ഏഴ് ഇന്ത്യന്‍ തുണി കച്ചവടക്കാര്‍ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മോസ്കോയില്‍ കൊള്ളയടിക്കപ്പെട്ടു. കേസ് അന്വേഷിക്കുന്നതിന് പകരം പോലീസ് തങ്ങളെ പീഡിപ്പിക്കുകയാണ് എന്ന് ഇവര്‍ ഇന്ത്യന്‍ എംബസ്സിയില്‍ പരാതിപ്പെട്ടു. വടക്കേ മോസ്കോയിലെ ഒസ്റ്റാങ്കിനൊ പ്രദേശത്തെ വ്യാപാര സമുച്ചയത്തില്‍ തുണി കച്ചവടം നടത്തുന്ന മൊത്ത വ്യാപാരികള്‍ ആണ് കൊള്ളയടിക്കപ്പെട്ട എല്ലാവരും. വീട്ടില്‍ പോകുന്ന വഴി കാര്‍ തടഞ്ഞു നിര്‍ത്തി ചില്ല് അടിച്ചുടച്ച് പണ സഞ്ചി അപഹരിക്കുകയാണ് ഉണ്ടായത് എന്ന് ഒരു വ്യാപാരി പരാതിപ്പെട്ടു. മറ്റ് അഞ്ച് വ്യാപാരികള്‍ തങ്ങളുടെ വീടിന് മുന്‍പില്‍ വെച്ചാണ് കൊള്ളയടിക്കപ്പെട്ടത്. ഒരു വ്യാപാരിയുടെ വീട്ടില്‍ അക്രമികള്‍ അതിക്രമിച്ചു കയറി തോക്ക് കാണിച്ച് പണം അപഹരിക്കുക ആയിരുന്നു. മൂന്ന് ദിവസത്തിനകം മുപ്പതിനായിരം ഡോളര്‍ കൂടി ഇവര്‍ക്ക് നല്‍കിയില്ല എങ്കില്‍ കുടുംബത്തെ മുഴുവന്‍ കൊന്നു കളയും എന്നും ഇവര്‍ ഭീഷണി മുഴക്കി അത്രെ. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രശ്നം റഷ്യന്‍ അധികൃതരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും എന്ന് ഇന്ത്യന്‍ എംബസ്സി ഇവര്‍ക്ക് ഉറപ്പു നല്‍കി. വ്യാപാരികള്‍ വന്‍ തുകയുമായി സഞ്ചരിക്കരുത് എന്ന് മോസ്കോ പോലീസ് വക്താവ് അറിയിച്ചു. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് മുന്‍ സോവ്യറ്റ് യൂണിയനില്‍ നിന്നുള്ള ഒട്ടേറേ നിര്‍മ്മാണ ജോലിക്കാര്‍ക്ക് തൊഴില്‍ നഷ്ട്ടം ഉണ്ടായിട്ടുണ്ട്. ഇത് മോസ്കോയില്‍ ിത്തരം കുറ്റകൃത്യങ്ങള്‍ ക്രമാതീതം ആയി വര്‍ദ്ധിക്കുവാന്‍ കാരണം ആയി എന്നും പോലീസ് പറഞ്ഞു.



ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ സമ്പദ് ഘടനയില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതത്തിന്റെ ആഴം കുറക്കുവാന്‍ ഉദ്ദേശിച്ചുള്ള സര്‍ക്കാര്‍ പാക്കേജ് വൈകും എന്ന് സൂചന. സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിക്കുവാനിരുന്ന പാക്കേജിന്റെ പ്രഖ്യാപനം ഇനി നാളെയേ ഉണ്ടാവൂ എന്ന് പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു. സര്‍ക്കാരിന്റെ പാക്കേജ് റിസര്‍വ് ബാങ്കിന്റെ പാക്കേജില്‍ നിന്നും വ്യത്യസ്തമാണ്. ചില ഉല്‍പ്പന്നങ്ങളിന്‍ മേല്‍ ഉള്ള എക്സൈസ് തീരുവ വെട്ടി കുറക്കുന്നത് ഉള്‍പ്പടെ ഉള്ള ഒട്ടേറെ സാമ്പത്തിക നടപടികള്‍ ഉള്‍ക്കൊള്ളുന്നതാണ് സര്‍ക്കാര്‍ പാക്കേജ്. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഒരു പുതിയ ഉണര്‍വ്വ് നല്‍കും എന്ന് കരുതപ്പെടുന്നു. അടിസ്ഥാന സൌകര്യ വികസനത്തിനായുള്ള ഒരു വന്‍കിട പദ്ധതിയും അടുത്തു തന്നെ സര്‍ക്കാര്‍ പ്രഖ്യാപിക്കും എന്നും സൂചനയുണ്ട്.
പ്രതിസന്ധിയില്‍ ആയ എയര്‍ ഇന്ത്യയെ സഹായിക്കാനായി സര്‍ക്കാര്‍ ഉടന്‍ തന്നെ 1200 കോടിയുടെ ഒരു ധന സഹായ പാക്കേജ് പ്രഖ്യാപിക്കും എന്ന് സിവില്‍ വ്യോമയാന വകുപ്പ് മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. 1000 കോടിയുടെ വായ്പ കമ്പനി ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു. ഇത് മന്ത്രാലയം അംഗീകരിച്ചിട്ടുമുണ്ട്. ഒരു മാസത്തിനകം ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും എന്നാണ് സൂചന. 40,000 കോടി രൂപക്ക് പുതിയ വിമാനങ്ങള്‍ വാങ്ങുവാനുള്ള ഓര്‍ഡര്‍ നല്‍കി കഴിഞ്ഞ എയര്‍ ഇന്ത്യ ഇന്ധന വില വര്‍ധനവും യാത്രക്കാരുടെ എണ്ണത്തില്‍ വന്ന കുറവും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. എഴുപത്തി ഏഴ് വര്‍ഷം പഴക്കമുള്ള കമ്പനി കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ എയര്‍ലൈന്‍സും ആയി ലയിച്ചിരുന്നു. വര്‍ധിച്ച ഇന്ധന വില മൂലം പ്രതിസന്ധി നേരിടുന്ന കമ്പനിക്ക് ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഈ വര്‍ഷം ഉദ്ദേശം 2300 കോടിയെങ്കിലും നഷ്ടം സഹിക്കേണ്ടി വരും എന്നാണ് കരുതപ്പെടുന്നത്.


























