മീററ്റ്: ആന വിലയെന്ന് പറയുന്നത് നിര്‍ത്തി ഇനി പോത്തിന്റെ വിലയെന്ന് പറയാം. കാരണം മീററ്റില്‍ നിന്നുള്ള ഒരു പോത്തിന്റെ മോഹവില കേട്ടാല്‍ കൊമ്പന്മാരിലെ മെഗാ താരങ്ങളായ തെച്ചിക്കോട്ടുകാവു രാമചന്ദ്രനും, പാമ്പാടി രാജനും ഒക്കെ തല കുനിച്ചതു തന്നെ. അഞ്ചു കോടി വരെ മോഹവിലയുള്ള പത്തടിക്കാരായ തലയെടുപ്പുള്ള കൊമ്പന്മാരെ അഞ്ചടി ഒമ്പതിഞ്ച് പൊക്കമുള്ള യുവരാജ് എന്ന പോത്ത് കടത്തി വെട്ടിക്കളഞ്ഞു. മീററ്റില്‍ നടന്ന അന്തര്‍ദേശീയ കന്നുകാലി മേളയില്‍ ഒരാള്‍ യുവരാജിനു മോഹവിലയായി പറഞ്ഞത് ഏഴു കോടിയാണ്. വടക്കേ ഇന്ത്യയില്‍ ആനക്ക് പരമാവധി ഒരു എഴുപത്തഞ്ച് ലക്ഷത്തില്‍ താഴെ മാത്രം വിലയുള്ളപ്പോള്‍ പോത്തിനു ഏഴു കോടിയെന്ന് കേട്ടാല്‍ ആരും ഞെട്ടും. കയ്യോടെ വില്പനയ്ക്ക് തയ്യാറാകുന്ന ഉടമകളും ഉണ്ടായേക്കാം. എന്നാല്‍ ആരും വീണു പോകുന്ന മോഹവില കേട്ടിട്ടും യുവരാജിന്റെ ഉടമ അതില്‍ വീണില്ല. തന്റെ മകനെ പോലെയാണ് ഇവനെ സ്നേഹിക്കുന്നതെന്ന് പറഞ്ഞ് ഉടമയായ കരം വീര്‍ സിംഗ് ആ വാഗ്ദാനത്തെ സ്നേഹപൂര്‍വ്വം തള്ളി.
14 അടി നീളവും അഞ്ചടി ഒമ്പതിഞ്ച് പൊക്കവുമുള്ള ഈ എണ്ണക്കറുമ്പന്‍ പേരു പോലെ തന്നെ മീററ്റിലെ കന്നുകാലി മേളയിലെ യുവരാജാവു തന്നെയായി. ചാമ്പ്യന്‍ പട്ടം നേടിയ ഇവന്‍ ജൂറി അംഗങ്ങളുടെയും കാഴ്ചക്കാരുടെ പ്രശംസ പിടിച്ചു പറ്റി. ഇത്തരം മേളകളും ഒപ്പം ഉന്നത പ്രത്യുല്പാദന ശേഷിയുള്ള ഇവന്റെ ബീജവുമാണ് ഉടമയുടെ വരുമാന സ്രോതസ്സ്. വര്‍ഷത്തില്‍ അമ്പത് ലക്ഷത്തിലധികം തുകയാണ് ഉടമ ഇവനില്‍ നിന്നും ഉണ്ടാക്കുന്നത്. വരുമാനത്തിനൊത്ത പോറ്റാനുള്ള ചിലവും ഇവനുണ്ട്. 15 കിലോ മുന്തിയ ഇനം കാലിത്തീറ്റയും ഇരുപത് ലിറ്റര്‍ പാലും അഞ്ച് കിലോ ആപ്പിളും തുടങ്ങി ഇവന്റെ ഭക്ഷണ ചിലവ് പ്രതിദിനം ഇരുപതിനായിരത്തിനു മുകളിലാണ്. കൃത്യമായ വ്യായാമവും ആരോഗ്യ പരിശോധനയും യുവരാജിനു നല്‍കുന്നുണ്ട്. ദിവസവും നാലു കിലോമീറ്റര്‍ നടത്തുകയും ചെയ്യും.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കൃഷി, ബഹുമതി, സാമ്പത്തികം