വേദന സംഹാരികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് മൂലം ഇന്ത്യയില്‍ രോഗികള്‍ വേദന തിന്നു കഴിയുകയാണ് എന്ന അന്താരാഷ്ട്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് ശരിയല്ലെന്ന് കേരളത്തിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട പല ക്യാന്‍സര്‍ സെന്ററുകളിലും രോഗികള്‍ക്ക് മോര്‍ഫിന്‍ നല്‍കുന്നില്ല എന്നും ഇവിടങ്ങളില്‍ ഇത് നല്‍കാന്‍ പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാര്‍ ഇല്ലാത്തതും, മരുന്നുകളുടെ നിയന്ത്രണവും, ലഭ്യത ഇല്ലായ്മയുമാണ് ഇതിന്റെ കാരണം എന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഇന്നലെ ദില്ലിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എന്നാല്‍ മരുന്നുകള്‍ ആവശ്യത്തിനു ലഭ്യമാണ് എന്നാണ് കേരളത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സെന്ററുകളിലെ ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ മോര്‍ഫിന്റെ ഉപയോഗം നിയന്ത്രിക്കേണ്ടത് ആവശ്യമാണ് എന്നതിനാല്‍, ടെര്‍മിനല്‍ സ്റ്റേജില്‍ ഉള്ള രോഗികള്‍ക്കും, കഠിന വേദന അനുഭവിക്കുന്ന രോഗികള്‍ക്കും മാത്രമേ ഇത് നല്‍കുകയുള്ളൂ. ചെറിയ വേദന മാത്രമുള്ള രോഗികള്‍ക്ക് മോര്‍ഫിന്‍ നല്‍കുന്ന പക്ഷം അവര്‍ ഇതിന് അടിമപ്പെടാന്‍ സാധ്യത് ഉള്ളതിനാലാണ് നല്‍കാത്തത്. എന്നാല്‍ തങ്ങളുടെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ വേദന സംഹാരികള്‍ നല്‍കാന്‍ സര്‍ക്കാര്‍ വക നിയന്ത്രണം ഒന്നും നിലവിലില്ല എന്ന് ഇവര്‍ വ്യക്തമാക്കി.
മോര്‍ഫിന്‍ ഉണ്ടാക്കുന്നതിന് ആവശ്യമായ ഓപിയം (കറുപ്പ്) നിയമാനുസൃതമായി ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇതിന്റെ ഭൂരിഭാഗവും കയറ്റുമതി ചെയ്യുന്നത് കൊണ്ടാണ് ഇന്ത്യയിലെ ആയിരക്കണക്കിന് ആളുകള്‍ അനാവശ്യമായി വേദന അനുഭവിക്കുന്നത് എന്ന് ഈ റിപ്പോര്‍ട്ട് ആരോപിക്കുന്നു.
വേദനയുടെ ചികിത്സ ഒരു മനുഷ്യാവകാശമാണ്. മോര്‍ഫിന്‍ അടക്കമുള്ള അവശ്യ മരുന്നുകള്‍ ലഭ്യമാക്കുകയും ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പരിശീലനം ലഭ്യമാക്കുകയും ചെയ്യുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. പ്രശ്നത്തിന്റെ കാഠിന്യവും ആധിക്യവും, എളുപ്പമായ പരിഹാരവും കണക്കിലെടുക്കുമ്പോള്‍ ക്യാന്‍സര്‍ ആശുപത്രികളില്‍ വേദന ചികിത്സിക്കാതിരിക്കുന്നത് ക്രൂരമായ പീഡനവും മനുഷ്യത്വമില്ലായ്മയുമാണ്. വേദന ചികിത്സയുടെ നിഷേധം വഴി ഇന്ത്യന്‍ സര്‍ക്കാര്‍ ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശമാണ് നിഷേധിക്കുന്നത് എന്നും ഈ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം