. അവരെ അനുനയിപ്പിക്കുവാന്‍ രാഹുല്‍ ചര്‍ച്ചക്ക് തയ്യാറായി.
അമേഠിയും തൊട്ടടുത്ത റായ്ബറേലിയും പതിറ്റാണ്ടുകളായി നെഹ്രു കുടുബത്തിന്റെ കുത്തകയാണ്. ഇന്ദിരാ ഗാന്ധിയും, രാജീവ് ഗാന്ധിയും, സോണിയാ ഗാന്ധിയും, രാഹുല്‍ ഗാന്ധിയുമെല്ലാം ഈ മണ്ഡലങ്ങളില്‍ നിന്നുമാണ് മത്സരിച്ച് ജയിക്കാറുള്ളത്. എന്നാല്‍ പ്രധാന മന്ത്രി പദം ഉള്‍പ്പെടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവികളില്‍ എത്തിയിട്ടും ഈ രണ്ടു മണ്ഡലങ്ങളിലും കാര്യമായ വികസനം ഇല്ലെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. ഭാവി പ്രധാനമന്ത്രിയായി കോണ്‍ഗ്രസ്സ് ഉയര്‍ത്തിക്കാട്ടുന്ന രാഹുലിന്റെ പ്രതിച്ഛായക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിനുണ്ടായ ഈ അനുഭവം. സ്വന്തം മണ്ഡലത്തില്‍ പോലും തിരസ്കൃതനായി ക്കൊണ്ടിരിക്കുന്ന രാഹുല്‍ എങ്ങിനെ വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ നയിക്കും എന്ന ചോദ്യം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ നേരിട്ട് കോണ്‍ഗ്രസ്സിന്റെ പ്രചാരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടും അമേഠിയില്‍ രണ്ടു മണ്ഡലത്തില്‍ മാത്രമേ വിജയിക്കുവാന്‍ ആയുള്ളൂ. റായ്‌ബറേലിയില്‍ ആകട്ടേ ഒറ്റ സീറ്റു പോലും നേടാനായില്ല. അഴിമതിയും വിലക്കയറ്റവുമായി മുന്നോട്ടു പോകുന്ന യു. പി. എ. സര്‍ക്കാറിന്റെ പ്രതിച്ഛായ അനുദിനം വഷളായി ക്കൊണ്ടിരിക്കുകയാണ്. മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന സര്‍ക്കാറിനെതിരെ ജനങ്ങളുടെ പ്രതിഷേധം രാജ്യമെങ്ങും ഉയര്‍ന്നു കഴിഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍