മുംബൈ: പ്രമുഖ ഇന്ത്യന്‍ ആണവശാസ്ത്രഞ്ജന്‍ ഡോ. പി. കെ. അയ്യങ്കാര്‍ (80) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്നലെ ഉച്ചക്ക് മൂന്നരയോടെ ആയിരുന്നു അന്ത്യം. മലയാളിയായ ഡോ. അയ്യങ്കാര്‍ ഇന്ത്യന്‍ ആണവോര്‍ജ്ജ വകുപ്പിന്റെ മുന്‍ സെക്രട്ടറിയായും ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ മുന്‍ ഡയറക്ടറുമായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. തന്റെ പ്രവര്‍ത്തന മേഘലയിലെ മികവുകള്‍ക്ക് 1975-ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷന്‍ നല്‍കി ആദരിച്ചു. ഇന്ത്യന്‍ ആണവശാസ്ത്ര രംഗത്ത് പുത്തന്‍ കാഴ്ചപ്പാടുകള്‍ കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിത്വമാണ് ഡോ. അയ്യങ്കാര്‍. 1974 മെയ് 18നു രാജസ്ഥാനിലെ പൊഖ്‌റാനില്‍ ഇന്ത്യ നടത്തിയ ആദ്യത്തെ ആണവ പരീക്ഷണത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്നു അദ്ദേഹം. ഇന്ത്യന്‍ ആണവ നയത്തെ കുറിച്ചും അദ്ദേഹത്തിന്റേതായ നിലപാടുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമേരിക്കയുമായുള്ള ഇന്ത്യയുടെ ആണവകരാറിനെ കുറിച്ച് അദ്ദേഹം തന്റെ ആശങ്കകള്‍ തുറന്നു പറയുകയുണ്ടായി. തിരുവനന്തപുരം വലിയശാല സ്വദേശിയായ ഡോ.പി.കെ അയ്യങ്കാര്‍ സ്കൂള്‍ പഠനത്തിനു ശേഷം യൂണിവേഴ്സിറ്റി ഓഫ് ട്രാവങ്കൂറില്‍ നിന്നും ഭൌതികശാസ്ത്രത്തില്‍ എം. എസ്. സി ബിരുധം നേടി. തുടര്‍ന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ചേര്‍ന്നു. പിന്നീട് 1955-ല്‍ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ എത്തി. പിന്നീട് ഇന്ത്യന്‍ ആണവ ഗവേഷണ രംഗത്ത് നാഴിക കല്ലായ പല പ്രോജക്ടുകളിലും പങ്കാളിയായി. കേരളത്തിന്റെ ശാത്രകാര്യ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
- എസ്. കുമാര്‍