സാന്റിയാഗോ: സിത്താര്‍ മാന്ത്രികന്പണ്ഡിറ്റ് രവിശങ്കര്‍ (92) അന്തരിച്ചു. ഇന്ത്യന്‍ സമയം ഇന്നു രാവിലെ കാലിഫോര്‍ണീയായിലെ സാന്‍ഡിയാഗോയിലുള്ള സ്ക്രിപ്റ്റ് മെമ്മോറിയല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പ്രായാധിക്യം കാരണം ഏറെനാളായി മുഖ്യധാരയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്ന രവിശങ്കറിനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാലത്ത് ആസ്പത്രിയിലെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്ത്യന്‍ സംഗീതത്തിന്റെ ശയസ്സ് സിത്താറിന്റെ തന്ത്രികളിലൂടെ മാന്ത്രികമായ വിരസ്പര്‍ശം നടത്തിക്കൊണ്ട് ഏഴു കടലിനക്കരെയെത്തിച്ചയാളാണ് രവിശങ്കര്‍.സംഗീത ലോകത്തിന്റെ ഹൃദയത്തില്‍ തന്റെ പ്രതിഭയെ അദ്ദേഹം പ്രതിഷ്ടിച്ചു. പണ്ഡിറ്റ് രവിശങ്കരിന്റെ വിയോഗം തീരാ നഷ്ടമാണ്. മൂന്ന് തവണ ഗ്രാമി അവാര്‍ഡ് നേടിയ രവിശങ്കറിനെ രാജ്യം 1999-ല്‍ ഭാരതരത്നം നല്‍കി ആദരിച്ചിട്ടുണ്ട്. 1992-ല്‍ മഗ്‌സരെ പുരസ്കാരം ലഭിച്ചു. രാജ്യസഭാംഗമായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
1920 ഏപ്രില്‍ ഏഴിന് വാരണാസിയിലായിരുന്നു ഈ അതുല്ല്യ സംഗീതപ്രതിഭയുടെ ജനനം. സഹോദരനും പ്രശസ്ത നര്‍ത്തകനുമായ ഉദയശങ്കറിനൊപ്പം ഒന്‍പതാം വയസ്സില്‍ പാരീസിലേക്ക് പൊയി. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം സിത്താര്‍ കച്ചേരികളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇടയ്ക്ക് സിനിമാ സംഗീത രംഗത്തും സജീവമായി പ്രവര്‍ത്തിച്ചു. പഥേര്‍ പാഞ്ചാലി, അപൂര്‍ സന്‍സാര്‍, പരാജിതോ എന്നീ സത്യജിത് റേ ചിത്രങ്ങള്‍ക്കും റിച്ചാര്‍ഡ് ആറ്റന്‍ ബറോയുടെ ഗാന്ധി ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നു.