തോക്കുമായി ബസില്‍ കയറി ഭീഷണി ഉയര്‍ത്തിയ ബീഹാറി യുവാവിനെ മഹാരാഷ്ട്ര പോലീസ് വെടി വെച്ചു കൊന്നു. ഇരുപത്തി ഏഴു കാരനായ രാഹുല്‍ രാജ് എന്ന യുവാവാണ് പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ടിക്കറ്റെടുക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ അക്രമാസക്തനായത്. കണ്ടക്ടറെ ഇരുമ്പ് ചങ്ങല കൊണ്ട് ആക്രമിക്കുകയും കഴുത്തില്‍ ചങ്ങല മുറുക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ ബസ് പോലീസ് സ്റ്റേഷനിലേയ്ക്ക് തിരിച്ചു വിട്ടു. പോലീസ് ബസ് വളയുകയും ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇയാള്‍ “ജയ് ബീഹാര്‍, ജയ് പാട്ട്ന” എന്നൊക്കെ മുദ്രാവാക്യങ്ങള്‍ വിളിയ്ക്കുകയും തന്റെ കൈയ്യിലുള്ള നാടന്‍ തോക്ക് കൊണ്ട് വെടി ഉതിര്‍ക്കുകയുമാണ് ഉണ്ടായത്. വെടി വെയ്പ്പില്‍ കണ്ടക്ടര്‍ക്കും ഒരു യാത്രക്കാരനും പരിക്കേറ്റു. ഇതിനെ തുടര്‍ന്ന് പോലീസും വെടി വെപ്പ് ആരംഭിച്ചു. പോലീസിന്റെ വെടിയേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചതായി ഡോക്ടര്‍മാര്‍ പ്രഖ്യാപിയ്ക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്ത ചില കറന്‍സി നോട്ടുകളില്‍ ഇയാള്‍ തനിയ്ക്ക് പോലീസ് കമ്മീഷണറെ കാണണമെന്നും രാജ് താക്കറെയെ വധിയ്ക്കണം എന്നും എഴുതി വെച്ചിരുന്നതായി പോലീസ് അറിയിച്ചു.
- ജെ.എസ്.