ന്യൂഡെല്‍ഹി: ലോക്‍സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരിക മെയ് 16 നാണെങ്കിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികളും മാധ്യമങ്ങളും നടത്തിയ എക്സിറ്റ് പോളുകള്‍ ഇതിനോടകം പുറത്തു വന്നു. മിക്ക എക്സിറ്റ് പോളുകളും എന്‍. ഡി. എ. സഖ്യം അധികാരത്തില്‍ വരും എന്ന് പ്രവചിച്ചതോടെ വരാനിക്കുന്ന മന്ത്രിസഭയില്‍ വിവിധ സ്ഥാനങ്ങള്‍ ഉറപ്പിക്കുവാനുള്ള നേതാക്കന്മാരുടെ ചരടു വലികളും സജീവം.
മുതിര്‍ന്ന നേതാവ് എല്‍. കെ. അഡ്വാനി മത്സര രംഗത്തുണ്ടായിരുന്നു എങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കാട്ടിയാണ് ബി. ജെ. പി. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. എല്‍. കെ. അഡ്വാനിയെ കൂടാതെ, സുഷമ സ്വരാജ്, രാജ് നാഥ് സിങ്ങ് തുടങ്ങിയ പ്രമുഖരും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഇവര്‍ വിജയിച്ചു വന്നാല്‍ മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രി പദം ഉള്‍പ്പെടെ പ്രധാന സ്ഥാനങ്ങള്‍ നല്‍കേണ്ടി വരും.
മോഡിയുടെ കടന്നു വരവിനോട് വലിയ പ്രതിപത്തിയുള്ളവരല്ല എല്‍. കെ. അഡ്വാനിയും, സുഷമ സ്വരാജുമെന്ന് നേരത്തെ തന്നെ ശ്രുതിയുണ്ട്. പാര്‍ട്ടി സ്ഥാപക നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍. കെ. അഡ്വാനിക്ക് തന്നെ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനുള്ള വിയോജിപ്പ് തിരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടി വേദികളില്‍ പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തന്റെ മന്ത്രിസഭയില്‍ തനിക്ക് താല്പര്യം ഉള്ളവര്‍ക്ക് പ്രധാന സ്ഥാനങ്ങള്‍ നല്‍കുവാന്‍ ആര്‍. എസ്. എസിന്റെ പിന്തുണയുള്ള നരേന്ദ്ര മോദിയും ശ്രമിക്കും. ഇത് അധികാരം ലഭിച്ചാല്‍ തന്നെ പാര്‍ട്ടിയില്‍ നിലവില്‍ ഉള്ള അസ്വാരസ്യങ്ങളെ കൂടുതല്‍ രൂക്ഷമാക്കും.
എന്‍. ഡി. എ. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും അതേ സമയം ഭരിക്കുവാന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിക്കുന്നതിനായി മറ്റു പാര്‍ട്ടികളുടെ സഹായം തേടുകയും ചെയ്യേണ്ട അവസ്ഥ വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. നരേന്ദ്ര മോഡിയോട് തങ്ങള്‍ക്ക് താല്പര്യം ഇല്ലെന്ന് പറയുകയും അതേ സമയം ബി. ജെ. പി. യുമായി സഹകരിക്കാന്‍ തയ്യാണെന്നും ചില പാര്‍ട്ടികള്‍ സൂചന നല്‍കിക്കഴിഞ്ഞു. മോഡിയല്ലാതെ മറ്റൊരാളെ പ്രധാനമന്ത്രിയാക്കണം എന്ന ആവശ്യവും മുന്നോട്ട് വെക്കാനുള്ള സാധ്യത ഉണ്ട്. ഒരു പക്ഷെ മോഡി വിരുദ്ധ പക്ഷം അവര്‍ക്കൊപ്പം ചേര്‍ന്ന് സംഘപരിവാര്‍ നേതൃത്വത്തില്‍ സമര്‍ദ്ദം ചെലുത്തിയാല്‍ മോഡിയുടെ കാര്യം പരുങ്ങലിലാകും.
ഗുജറാത്ത് കലാപത്തിന്റെ പേരു പറഞ്ഞ് ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിച്ച പാര്‍ട്ടികളെ സംബന്ധിച്ച് നരേന്ദ്ര മോഡിയെ അനുകൂലിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും. തങ്ങള്‍ക്ക് വോട്ടു നല്‍കിയ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിനായി നരേന്ദ്ര മോഡിയെ തള്ളിപ്പറയുകയും അതേ സമയം ബി. ജെ. പി. നയിക്കുന്ന സര്‍ക്കാരില്‍ പങ്കാളികളായി പ്രധാനപെട്ട വകുപ്പുകള്‍ നേടിയെടുക്കുകയും ചെയ്യുക എന്ന തന്ത്രമായിരിക്കും അവര്‍ സ്വീകരിക്കുക. കലാപം നടക്കുമ്പൊള്‍ ബി. ജെ. പി. സര്‍ക്കാര്‍ ആണ് ഗുജറാത്തില്‍ ഭരിച്ചിരുന്നതെന്ന കാര്യം സൌകര്യപൂര്‍വ്വം മറച്ചു വെച്ചു കൊണ്ട് കലാപവുമായി ബന്ധപ്പെട്ട എല്ലാ പാപവും നരേന്ദ്ര മോഡിയുടെ തലയില്‍ കെട്ടി വെക്കുവാനുള്ള ശ്രമങ്ങള്‍ ചെറുകക്ഷികളുടെ ഭാഗത്തു നിന്നും നേരത്തെ തന്നെ ഉണ്ട്. മോഡിയെ പരസ്യമായി വിമര്‍ശിച്ച് മാധ്യ മ ശ്രദ്ധ നേടിയ ബിജു ജനതാദള്‍, തൃണമൂല്‍ കോണ്‍ഗ്രസ്സ് തുടങ്ങിയ കക്ഷികളുടെ നിലപാടുകള്‍ വരും ദിവസങ്ങളില്‍ വ്യക്തമാകും.
മോഡിയെ പോലെ ശക്തനായ ഒരാള്‍ പ്രധാമന്ത്രിയായാല്‍ ഘടക കക്ഷികള്‍ക്ക് മാത്രമല്ല ബി. ജെ. പി. നേതാക്കന്മാര്‍ക്കും അത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും എന്നൊരു വിലയിരുത്തല്‍ ഉണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ മോഡി മാറ്റി നിര്‍ത്തപ്പെടുവാനുള്ള സാധ്യത ഉരുത്തിരിയുന്നു.