പുട്ടപര്‍ത്തി : ദൈവങ്ങളുടെ സ്വന്തം നാടായ ഇന്ത്യയിലും ലോകമെമ്പാടും അനേക ലക്ഷം ഭക്തര്‍ക്ക് ആത്മീയ ഗുരുവും നേതാവുമായിരുന്ന സായിബാബ (86) അന്തരിച്ചു. ആന്ധ്ര പ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ ശ്രീ സത്യ സായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസില്‍ ഇന്ന് രാവിലെ 07:40 നായിരുന്നു അന്ത്യം. “ഭഗവാന്‍ തന്റെ ഭൌതിക ശരീരം ഉപേക്ഷിച്ചത് ഹൃദയ ശ്വാസകോശ സംബന്ധിയായ തകരാറിനെ തുടര്‍ന്ന് ഇവയുടെ പ്രവര്‍ത്തനം നിലച്ചതിനാലാണ്” എന്ന് ആശുപത്രിയില്‍ നിന്നുമുള്ള അറിയിപ്പില്‍ വ്യക്തമാക്കുന്നു.
ഇന്ന് വൈകീട്ട് 6 മണി മുതല്‍ രണ്ടു ദിവസത്തേയ്ക്ക് ബാബയുടെ ഭൌതിക ശരീരം സായി കുല്‍വന്ത് ഹാളില്‍ അനുയായികളുടെ ദര്‍ശനത്തിന് വെയ്ക്കും.
മാര്‍ച്ച് 28നാണ് ബാബയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സായി ബാബ എന്ന് അറിയപ്പെടുന്ന സത്യനാരായണ ബാബു 1926 നവംബര്‍ 23ന് പുട്ടപര്‍ത്തിയില്‍ ജനിച്ചു. 1940ല്‍ താന്‍ ദൈവത്തിന്റെ അവതാരമാണെന്ന് അവകാശപ്പെട്ടു. ശൂന്യതയില്‍ നിന്നും വിഭൂതിയും സ്വര്‍ണ്ണ മാലയും മറ്റും സൃഷ്ടിച്ച് അദ്ദേഹം ലോക പ്രശസ്തനായതോടെ ഇതെല്ലാം തട്ടിപ്പാണെന്നും ഏതു മാജിക്കുകാരനും കാണിക്കാവുന്ന കണ്കെട്ട് വിദ്യകളാണ് എന്നും ആരോപണം ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ഇത്തരം പ്രകടനങ്ങള്‍ ഉപേക്ഷിച്ച ബാബ സാമൂഹ്യ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാല്‍ ഈ കാലഘട്ടത്തില്‍ ഒട്ടേറെ ലൈംഗിക അപവാദങ്ങളും ഉടലെടുക്കുകയുണ്ടായി.
ലോകമെമ്പാടുമുള്ള ഭരണാധിപന്മാര്‍ അടക്കം പ്രശസ്തരും, രാഷ്ട്രീയ നേതാക്കളും, സിനിമാ കായിക താരങ്ങളും, സൈനിക ഉദ്യോഗസ്ഥരും, ന്യായാധിപന്മാരും ശാസ്ത്രജ്ഞന്മാരും അടങ്ങുന്ന ഒരു വന്‍ ശിഷ്യ സമ്പത്ത് സായി ബാബയ്ക്ക് ഉണ്ടായിരുന്നു.
സായി ബാബയ്ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ് എന്ന് 2001 ഡിസംബറില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാന മന്ത്രി എ. ബി. വാജ്പേയ്, മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി. എന്‍. ഭഗവതി, മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ രംഗനാഥ് മിശ്ര, കേന്ദ്ര മന്ത്രിയായിരുന്ന ശിവരാജ് പാട്ടീല്‍, ബി. ജെ. പി. ഉപാദ്ധ്യക്ഷയും രാജ്യ സഭാംഗവും ആയിരുന്ന നെജ്മ ഹെപ്ത്തുള്ള എന്നിവര്‍ സംയുക്തമായി ഒപ്പ് വെച്ച കത്തില്‍ പ്രസ്താവിച്ചത് ഏറെ വിവാദമായിരുന്നു.
ദൈവത്തിന്റെ പൂര്‍ണ്ണാവതാരമായ സായി ബാബ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അതിന് കേവലമായ മനുഷ്യന് മനസ്സിലാക്കാന്‍ കഴിയാത്ത അര്‍ത്ഥ തലങ്ങള്‍ ഉണ്ട് എന്നും അന്തരാത്മാവിലെ ആത്മീയ ചൈതന്യം ഉണര്‍ത്തുവാനുള്ള അനുഗ്രഹമാണ് ഇതെല്ലാമെന്നും വിശ്വാസികള്‍ വ്യക്തമാക്കുന്നു.