ഡല്‍ഹി : പ്രധാന മന്ത്രിയുടെ ഓഫീസിലും ചൈന സൈബര്‍ ആക്രമണം നടത്തിയതായി സൂചന. എന്നാല്‍ ഇതിനായി ചൈനീസ് ഹാക്രമികള്‍ (ഹാക്ക് ചെയ്യുന്ന ആക്രമികള്‍) റഷ്യയിലെയും, ദക്ഷിണ അമേരിക്കയിലേയും, കാലിഫോര്‍ണിയയിലെയും ഗേറ്റ് വേകള്‍ ആണ് ഉപയോഗിച്ചത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രധാന മന്ത്രിയുടെ ഓഫീസിലെ pmo@nic.in എന്ന ഈമെയില്‍ വായിക്കുവാനായി ഹാക്രമികള്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഉദ്യമം പരാജപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യയുടെ സുപ്രധാന സൈനിക നയതന്ത്ര വ്യാവസായിക ശൃംഖല യുടെ ഇന്റര്‍നെറ്റ് അടിത്തറ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമാണ് എന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയോട് ശത്രുതയുള്ള രാജ്യങ്ങള്‍ ഇത്തരം ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യത വളരെ ഏറെയാണ്. പ്രത്യേകിച്ചും ഇന്ത്യയില്‍ സൈനികമായും, നയതന്ത്ര പരമായും, ആഭ്യന്തരമായും, ആഗോള വ്യാപാര രംഗത്തും താല്പര്യങ്ങളുള്ള ചൈന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ചൈന സൈബര്‍ ആക്രമണ രംഗത്ത് ഏറെ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഇതിനായി ഒരു പ്രത്യേക സൈബര്‍ സൈന്യം തന്നെ ചൈന ഒരുക്കിയിട്ടുമുണ്ട്. 300,000 ഹാക്രമികളാണ് ഈ സൈബര്‍ സൈന്യത്തില്‍ ഉള്ളത് എന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ അനുമാനം.
ചൈന ഇന്ത്യയെ ആക്രമിക്കുന്നത് ഇത് ആദ്യ സംഭവമല്ല എന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.



ബ്രഹ്മപുത്ര നദിയില്‍ തങ്ങള്‍ അണക്കെട്ട് നിര്‍മ്മിക്കുന്നില്ല എന്ന് ചൈന ആവര്‍ത്തിച്ചു പറയുമ്പോഴും ചൈനയുടെ പ്രദേശത്ത് നടക്കുന്ന ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യക്ക് ആശങ്കാ ജനമാണ് എന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍. ബ്രഹ്മ പുത്രയിലെ വെള്ളം നിയന്ത്രിച്ച് ചൈനക്ക് ഇന്ത്യയെ എപ്പോള്‍ വേണമെങ്കിലും സമ്മര്‍ദ്ദത്തിനു വിധേയമാക്കാം എന്നതാണ് വാസ്തവം. ഗുവാഹട്ടിയിലെ ഐ.ഐ.ടി. നടത്തിയ പഠനങ്ങളും ഈ ഭയാശങ്കകളെ സാധൂകരിക്കുന്നു.
ആണവ നിര്‍വ്യാപന കരാറില്‍ പങ്കു ചേരാനുള്ള ആഹ്വാനവുമായി ഐക്യ രാഷ്ട്ര സുരക്ഷാ സമിതി പാസാക്കിയ പ്രമേയം ഇന്ത്യ തള്ളി. ആണവ ആയുധങ്ങള്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് അത്യാവശ്യ മാണെന്നും അതിനാല്‍ ആണവ ആയുധ രഹിത രാഷ്ട്രമായി ഇത്തരം ഒരു കരാറില്‍ ഭാഗമാവാന്‍ ഇന്ത്യ ഒരുക്കമല്ല എന്നും ഐക്യ രാഷ്ട്ര സഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സുരക്ഷാ കൌണ്‍സില്‍ പ്രസിഡണ്ടിന് അയച്ച കത്തില്‍ വ്യക്തമാക്കി. ആഗോള തലത്തില്‍ നിരായുധീ കരണം നടപ്പിലാക്കണം എന്നു തന്നെയാണ് ഇന്ത്യയുടെ നയം. എന്നാല്‍ ഇത് എല്ലാ രാഷ്ട്രങ്ങള്‍ക്കും ബാധകമാവണം. എന്നാലേ ഇത്തരം ഒരു നീക്കത്തിന് വിശ്വാസ്യത ഉണ്ടാവൂ. ഏകപക്ഷീയമായി ഇന്ത്യ അണു പരീക്ഷണങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. ആണവ ആയുധങ്ങളുടെ ‘ആദ്യ ഉപയോഗം’ തടയുന്ന നയമാണ് ഇന്ത്യ സ്വീകരിച്ചിരി ക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഇത് പ്രകാരം യുദ്ധ വേളയില്‍ ശത്രു പക്ഷം ആണവായുധം ഉപയോഗിച്ചാല്‍ മാത്രമേ ഇന്ത്യ ആണവായുധം ഉപയോഗി യ്ക്കുകയുള്ളൂ.
കഴിഞ്ഞ ദിവസങ്ങളില്‍ ചൈന നടത്തിയ ആക്രമണങ്ങളും അതിക്രമങ്ങളും ഇന്ത്യയെ ഗുരുതരമായ ആശയ കുഴപ്പത്തില്‍ ആക്കിയിരിക്കുന്നു. ഓഗസ്റ്റ് ആറിന് രണ്ട് ചൈനീസ് സുഖോയ് യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് അരുണാചല്‍ പ്രദേശിലും സിക്കിമിലും പ്രവേശിച്ചതോടെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം. വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന ആദ്യത്തെ ഇത്തരം അതിക്രമം ആയിരുന്നു അത്. ഇത് നടന്നത് ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കു ന്നതിനായുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ ആരംഭിക്കുന്നതിന്റെ തലേ ദിവസം ആയിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു. ചര്‍ച്ചകളില്‍ തങ്ങളുടെ ആധിപത്യം ഉറപ്പാക്കുന്നതിനുള്ള ചൈനീസ് തന്ത്രമായിരുന്നു അത്. ഇതിനു തൊട്ടു പിന്നാലെ അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും 40 കിലോമീറ്ററോളം അകത്തേയ്ക്ക് ചൈനീസ് പട്ടാളം കയറി ചെന്നു. ഈ മാസം ആദ്യ വാരം ചൈനീസ് കുതിര പട്ടാളം ഉത്തര്‍ഖണ്ഡില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകത്തേയ്ക്ക് പ്രവേശിച്ചു. ഇതിനു പുറമെ അസംഖ്യം തവണ ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കുകയും ചെയ്തു. അതിര്‍ത്തിയിലെ സംഘര്‍ഷം നിയന്ത്രണാ തീതമായതോടെ ഇന്ത്യന്‍ അധികൃതര്‍ അടിയന്തിരമായി വ്യാഴാഴ്‌ച്ച യോഗം ചേരുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം. കെ. നാരായണന്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ ചൈനാ സ്റ്റഡി ഗ്രൂപ്പും, കാബിനറ്റ് സെക്രട്ടറിയും, പ്രതിരോധ, ആഭ്യന്തര, വിദേശ മന്ത്രാലയ സെക്രട്ടറിമാരും പങ്കെടുക്കും. സൈനിക മേധാവികളുടെയും ഇന്റലിജന്‍സ് മേധാവികളുടെയും അഭിപ്രായവും കൂടി ആരാഞ്ഞാവും ചൈനീസ് ഭീഷണി നേരിടുന്നതിന് ആവശ്യമായ തന്ത്രങ്ങള്‍ ഇന്ത്യ രൂപീകരിക്കുക. 
























