ശ്രീഹരിക്കോട്ട : ഇന്ത്യയുടെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാനുള്ള ദൌത്യവുമായി ഇന്നലെ (ശനിയാഴ്ച) ആകാശത്തേക്ക് കുതിച്ചുയര്‍ന്ന റോക്കറ്റ് ഏതാനും നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിച്ചത് ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തെ ഒരു നിമിഷം നിരാശരാക്കിയെങ്കിലും ഈ പരാജയം ഇന്ത്യയുടെ വാര്‍ത്താ വിനിമയ രംഗത്തെ പരിഷ്കരണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കില്ല എന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം തലവന്‍ ഡോ. കെ. രാധാകൃഷ്ണന്‍ അറിയിച്ചു. ബാങ്കിംഗ്, വിദ്യാഭ്യാസം, ആരോഗ്യ രംഗം എന്നിങ്ങനെ സുപ്രധാന മേഖലകളിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള 36 ട്രാന്‍സ്പോണ്ടറുകളായിരുന്നു പൊട്ടിത്തെറിച്ച റോക്കറ്റ് ജി. എസ്. എല്‍. വി. എഫ് – 06 (GSLV – Geo Geo-synchronous Satellite Launch Vehicle – F-06) വഹിച്ച ഉപഗ്രഹമായ ജി സാറ്റ് 5 – പി (GSAT-5P) യില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിക്ഷേപിക്കുന്ന നിരവധി ഉപഗ്രഹങ്ങള്‍ ഈ നഷ്ടം നികത്തുമെന്ന് ഡോ. രാധാകൃഷ്ണന്‍ അറിയിച്ചു. 24 ട്രാന്‍സ്പോണ്ടറുകളുമായി 2011 മാര്‍ച്ച് മാസത്തോടെ ഫ്രഞ്ച് ഗയാനയില്‍ നിന്നും വിക്ഷേപിക്കുന്ന ജി സാറ്റ് – 8, അതിനെ തുടര്‍ന്ന് വിക്ഷേപിക്കാനിരിക്കുന്ന ജി സാറ്റ് – 9, ജി സാറ്റ് – 10, ജി സാറ്റ് – 12 എന്നീ ഉപഗ്രഹങ്ങള്‍ ഇന്ത്യയുടെ വാര്‍ത്താ വിനിമയ രംഗത്തെ ശക്തിപ്പെടുത്തും എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ സംഭവിച്ച വിക്ഷേപണ പരാജയം കേവലം ഒരു ആകസ്മികത മാത്രമാണ് എന്ന് വെളിപ്പെടുത്തിയ അദ്ദേഹം റോക്കറ്റിന്റെ രൂപകല്‍പ്പനയില്‍ സംഭവിച്ച പിഴവ് അല്ലാത്തതിനാല്‍ ഇത് ഗൌരവമേറിയ ഒരു വിഷയമല്ല എന്നും വിശദീകരിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ശാസ്ത്രം, സാങ്കേതികം