ന്യൂഡല്‍ഹി: ഉത്സവാഘോഷങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിച്ചു വേണമെന്ന് സുപ്രീം കോടതി. നിയമം ലംഘിച്ചാല്‍ ആനയുടമകള്‍ക്കും സംഘാടകര്‍ക്കും എതിരെ ജാമ്യ്മൈല്ലാ വകുപ്പു പ്രകാരമായിരിക്കും കേസെടുക്കുക. ഇതു സംബന്ധിച്ച് ആനയുടമകളുടെ സംഘടനകള്‍ക്കും കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനും നോട്ടീസ് നല്‍കുമെന്ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജൂണ്‍ 20 നു അകം ഇവരോട് മറുപടി നല്‍കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് ജൂലായ് 14 നു വീണ്ടും പരിഗണിക്കും.
ബാംഗ്ലൂരു ആസ്ഥാനമായുള്ള വൈല്‍ഡ് ലൈഫ് റെസ്ക്യൂ ആന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍ എന്ന സന്നദ്ധ സംഘടനയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആനകള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങള്‍ നിസ്സാരമായി കാണന്‍ ആകില്ലെന്നും കേന്ദ്ര വന്യ ജീവി സംരക്ഷണ നിയമം ലംഘിച്ചാണ് പല എഴുന്നള്ളിപ്പുകളും നടക്കുന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ആനകള്‍ക്കെതിരായ ക്രൂരതകള്‍ തടയുന്നതിനും അവയെ വേണ്ടും വിധം സംരക്ഷിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള നിയമങ്ങള്‍ ആനയുടമകളും സംഘാടകരും പാലിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കേരളവും തമിഴ്‌നാടും ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. എട്ടാഴ്ചക്കകം മറുപടി നല്‍കുവാന്‍ ആവശ്യപ്പെട്ടിരുന്നു. നാട്ടാനകളുടെ എണ്ണം, ആനകള്‍ ചരിഞ്ഞതും, അപകടങ്ങള്‍ ഉണ്ടാക്കിയതും, ആനകളുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള കേസുകള്‍ ഉള്‍പ്പെടെ ഉള്ള വിവരങ്ങള്‍ നല്‍കുവാന്‍ ആയിരുന്നു നിര്‍ദ്ദേശം.