ന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയില്‍ ബോംബും കൊണ്ട് പ്രവേശിച്ചു എന്ന ഒരു ഓസ്ട്രേലിയന്‍ പത്ര പ്രവര്‍ത്തകന്റെ അവകാശ വാദം തട്ടിപ്പാണെന്ന് തെളിയുന്നു. ചാനല്‍ സെവെന്‍ എന്ന ചാനലിന്റെ റിപ്പോട്ടര്‍ ആയ മൈക്ക് ഡഫിയാണ് താന്‍ ഒരു വലിയ സൂട്ട്കേസ് നിറയെ സ്ഫോടക വസ്തുക്കളുമായി ഒരു പോലീസുകാരനാലും പരിശോധിക്കപ്പെടാതെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പ്രവേശന കവാടത്തിലൂടെ അകത്തു കടന്നു എന്ന് അവകാശപ്പെട്ടത്. എന്നാല്‍ ഇയാള്‍ ഒട്ടേറെ വീഡിയോ രംഗങ്ങള്‍ സമര്‍ത്ഥമായി കോര്‍ത്തിണക്കി വ്യാജമായ വാര്‍ത്ത സൃഷ്ടിക്കുകയാണ് ചെയ്തത് എന്ന് ഓസ്ട്രേലിയന്‍ ബ്രോഡ്‌കാസ്റ്റിംഗ് കൊര്‍പ്പോറെയ്ഷന്‍ തങ്ങളുടെ വെബ് സൈറ്റിലൂടെ അറിയിച്ചു.
ഇയാള്‍ കൊണ്ട് പോയ പെട്ടിയില്‍ സ്ഫോടക വസ്തുക്കള്‍ ഇല്ലായിരുന്നു. സ്ഫോടക വസ്തുക്കള്‍ ഇട്ടു കൊണ്ട് പോകാവുന്ന പെട്ടി എന്നാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിദഗ്ദ്ധമായി വാക്കുകള്‍ ഉപയോഗിച്ച് ഇയാള്‍ ലോകത്തെ കബളിപ്പിക്കുകയായിരുന്നു. മാത്രമല്ല ഇയാള്‍ പരിശോധന ഇല്ലാതെ പോലീസ് സുരക്ഷ ഭേദിച്ച് അകത്തു കയറി എന്ന് പറയുന്നത് ഗതാഗതം നിയന്ത്രിക്കാനായി റോഡില്‍ വെച്ച പോലീസ് അതിര്‍ത്തി മാത്രമായിരുന്നു എന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇതിലൂടെ ആര്‍ക്കും പരിശോധന ഇല്ലാതെ കടക്കുവാന്‍ കഴിയും. ഇവിടെ നിന്നും ഏറെ അകലെയാണ് ഗെയിംസ് വേദിയിലേക്കുള്ള പ്രവേശന കവാടം.
വീണ്ടും ഒട്ടേറെ കൃത്രിമത്വങ്ങള്‍ വീഡിയോയില്‍ എഡിറ്റിംഗ് വഴി ചെയ്തിട്ടുണ്ട് എന്നും വെബ്സൈറ്റില്‍ ലഭ്യമായ വീഡിയോ വ്യക്തമാക്കുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, തട്ടിപ്പ്, വിവാദം