ലഖ്‌നൗ : അയോധ്യയിലെ വിവാദ ഭൂമി സംബന്ധിച്ച് ആറു ദശകത്തോളം നീണ്ട നിയമ പോരാട്ടത്തിനും കാത്തിരിപ്പിനും ശേഷം കോടതി വിധി പുറത്തു വന്നു. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ചിന്റെ വിധിയനുസരിച്ച് തര്‍ക്ക ഭൂമി മൂന്നു തുല്യ ഭാഗങ്ങളായി തിരിക്കും. ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും കൂടാതെ ഒരു ഭാഗം സന്യാസി സംഘമായ നിര്‍മോഹി അഖാരയ്ക്കും ആയിരിക്കും നല്‍കുക. ഇതിനായി മൂന്നു മാസത്തിനകം സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നും ഉത്തരവില്‍ പറയുന്നു. ഭൂമി വിഭജിക്കും വരെ തത്സ്ഥിതി തുടരും. ഭൂമിയുടെ പൂര്‍ണ്ണാവകാശം തങ്ങള്‍ക്ക് നല്‍കണം എന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ഹര്‍ജി കോടതി തള്ളി. വിഗ്രഹം ഇരിക്കുന്ന സ്ഥലം രാമ ജന്മ ഭൂമിയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസില്‍ വിധി പ്രഖ്യാപിച്ച ബെഞ്ചില്‍ മൂന്നു ജഡ്മിമാര്‍ ആണ് ഉണ്ടായിരുന്നത്.
കേസില്‍ വ്യത്യസ്ഥമായ ചില നിരീക്ഷണങ്ങള്‍ ജഡ്ജിമാരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. തര്‍ക്ക ഭൂമി ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ശര്‍മയുടെ വിധിയില്‍ പറയുന്നു. നിലവില്‍ ഉണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് ബാബര്‍ അവിടെ ക്ഷേത്രം പണിഞ്ഞതെന്നും, ഇസ്ലാമിക തത്വങ്ങള്‍ക്ക് വിരുദ്ധമായി നിര്‍മ്മിച്ച മസ്ജിദ് മുസ്ലീം ദേവാലയമായി കാണക്കാക്കുവാന്‍ പറ്റില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തര്‍ക്ക ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് എന്നു മൂതല്‍ എന്ന് ഇരു കക്ഷികള്‍ക്കും തെളിയിക്കുവാന്‍ ആകാത്തതിനാല്‍ തുല്യമായ ഉടമസ്ഥാവകാശം ആണെന്ന് ജഡ്ജിമാരില്‍ ഒരാളായ ഖാന്‍ വിധിയില്‍ അഭിപ്രയപ്പെട്ടു. തര്‍ക്ക സ്ഥാനത്ത് ഇപ്പോള്‍ താല്‍ക്കാലിക വിഗ്രഹം ഇരിക്കുന്നിടമാണ് ശ്രീരാമന്റെ ജന്മ സ്ഥലം എന്ന് ഹിന്ദുക്കളില്‍ പലരും വിശ്വസിക്കുന്നു. ഈ ഭാഗം ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി. കാലങ്ങളായി അവിടെ നിലനിന്നിരുന്ന ക്ഷേത്രാവ ശിഷ്ടങ്ങള്‍ക്ക് മീതെയാണ് പള്ളി പണിതതെന്നാണ് ജസ്റ്റിസ് ഖാന്റെ നിരീക്ഷണം.
വിധിയനുസരിച്ച് തര്‍ക്ക മന്ദിരത്തിന്റെ മധ്യത്തിലെ താഴികക്കുടം നിലനിന്നി രുന്നതിന്റെ കീഴെ ഉള്ള പ്രദേശം ഹിന്ദു മഹാസഭയ്ക്കും, തര്‍ക്കഭൂയില്‍ ഉള്ള രാം ഛബൂത്ര, സീതാ രസോയ് എന്നിങ്ങനെ വിളിക്കപ്പെടുന്ന സ്ഥലം നിര്‍മോഹി അഖാഡയ്ക്കും ലഭിക്കും. വിധിക്കെതിരെ സുന്നി വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കും എന്ന് വ്യക്തമാക്കി. വിധിയെ സംഘ പരിവാര്‍ പൊതുവില്‍ സ്വാഗതം ചെയ്തു. ആരുടേയും വിജയമോ പരാജയമോ ആയി കരുതെണ്ടതില്ലെന്ന് ആര്‍. എസ്. എസ്. സര്‍ സംഘ ചാലക് മോഹന്‍ ഭഗത് വ്യക്തമാക്കി. സംയമനത്തോടെ വിധിയെ സമീപിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, കോടതി, മതം, വിവാദം