പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുവാന്‍ സുപ്രീം കോടതി മെഡിക്കല്‍ കൌണ്‍സിലിന്റെ അഭിപ്രായം ആരായുന്നു.
നിലവിലുള്ള മാനദണ്ഡം അനുസരിച്ച് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മിനിമം 40% മാര്‍ക്ക് ഉള്ളവര്‍ക്കേ മെഡിക്കല്‍ പ്രവേശനത്തിന് അര്‍ഹതയുള്ളൂ. ഇത് മൂലം പട്ടിക ജാതി – പട്ടിക വര്‍ഗ്ഗക്കാര്‍ക്കായി സംവരണം ചെയ്തു വെച്ചിട്ടുള്ള സീറ്റുകള്‍ പലപ്പോഴും ഒഴിഞ്ഞു കിടക്കാറാണ് പതിവ്. ഈ കാര്യം ചൂണ്ടി ക്കാട്ടി അഞ്ചു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഇപ്പോള്‍ നടപടി തുടങ്ങിയിരിയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഈ ആവശ്യത്തെ അനുകൂലിയ്ക്കുന്നുമുണ്ട്.
വളരെ ചിലവേറിയ വിദഗ്ദ്ധ പരിശീലന പരിപാടികളില്‍ ചേര്‍ന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഇന്നത്തെ കാലത്ത് നിലവിലുള്ള വാശിയേറിയ മത്സര പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ്ക്കുവാന്‍ കഴിയുന്നുള്ളൂ എന്ന് കോടതി അഭിപ്രായപ്പെട്ടു.
ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ആണ് ഹരജി പരിഗണിച്ചത്.
എന്‍. ആര്‍ . ഐ. സംവരണ സീറ്റുകളില്‍ ഇത്തരം ഒരു മാനദണ്ഡം നിലവിലില്ലെന്ന് മാത്രമല്ല ഇവര്‍ക്ക് പ്രവേശന പരീക്ഷ പോലും എഴുതേണ്ട ആവശ്യമില്ല. ഇത് കണക്കിലെടുത്ത് പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന്റെ കാര്യത്തിലും മാനദണ്ഡം മാറ്റുവാനാവുമോ എന്നാണ് കോടതി ഇപ്പോള്‍ ആരായുന്നത്. പ്ലസ് ടു പരീക്ഷയുടെ മാര്‍ക്ക് പ്രവേശനത്തിനുള്ള മാനദണ്ഡം ആക്കാവുന്നതാണ് എന്നും കോടതി അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ചയ്ക്കകം ഈ കാര്യത്തിലുള്ള തങ്ങളുടെ തീരുമാനം കോടതിയെ അറിയിയ്ക്കും എന്ന് മെഡിക്കല്‍ കൌണ്‍സില്‍ അറിയിച്ചു.