ഇന്നലെ രാത്രി പത്തു മണിയോടെ മുംബൈയിലെ തന്ത്ര പ്രധാനമായ കേന്ദ്രങ്ങളില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ 101ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു. ആയിരത്തിലേറെ ആളുകള്‍ക്ക് പരിക്കേറ്റു. ഡെക്കാന്‍ മുജാഹിദീന്‍ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിക്കപ്പെട്ട 101 പേരില്‍ 6 വിദേശികളും ഉള്‍പ്പെടുന്നു. ആക്രമണം വിദേശികളെ ലക്ഷ്യമാക്കി ആണ് എന്ന ആരോപണം മഹാരാഷ്ട്രാ മുഖ്യ മന്ത്രി നിഷേധിച്ചു. എന്നാല്‍, അമേരിക്കന്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ടുകള്‍ ആര്‍ക്കൊക്കെയാണ് ഉള്ളത് എന്ന് തോക്കു ധാരികള്‍ വിളിച്ച് ചോദിച്ചു കൊണ്ട് ഓടി നടന്ന് വെടി വെക്കുന്നത് കണ്ടു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഏറെ ജന സാന്ദ്രതയുള്ള മുംബൈ നഗരത്തില്‍ ഇത്തരം ഒരു ആക്രമണം ആദ്യമായാണ് നടക്കുന്നത്. വിദേശികള്‍ക്ക് പ്രിയപ്പെട്ട കൊളാബയിലെ ലിയോപോള്‍ഡ് കഫേയില്‍ ആയിരുന്നു ആദ്യ ആക്രമണം. എ. കെ. 47 തോക്കുകള്‍ ഉപയോഗിച്ച് ജനത്തിനു നേരെ നിറയൊഴിക്കുകയാണ് ഉണ്ടായത്. ഇതേ സമയം മുംബൈയിലെ പ്രശസ്തമായ രണ്ട് ആഡംബര ഹോട്ടലുകളും തീവ്രവാദികള്‍ പിടിച്ചെടുത്തു. ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സാംസ്ക്കാരിക പൈതൃകത്തിന്റെ ചിഹ്നം കൂടിയായ താജ് ഹോട്ടലും ഹോട്ടല്‍ ഓബറൊയിയും ആണ് തീവ്രവാദികളുടെ പിടിയില്‍ ആയത്. ബോംബെ വി.ടി. എന്ന് പണ്ട് അറിയപ്പെട്ടിരുന്ന ഛത്രപതി ശിവാജി ടെര്‍മിനസും ഭീകരര്‍ ആക്രമിച്ചു പിടിച്ചെടുത്തു.
പിടിച്ചെടുക്കപ്പെട്ട ഹോട്ടലുകളിലെ നിരവധി അതിഥികള്‍ ഭീകരരുടെ പിടിയിലാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമം നടന്നു വരുന്നു. നഗരത്തില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. താജില്‍ ഭീകരരുമായി ഏറ്റു മുട്ടിയ സൈന്യം നാല് ഭീകരരെ വധിച്ചതായി അറിയുന്നു. തീവ്രവാദികള്‍ ഗ്രെനേഡുകളും മറ്റും ഉപയോഗിച്ചതിനെ തുടര്‍ന്ന് താജിന്റെ മുകളിലത്തെ നിലയില്‍ തീ ആളി പടര്‍ന്നു.
വെള്ളക്കാര്‍ക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന വാട്ട്സണ്‍ ഹോട്ടലില്‍ തനിക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ജംഷെഡ് ജി റ്റാറ്റ 1903ല്‍ നിര്‍മ്മിച്ച താജ് മഹല്‍ പാലസ് 1993 ലും 2003 ലും ഭീകരരുടെ ആക്രമണത്തിന് വിധേയമായിട്ടുണ്ട്.
ഇപ്പോഴും സ്ഥിതി നിയന്ത്രണത്തില്‍ ആയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പട്ടാളം ഹോട്ടലുകള്‍ വളഞ്ഞിട്ടുണ്ട്. കൂടുതല്‍ ആളപായം ഉണ്ടാവാതെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആണ് നടക്കുന്നത്.
ലോക രാഷ്ട്രങ്ങള്‍ ഇന്ത്യക്ക് എല്ലാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.



ഇറാനില്‍ നിന്നുള്ള ഒരു ഷിയാ പണ്ഡിതന്‍റെ സന്ദര്‍ശനത്തെ പറ്റി പ്രധാന മന്ത്രിയെ പാര്‍ലമെന്റില്‍ ചോദ്യം ചെയ്യും എന്ന സ്ഥിതി സംജാതമായതിനെ തുടര്‍ന്ന് കുവൈത്ത് സര്‍ക്കാര്‍ രാജി സമര്‍പ്പിച്ചു. രാജി ക്കത്ത് പ്രധാന മന്ത്രി ഷേഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബ കുവൈത്ത് അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബക്ക് നല്‍കി. അമീര്‍ ദിവാന്‍ വകുപ്പ് മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ രാജി സ്വീകരിക്കണമോ വേണ്ടയോ എന്ന് ഇപ്പോള്‍ അമീര്‍ തീരുമാനിക്കില്ലെന്ന് മന്ത്രി പറഞ്ഞു. അതു വരെ നിലവിലെ മന്ത്രി സഭ തുടരുമെന്നും ദിവാന്‍ വകുപ്പ് മന്ത്രി ഷേഖ് നാസര്‍ സബ അറിയിച്ചു. സുന്നി മുസ്ലിം വിഭാഗത്തെ അപമാനിച്ച ഒരു ഇറാനി ഷിയാ പണ്ഡിതന്‍ കുവൈറ്റില്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ചില സുന്നി എം. പി. മാര്‍ പാര്‍ലമെന്‍റില്‍ പ്രധാന മന്ത്രിയെ ചോദ്യം ചെയ്യും എന്നറിയിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
യു. എ. ഇ. ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് e പത്രത്തില്‍ ലഭ്യമാക്കിയതോടെ ആയിര ക്കണക്കിന് ആളുകള്‍ ആണ് കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ കൊണ്ട് ഈ സൌകര്യം ഉപയോഗ പ്പെടുത്തിയത്. ഇത്തരം ഒരു വിപുലമായ സംരംഭത്തില്‍ എമിറേറ്റ്സ് ഐഡി അധികൃതരുമായി സഹകരിക്കുവാനും ഈ ഉദ്യമത്തില്‍ പങ്കാളിയാകുവാനും സാധിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഒരു പക്ഷെ ആദ്യമായാവും ഇത്തരം ഒരു കൂട്ടായ പ്രവര്‍ത്തനം ഇത്തരം ഒരു സംരംഭത്തില്‍ യു. എ. ഇ. യില്‍ നടക്കുന്നത്. തങ്ങളുടെ സെര്‍വര്‍ വമ്പിച്ച ജന തിരക്ക് മൂലം അപ്രാപ്യം ആയ സാഹചര്യത്തില്‍ മറ്റ് വെബ് സൈറ്റുകളെ കൂടി ഉള്‍പ്പെടുത്തി ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ട എമിറേറ്റ്സ് ഐഡി വകുപ്പിന്റെ വീക്ഷണം പ്രശംസനീയം തന്നെയാണ്. e administration ഇത്തരത്തില്‍ ഒരു ജനകീയ പ്രവര്‍ത്തനം ആവുന്ന സംഭവം ലോകത്ത് തന്നെ അത്യപൂര്‍വ്വം ആണ്. സാങ്കേതിക വിദ്യയുടെ ശരിയായ ഉപയോഗവും വിഭവ ശേഷിയുടെ ശാസ്ത്രീയമായ വിതരണവും വഴി എമിറേറ്റ്സ് ഐഡി ഒരു പുതിയ മാതൃക തന്നെയാണ് ലോകത്തിനു മുന്നില്‍ കാഴ്ച്ച വെച്ചിരിക്കുന്നത്. ഇതിലേക്കായി നിര്‍മ്മിച്ച ഓഫ് ലൈന്‍ റെജിസ്റ്ററേഷന്‍ ആപ്പ്ലിക്കേഷന്‍ എന്ന സോഫ്റ്റ് വെയറിന്റെ ആശയവും പ്രശംസനീയമാണ്. ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത്തിന്റെ ഉപയോഗം വെട്ടിച്ചുരുക്കുക കൂടി ആയിരുന്നു ഇതിന്റെ ഫലം.
ശ്രീലങ്കന്‍ സൈന്യവും തമിഴ് പുലികളും തമ്മില്‍ കിളിനോച്ചിയില്‍ ഇന്നലെ നടന്ന രൂക്ഷമായ ഏറ്റുമുട്ടലില്‍ 120 പുലികളും 43 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുലികളോട് അനുഭാവം പുലര്‍ത്തുന്ന തമിള്‍നെറ്റ് എന്ന വെബ് സൈറ്റില്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തി യിരിക്കുന്നത്. നല്ലൂര്‍ പട്ടണം സൈന്യത്തിന്റെ ആക്രമണത്തില്‍ നിന്നും തങ്ങള്‍ ചെറുത്ത് തോല്‍പ്പിച്ചു. 43 ശ്രീലങ്കന്‍ സൈനികരെ തങ്ങള്‍ വക വരുത്തി. 70ഓളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് വെബ് സൈറ്റ് അവകാശപ്പെട്ടു. എന്നാല്‍ 27 പട്ടാളക്കാര്‍ മാത്രമാണ് കൊല്ലപ്പെട്ടത് എന്നാണ് സൈനിക വക്താക്കള്‍ അറിയിച്ചത്. കിളിനോച്ചിയെ ഇരു വശത്തു നിന്നും വളഞ്ഞ സൈന്യം തമിഴ് പുലികളുടെ ഈ ശക്തി കേന്ദ്രം പിടിച്ചെടുക്കുന്നതില്‍ ഏറെ പുരോഗതി കൈ വരിച്ചു എന്നാണ് സൈന്യം അവകാശപ്പെടുന്നത്. പുലികളുടെ വയര്‍ലെസ് സന്ദേശങ്ങള്‍ സൈന്യം പിടിച്ചെടുത്തത് സൂചിപ്പിക്കുന്നത് 120 പുലികള്‍ എങ്കിലും ഇന്നലത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നു തന്നെയാണ്.
ഇന്ത്യക്കെതിരെ യുദ്ധം ഉണ്ടായാല്‍ ആണവ ആയുധം ആദ്യം പ്രയോഗിക്കുന്നത് പാക്കിസ്ഥാന്‍ ആയിരിക്കുകയില്ല എന്ന പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉറപ്പു നല്‍കിയത് പാകിസ്ഥാന്‍ സൈന്യത്തേയും രാഷ്ട്രീയ വൃന്ദത്തേയും ഞെട്ടിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തിയ നേതൃത്വ ഉച്ച കോടിയില്‍ ആണ് സര്‍ദാരി ഈ വിവാദ പ്രസ്താവന നടത്തിയത്. എന്നാല്‍ പാക്കിസ്ഥാന്റെ ആണവ നയത്തെ പറ്റി ശരിയായ അറിവില്ലാത്തത് കൊണ്ടാണ് സര്‍ദാരി ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇന്ത്യയുമായി നില നില്‍ക്കുന്ന പല പ്രശ്നങ്ങള്‍ക്കും ഇനിയും പരിഹാരമാവാത്ത അവസ്ഥയില്‍ ഇത്തരമൊരു ഉറപ്പ് പാലിക്കാന്‍ പാക്കിസ്ഥാന് കഴിയില്ല. ആണവ ശക്തി ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നിലവിലുള്ള ഒരു യുദ്ധ നിരോധക ശക്തിയാണ്. സര്‍ദാരിയുടെ ഇത്തരത്തിലുള്ള പ്രസ്താവന ഈ നിരോധക ശക്തിയെ ക്ഷയിപ്പിക്കാനേ ഉതകൂ എന്നാണ് പ്രതിരോധ വിശകലന വിദഗ്ദ്ധര്‍ പറയുന്നത്.
























