മഹാരാഷ്ട്രയിലെ ലത്തൂരില്‍ എച്.ഐ.വി. ബാധിച്ച കുട്ടികളെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ അധികൃതര്‍ പുറത്താക്കാന്‍ ഒരുങ്ങുന്നതിനിടെ ഗ്രാമ വാസികള്‍ക്ക് പിന്തുണയുമായി ഒരു സംസ്ഥാന മന്ത്രി തന്നെ രംഗത്ത് വന്നത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായി. മന്ത്രി ദിലീപ് ദേശ്‌മുഖ് ആണ് എച്. ഐ. വി. ബാധിച്ച കുട്ടികള്‍ക്ക് എതിരെ പരസ്യമായി രംഗത്തു വന്നിട്ടുള്ളത്. എച്. ഐ. വി. ബാധിച്ച കുട്ടികളെ പഠിപ്പിക്കാന്‍ പ്രത്യേക സ്കൂളുകള്‍ ആരംഭിക്കണം എന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
അമി സേവക് എന്ന സാമൂഹ്യ സേവന സംഘടന നടത്തുന്ന സേവാലയ എന്ന അനാഥാശ്രമത്തില്‍ നിന്നുള്ള 10 കുട്ടികളാണ് ജില്ലാ പരിഷദ് നടത്തുന്ന സ്കൂളില്‍ പഠിക്കുന്നത്. ഇവരുടെ കൂടെ തങ്ങളുടെ കുട്ടികളെ പഠനത്തിന് ഇരുത്താന്‍ മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇവരോട് ഇനി സ്കൂളില്‍ വരരുത് എന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. എച്. ഐ. വി. ക്കും എയ്ഡ്സ് രോഗത്തിനും നേരെയുള്ള വിവേചനത്തിന് എതിരെ നിയമം കൊണ്ടു വരണമെന്നും ബോധവല്‍ക്കരണത്തിനും അപ്പുറം സാധാരണക്കാരന്റെ അവകാശങ്ങളെ കുറിച്ചും കര്‍ത്തവ്യങ്ങളെ കുറിച്ചും ചിന്തിക്കണം എന്നൊക്കെ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നതിനിടയിലാണ് മന്ത്രി ഇത്തരം ഒരു നിലപാടുമായി രംഗത്ത് എത്തിയത്.
തങ്ങളുടെ നിലപാട് മാറ്റാന്‍ ഗ്രാമ വാസികള്‍ തയ്യാറായില്ലെങ്കില്‍ ഗ്രാമത്തിലെ മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെക്കും എന്ന് ജില്ലാ കലക്ടര്‍ താക്കീത് നല്‍കി കഴിഞ്ഞു. വേണ്ടി വന്നാല്‍ ഗ്രാമ സഭാംഗങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
കോടി കണക്കിന് രൂപ എയ്ഡ്സ് ബോധവല്‍ക്കരണത്തിനും മറ്റും സര്‍ക്കാര്‍ ചിലവഴിക്കുമ്പോള്‍ ഈ കുട്ടികളെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തുവാനും മറ്റും സര്‍ക്കാര്‍ ചിന്തിക്കുന്നത് വിരോധാഭാസമാണ്. വളരെ കുറഞ്ഞ ആയുസ്സ് മാത്രമുള്ള ഈ കുഞ്ഞുങ്ങളെ അവരുടെ ശേഷിക്കുന്ന ആയുസ്സിലെങ്കിലും ഇങ്ങനെ അകറ്റി നിര്‍ത്തുന്നത് അനുവദിക്കാന്‍ ആവില്ല എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.




അമേരിക്കയിലെ കാലിഫോണിയ യിലെ ഏറ്റവും വലിയ വ്യവസായങ്ങളില്‍ ഒന്നായ നീല ചിത്ര നിര്‍മ്മാണം ഒരു വന്‍ പ്രതിസന്ധി നേരിടുന്നു. നീല ചിത്രങ്ങളില്‍ അഭിനയിക്കുന്ന 22 പേര്‍ക്കാണ് കഴിഞ്ഞ കാലങ്ങളില്‍ എഛ്. ഐ. വി. ബാധ കണ്ടെത്തിയത്. ഈ കഴിഞ്ഞ ആഴ്ച്ച നീല ചിത്ര രംഗത്തെ അതി പ്രശസ്തയായ ഒരു നടിക്ക് എഛ്. ഐ. വി. ബാധ കണ്ടെത്തിയതോടെയാണ് ഈ രംഗത്ത് മതിയായ സുരക്ഷാ മുന്‍കരുതല്‍ പാലിക്കപ്പെടുന്നില്ല എന്ന് അധികൃതരുടെ നിലപാട് ശക്തിപ്പെട്ടത്. 2004ല്‍ വ്യാപകമായ എഛ്. ഐ. വി. ബാധ കാലിഫോണിയയിലെ നീല ചിത്ര നിര്‍മ്മാണ രംഗത്ത് ഉണ്ടാവുകയും അന്ന് അധികൃതര്‍ ഇടപെട്ട് സിനിമാ നിര്‍മ്മാണം നാല് ആഴ്ച്ചകളോളം നിര്‍ത്തി വെക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ഇത് ആദ്യമായാണ് ഇത്തരം ഒരു കേസ് പുറത്തു വരുന്നത്. 

പുകയില കമ്പനികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശം നടപ്പിലാക്കുവാന്‍ വൈകുന്നു എന്ന്‍ പരാതി വ്യാപകമായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പുകയില ഉല്പന്നങ്ങളുടെ മേല്‍ ആരോഗ്യ സുരക്ഷാ മുന്നറിയിപ്പ് നല്‍കുന്ന ചിത്രം പതിപ്പിക്കാന്‍ ഉള്ള നടപടി മെയ് 31 മുതല്‍ നടപ്പിലാക്കും എന്ന് സുപ്രീം കോടതിയെ രേഖാ മൂലം അറിയിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രമണ്യം ആണ് സര്‍ക്കാരിനു വേണ്ടി ജസ്റ്റിസ് ബി. എന്‍ അഗര്‍വാള്‍, ജസ്റ്റിസ് ജി. എസ്. സിങ്‌വി എന്നിവര്‍ക്ക് മുന്നില്‍ ഹാജരായി രേഖ നല്‍കിയത്.
























