കൊക്രാജർ : ബംഗ്ലാദേശിൽ നിന്നും അനധികൃതമായി കുടിയേറ്റം നടത്തിയ ന്യൂനപക്ഷ സമുദായാംഗങ്ങളും അസമിലെ പരമ്പരാഗത ബോഡോ ഗോത്ര വർഗ്ഗക്കാരും തമ്മിൽ കാലങ്ങളായി നിലവിലുള്ള സംഘർഷം നിയന്ത്രണാതീതമായതിനെ തുടർന്ന് ഇവിടെ നിന്ന് വൻ തോതിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എട്ട് മൃതശരീരങ്ങൾ കൂടി ഇന്ന് കണ്ടെടുത്തതോടെ വർഗ്ഗീയ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി. കലാപത്തെ തുടർന്ന് ഇവിടെ അനിശ്ചിതകാല നിശാ നിയമം നടപ്പിലാക്കുകയും കണ്ടാൽ ഉടനെ വെടി വെയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ വിന്യസിച്ച പതിമൂന്ന് സൈനിക സംഘങ്ങൾ ഫ്ലാഗ് മാർച്ച് നടത്തി. കലാപത്തിന് നേതൃത്വം നൽകുന്നവരെ ഉടൻ പിടികൂടാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ബംഗ്ലാദേശിൽ നിന്നും വൻ തോതിൽ അനധികൃത കുടിയേറ്റങ്ങൾ നടക്കുന്ന ഈ പ്രദേശത്ത് ഏറെ കാലമായി സംഘർഷം നില നിൽക്കുന്നു. കലാപത്തെ തുടർന്ന് അന്താരാഷ്ട്ര അതിർത്തി അടയ്ക്കുകയും അതിർത്തിയിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തു. അക്രമി സംഘങ്ങൾക്ക് അതിർത്തി കടന്ന് വരാനുള്ള എല്ലാ പഴുതുകളും സൈന്യം അടച്ചു എന്ന് അധികൃതർ വ്യക്തമാക്കി. രണ്ടു ലക്ഷത്തോളം ആളുകൾ ഭവന രഹിതരായി. ഇവർക്കായി 125 അഭയാർത്ഥി കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു എന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആർ. കെ. സിങ്ങ് അറിയിച്ചു. മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ അദ്ധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അക്രമം, കലാപം, കുറ്റകൃത്യം, തീവ്രവാദം