അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്താന് ശാസനയുമായി ഇന്ത്യ. ഇനിയും സംയമനത്തിന്റെ ആനുകൂല്യം പാകിസ്താൻ പ്രതീക്ഷിക്കരുതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം വേണ്ടിവന്നാൽ അണുവായുധം വരെ പ്രയോഗിക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒരു ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കി.
കാശ്മീർ വിഷയം അന്താരാഷ്ട്ര തലത്തിൽ ഉയർത്തി സഹതാപം നേടാനുള്ള പാകിസ്താന്റെ ശ്രമങ്ങൾ ഒന്നൊന്നായി പരാജയപ്പെടുകയാണ്. ഐക്യരാഷ്ട്ര പൊതുസഭയിൽ നാളെ വിഷയം പാകിസ്താൻ ഉന്നയിക്കുമ്പോഴും വലിയ ചലനങ്ങൾ ഉണ്ടാകില്ലെന്ന് ആ രാജ്യത്തിന് ഇതിനകം ബോധ്യപ്പെട്ടു കഴിഞ്ഞു. ഈ സാഹചര്യത്തിലായിരുന്നു അണുവായുധ യുദ്ധം ഉണ്ടാകും എന്ന പാകിസ്താൻ പ്രധാനമന്ത്രിയുടെ പ്രസ്താവന. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇമ്രാൻഖാൻ നിലപട് വ്യക്തമാക്കിയത്. ഇന്ത്യയ്ക്ക് എതിരെ യുദ്ധമുണ്ടായാൽ പരാജയപ്പെടും എന്ന് സൂചിപ്പിച്ചായിരുന്നു പാകിസ്താൻ പ്രധാനമന്ത്രിയുടെ ആണുവായുധ ഭീഷണി.