ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഓഹരിവിപണിയില്‍ വിദേശികള്‍ക്ക് നേരിട്ട് നിക്ഷേപം നടത്തുവാന്‍ അനുമതി നല്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ജനുവരി പകുതിയോടെ ഇതിനായുള്ള പദ്ധതി നിലവില്‍ വരുമെന്നാണ് ധനമന്ത്രാലയം നല്കുന്ന സൂചന. ഇതു പ്രകാരം വിദേശ പൗരന്മാര്‍ക്കും, ട്രസ്റ്റുകള്‍ക്കും, പെന്‍ഷന്‍ ഫണ്ടുകള്‍ക്കും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിട്ടു നിക്ഷേപം നടത്തുവാന്‍ അവസരം ആകും. സെക്യൂരിറ്റീസ് വിപണിയുടെ രാജ്യാന്തര സംഘടനയായ ഐ. ഒ. എസ്. സി. ഒ യില്‍ അംഗങ്ങളായ രാജ്യങ്ങളില്‍ നിന്നും ഉല്ല നിക്ഷേപകര്‍ക്കേ നിക്ഷേപാനുമതി ലഭിക്കൂ. ഇന്ത്യയിലെ ഡീമാറ്റ് അക്കൗണ്ട് വഴി മാത്രമേ ഓഹരിയി വിപണിയില്‍ ഇടപാടുകള്‍ നടത്താനാകൂ. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബാധകമായ എല്ലാ കാര്യങ്ങളും ഇവര്‍ പാലിക്കേണ്ടതായുണ്ട്. കൂടാതെ വിദേശികളുടെ വിപണി നിക്ഷേപത്തിനു ചില നിയന്ത്രണങ്ങള്‍ ഉണ്ടയിരിക്കും. ഒരു കമ്പനിയുടെ അഞ്ചുശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ വിദേശിയായ വ്യക്തിക്ക് വാങ്ങുവാന്‍ അനുമതിയുണ്ടാകില്ല.
ഓഹരി വിപണിയില്‍ കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുവാനായാണ് സര്‍ക്കാര്‍ ഇത്തരം നടപടിക്ക് മുതിരുന്നത്. നഷ്ടത്തിലായതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും പല വിദേശ നിക്ഷേപ കമ്പനികളും പിന്മാറിയിരുന്നു. ഇന്ത്യയുടെ സാമ്പത്തിക രംഗത്തുണ്ടായ പ്രതിസന്ധിയും, ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിലയിടിഞ്ഞതും 2011-ല്‍ ഇന്ത്യന്‍ ഓഹരി വിപണിയെ തളര്‍ത്തിക്കളഞ്ഞു. 2012-ലെ ആദ്യ പാദത്തിലും ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണര്‍വ്വുണ്ടാകുവാനുള്ള സാധ്യത കുറവാണ്.