കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ട് ഇന്ത്യ ഇസ്രയേലുമായി ഒപ്പു വെച്ച ഒന്‍പത് ബില്യണ്‍ ഡോളറിന്റെ സൈനിക വ്യാപാര കരാറുകളിലൂടെ ഇസ്രയേല്‍ റഷ്യയെ പിന്നിലാക്കി ഇന്ത്യയുമായി സൈനിക വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്തി. മുംബൈ ഭീകര ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ 600 മില്യണ്‍ ഡോളറിന്റെ എയറോസ്റ്റാറ്റ് റഡാറുകളാണ് ഇന്ത്യ ഇസ്രയേലില്‍ നിന്നും വാങ്ങിയത്. ഈ റഡാറുകള്‍ ഇന്ത്യയുടെ തീര പ്രദേശങ്ങളില്‍ തന്ത്ര പ്രധാനമായ ഇടങ്ങളില്‍ സ്ഥാപിക്കുക വഴി ഇന്ത്യയിലേക്ക് ലക്‌ഷ്യമിട്ട് വരുന്ന ശത്രു വിമാനങ്ങളെ പറ്റിയും മിസൈലുകളെ പറ്റിയും നേരത്തേ വിവരം ലഭിക്കും. കയറ് കൊണ്ട് നിലത്ത് ഉറപ്പിച്ചു നിര്‍ത്തിയ, ആകാശത്തില്‍ പൊങ്ങി പറക്കുന്ന ബലൂണുകളുടെ മുകളില്‍ സ്ഥാപിക്കുന്ന ഈ റഡാറുകള്‍ക്ക് നിലത്ത് സ്ഥാപിച്ചിരിക്കുന്ന മിസൈലുകളേക്കാള്‍ വളരെ നേരത്തേ തന്നെ അടുത്തു വരുന്ന ശത്രുവിന്റെ ആക്രമണത്തെ പറ്റി മുന്നറിയിപ്പ് നല്‍കുവാന്‍ കഴിയും.
കഴിഞ്ഞ നാല്‍പ്പതു വര്‍ഷങ്ങളായി പ്രതി വര്‍ഷം ശരാശരി 875 മില്യണ്‍ ഡോളറിന്റെ സൈനിക വ്യാപാരം ഇന്ത്യ റഷ്യയുമായി നടത്തുന്നുണ്ട്.



വിദേശത്തെ ഇന്ത്യന്‍ എംബസ്സികളിലും കോണ്‍സുലേറ്റുകളിലും ഉള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഇന്ത്യയിലെ വിദേശ കാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ഇനി ഓണ്‍ലൈന്‍ ബന്ധങ്ങള്‍ക്ക് വിലക്ക്. ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, ഇബിബൊ എന്നിങ്ങനെ ഉള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളും, സംഗീതം, വീഡിയോ, ഫോട്ടോ എന്നിവ പങ്കു വെക്കുന്ന കാസാ, ഫ്ലിക്കര്‍, പിക്കാസ എന്നിങ്ങനെ ഉള്ള സൈറ്റുകളും ഉപയോഗിക്കുന്നതില്‍ നിന്നും ഇവരെ വിലക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ജീമെയില്‍ പോലുള്ള വെബ് മെയിലുകള്‍ ഇനി സര്‍ക്കാര്‍ കമ്പ്യൂട്ടറുകളില്‍ നിന്നും ഉപയോഗിക്കരുത് എന്നും നിര്‍ദ്ദേശം ഉണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ആണ് ഈ വിലക്ക് ഏര്‍പ്പെടുത്തിയത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഈമെയില്‍ വിലാസങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. യാഹൂ, ഗൂഗിള്‍, ഹോട്ട്മെയില്‍ എന്നീ വെബ് ഈമെയില്‍ സേവനങ്ങള്‍ ഇനി മുതല്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഉപയോഗിക്കരുത് എന്നും ഉത്തരവില്‍ പറയുന്നു.
ഒരാഴ്ച നീണ്ടു നിന്ന വ്യോമ ആക്രമണത്തിനു ശേഷം ഇസ്രയേല്‍ കര സേന ഗാസയില്‍ ആക്രമണം തുടങ്ങി. ഇതു വരെ പന്ത്രണ്ടോളം ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടതായ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹമാസിന്റെ റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങള്‍ തകര്‍ക്കുക എന്നതാണ് ഈ ആക്രമണത്തിന്റെ ലക്‌ഷ്യം എന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യെഹൂദ് ബരാക് അറിയിച്ചു. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ ദക്ഷിണ ഇസ്രയേലിലെ ജനം പൊറുതി മുട്ടിയിരിക്കുകയാണ്. എത്ര കഷ്ട്ടപ്പെട്ടായാലും തങ്ങള്‍ ഹമാസിന്റെ യുദ്ധ കേന്ദ്രങ്ങള്‍ തകര്‍ക്കുക തന്നെ ചെയ്യും. എത്ര സൈനികര്‍ ഈ യുദ്ധത്തില്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ടാലും ശരി തങ്ങളുടെ ലക്‌ഷ്യം കാണുന്നത് വരെ യുദ്ധം തുടരും. എന്നാലേ ദക്ഷിണ ഇസ്രയേലിലെ ജനങ്ങള്‍ക്ക് ദീര്‍ഘ കാല അടിസ്ഥാനത്തില്‍ സമാധാനത്തോടെ ജീവിക്കാന്‍ ആവൂ. എന്നാല്‍ ഗാസ ഇസ്രയേല്‍ സൈന്യത്തിന്റെ ശവ പറമ്പ് ആയിരിക്കും എന്ന് ഇതിന് മറുപടിയായി ഹമാസ് വക്താവ് അറിയിച്ചു. ഗാസ ഒരിക്കലും ഇസ്രായേലിനു പൂക്കള്‍ വിരിച്ച പരവതാനി ആയിരിക്കുകയില്ല. മറിച്ച് തീയും നരകവും ആയിരിക്കും എന്നും ഹമാസ് മുന്നറിയിപ്പ് നല്കി.
























