കഴിഞ്ഞ ദിവസങ്ങളില്‍ ചൈന നടത്തിയ ആക്രമണങ്ങളും അതിക്രമങ്ങളും ഇന്ത്യയെ ഗുരുതരമായ ആശയ കുഴപ്പത്തില്‍ ആക്കിയിരിക്കുന്നു. ഓഗസ്റ്റ് ആറിന് രണ്ട് ചൈനീസ് സുഖോയ് യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് അരുണാചല്‍ പ്രദേശിലും സിക്കിമിലും പ്രവേശിച്ചതോടെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം. വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന ആദ്യത്തെ ഇത്തരം അതിക്രമം ആയിരുന്നു അത്. ഇത് നടന്നത് ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കു ന്നതിനായുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ ആരംഭിക്കുന്നതിന്റെ തലേ ദിവസം ആയിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു. ചര്‍ച്ചകളില്‍ തങ്ങളുടെ ആധിപത്യം ഉറപ്പാക്കുന്നതിനുള്ള ചൈനീസ് തന്ത്രമായിരുന്നു അത്. ഇതിനു തൊട്ടു പിന്നാലെ അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും 40 കിലോമീറ്ററോളം അകത്തേയ്ക്ക് ചൈനീസ് പട്ടാളം കയറി ചെന്നു. ഈ മാസം ആദ്യ വാരം ചൈനീസ് കുതിര പട്ടാളം ഉത്തര്‍ഖണ്ഡില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകത്തേയ്ക്ക് പ്രവേശിച്ചു. ഇതിനു പുറമെ അസംഖ്യം തവണ ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കുകയും ചെയ്തു. അതിര്‍ത്തിയിലെ സംഘര്‍ഷം നിയന്ത്രണാ തീതമായതോടെ ഇന്ത്യന്‍ അധികൃതര്‍ അടിയന്തിരമായി വ്യാഴാഴ്‌ച്ച യോഗം ചേരുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം. കെ. നാരായണന്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ ചൈനാ സ്റ്റഡി ഗ്രൂപ്പും, കാബിനറ്റ് സെക്രട്ടറിയും, പ്രതിരോധ, ആഭ്യന്തര, വിദേശ മന്ത്രാലയ സെക്രട്ടറിമാരും പങ്കെടുക്കും. സൈനിക മേധാവികളുടെയും ഇന്റലിജന്‍സ് മേധാവികളുടെയും അഭിപ്രായവും കൂടി ആരാഞ്ഞാവും ചൈനീസ് ഭീഷണി നേരിടുന്നതിന് ആവശ്യമായ തന്ത്രങ്ങള്‍ ഇന്ത്യ രൂപീകരിക്കുക.



ഭരണ ഘടനയില്‍ മാറ്റം വരുത്തുവാന്‍ ഉള്ള നടപടികള്‍ പുരോഗമിക്കവെ ഇന്നലെ നടന്ന സൈനിക അട്ടിമറിയിലൂടെ ഹോണ്ടുറാസ് സൈന്യം പ്രസിഡണ്ട് മാനുവല്‍ സെലായയെ അറസ്റ്റ് ചെയ്തു. ഭരണ ഘടന പരിഷ്കരണത്തില്‍ വോട്ടെടുപ്പ് നടത്താന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് തീര്‍ത്തും അപ്രതീക്ഷിതമായ ഈ നീക്കം സൈന്യത്തില്‍ നിന്നും ഉണ്ടായത്.
ആയുധങ്ങള്‍ വാങ്ങി കൂട്ടുന്നതിനായി ഏറ്റവും അധികം പണം ചിലവാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് പത്താം സ്ഥാനം. സ്റ്റോക്ക് ഹോം അന്താരാഷ്ട്ര സമാധാന ഗവേഷണ സ്ഥാപനം (Stockholm International Peace Research Institute – SIPRI) നടത്തിയ പഠനം ആണ് ഇത് വെളിപ്പെടുത്തിയത്. ആഗോള തലത്തില്‍ വന്‍ വര്‍ധനവാണ് ആയുധ ചിലവില്‍ ഉണ്ടായിരിക്കുന്നത് എന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. 1464 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ് ലോക രാഷ്ട്രങ്ങള്‍ ആയുധങ്ങള്‍ വാങ്ങി കൂട്ടാന്‍ ചിലവിട്ടത്. ഇതില്‍ സിംഹ ഭാഗവും അമേരിക്കയുടേത് തന്നെ – ഏതാണ്ട് 607 ബില്ല്യണ്‍ ഡോളര്‍. രണ്ടാം സ്ഥാനത്ത് ചൈന 84.9 ബില്ല്യണ്‍ ഡോളറും ആയി നില ഉറപ്പിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങള്‍ ക്രമത്തില്‍ ഫ്രാന്‍സ് (65.7), ബ്രിട്ടന്‍ (65.3), റഷ്യ (58.6), ജര്‍മ്മനി (46.8), ജപ്പാന്‍ (46.3), ഇറ്റലി (40.6), സൌദി അറേബ്യ (38.2), ഇന്ത്യ (30.0) എന്നിവയാണ്.
ഇസ്രയേല്‍ ആയുധ നിര്‍മ്മാണ സ്ഥാപനം ആയ ഇസ്രയേല്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് ഉള്‍പ്പടെ ഇന്ത്യയുമായി ആയുധ വ്യാപാരം നടത്തുന്ന ഏഴു സ്ഥാപനങ്ങളെ പ്രതിരോധ വകുപ്പ് മന്ത്രി എ. കെ. ആന്റണിയുടെ നിര്‍ദ്ദേശ പ്രകാരം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സി. ബി. ഐ. നടത്തിയ അന്വേഷണത്തില്‍ കൈക്കൂലി ഇടപാടുകളുടെ വ്യക്തമായ സൂചനകള്‍ ലഭിച്ചതിന്റെ വെളിച്ചത്തില്‍ ആണ് ഈ നടപടി. സി. ബി. ഐ. യുടെ കുറ്റ പത്രം ഇനിയും തയ്യാറായിട്ടില്ല. എന്നാല്‍ സ്വകാര്യ ബാങ്ക് അക്കൌണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്തത് ഉള്‍പ്പടെ വ്യക്തമായ തെളിവുകള്‍ ആണ് അന്വേഷണത്തില്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയമായ കമ്പനികളുമായുള്ള ഇടപാടുകള്‍ ഉടനടി മരവിപ്പിക്കാന്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണി ഉത്തരവ് നല്‍കുക ആയിരുന്നു എന്ന് പ്രതിരോധ വകുപ്പ് വക്താവ് സിതാന്‍ശു കര്‍ അറിയിച്ചു.
























