ചൈനയുമായുള്ള ഉഭയ കക്ഷി ബന്ധങ്ങളും സാമ്പത്തിക സഹകരണവും കൂടുതല്‍ ശക്തമാക്കും എന്ന് പാക് പ്രസിഡണ്ട് ആസിഫ് അലി സര്‍ദാരി പ്രഖ്യാപിച്ചു. ചൈനയുടെ വിജയ ഗാഥ പാക്കിസ്ഥാന്‍ എന്നും അഭിമാനത്തോടെയാണ് കാണുന്നത് എന്ന് ഇന്നലെ തന്നെ സന്ദര്‍ശിച്ച ചൈനീസ് അംബാസ്സഡറെ അറിയിച്ചു. തന്റെ നിരന്തരമായ ചൈനീസ് സന്ദര്‍ശനങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തും എന്ന് സര്‍ദാരി പ്രത്യാശ പ്രകടിപ്പിച്ചു. ഏത് പ്രതികൂല സാഹചര്യത്തിലും പാക്കിസ്ഥാനോടൊപ്പം നില നിന്നിട്ടുള്ള ചൈനയാണ് പാക്കിസ്ഥാന്റെ ഏറ്റവും വലിയ ആയുധ ദാതാവും. വര്‍ഷങ്ങളായി തുടരുന്ന പാക്കിസ്ഥാന്റെ മിസ്സൈല്‍ ആണവ പദ്ധതികള്‍ക്കു പിന്നിലും ചൈനയാണ് എന്ന് കരുതപ്പെടുന്നു. അടുത്തയിടെ പാക്കിസ്ഥാനില്‍ 12 അണക്കെട്ടുകള്‍ നിര്‍മ്മിക്കാനുള്ള ഒരു വന്‍ കരാറും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പു വെച്ചിരുന്നു. ഇത് പ്രകാരം പാക് അധീനതയിലുള്ള കാശ്മീര്‍ പ്രദേശത്ത് ചൈനീസ് സഹായത്തോടെ അണക്കെട്ട് നിര്‍മ്മിക്കുവാനുള്ള പാക്കിസ്ഥാന്റെ നീക്കത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
- ജെ.എസ്.