മധുര : കേന്ദ്ര മന്ത്രി അഴഗിരിയെ വിമര്‍ശിച്ച് ലേഖനം എഴുതിയതിന് പോലീസ് പിടിച്ച “നവീന നെത്രിക്കന്‍” എഡിറ്റര്‍ എ. എസ്. മണിയെ ഉടന്‍ വിട്ടയക്കണം എന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്‍ഡ്യ ആവശ്യപ്പെട്ടു. മാനനഷ്ട കേസ് ചുമത്തി എഡിറ്ററെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണ്. മാനനഷ്ട പരാതികളിന്മേല്‍ മാധ്യമ പ്രവര്‍ത്തകരെ കുറ്റക്കാരാക്കി അറസ്റ്റ് ചെയ്യുന്നതും തടവില്‍ ഇടുന്നതും മാധ്യമങ്ങളെ ഭീഷണി പ്പെടുത്താനും പത്ര സ്വാതന്ത്ര്യത്തെ ഹനിക്കാനും ഉള്ള ശ്രമമാണ് എന്നാണ് തങ്ങളുടെ നിലപാട് എന്നും ഗില്‍ഡ് വ്യക്തമാക്കി. ഈ നിയമം ബ്രിട്ടീഷ് രാജിന്റെ ബാക്കി പത്രമാണ്. അപകീര്‍ത്തി കുറ്റം ചുമത്തി പത്രക്കാരെ തടവിലിടാനും പത്ര സ്ഥാപനങ്ങളെ അടിച്ചമര്‍ത്താനും വേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ ഉപയോഗിച്ച ഈ കിരാത നിയമം ഇന്ത്യന്‍ നിയമാവലിയില്‍ നിന്നും നീക്കം ചെയ്യണമെന്നും ഗില്‍ഡ് ആവശ്യപ്പെട്ടു.