പോഷകാഹാര കുറവ് മൂലം കഷ്ടപ്പെടുന്ന ബീഹാറിലേയും മധ്യ പ്രദേശിലെയും കുട്ടികള്‍ക്ക് വിതരണം ചെയ്യുവാനായി ഐക്യ രാഷ്ട്ര സഭ ഇറക്കുമതി ചെയ്ത 10 കോടി രൂപയുടെ പോഷകാഹാരം സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഐക്യ രാഷ്ട്ര സഭ വിതരണം നിര്‍ത്തി വെച്ചു.
ഐക്യ രാഷ്ട്ര സഭയുടെ കുട്ടികള്‍ക്കായുള്ള സംഘടന (UNICEF) ഇറക്കുമതി ചെയ്ത Ready To Use Therapeutic Food (RUTF) എന്ന ആഹാരമാണ് സര്‍ക്കാര്‍ പരിശോധനകള്‍ നടത്താതെയാണ് ഇറക്കുമതി ചെയ്തതെന്ന കാരണം പറഞ്ഞ് തടഞ്ഞത്.
പോഷകാഹാര കുറവിന് പ്രത്യേകം ചികിത്സാ രീതി വേണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നയം. ഇതനുസരിച്ച് കപ്പലണ്ടിയില്‍ നിന്നും പ്രത്യേകമായി നിര്‍മ്മിച്ച ഈ പോഷകാഹാരം ഐക്യ രാഷ്ട്ര സഭ ലോകമെമ്പാടും പോഷകാഹാര കുറവ് അനുഭവിക്കുന്ന കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്.
ലോകത്തിലെ ഏറ്റവും അധികം പോഷകാഹാര കുറവ് അനുഭവിക്കുന്ന കുട്ടികള്‍ ഉള്ളത് ഇന്ത്യയിലാണ്. അതില്‍ തന്നെ ഏറ്റവും അധികം കുട്ടികള്‍ ബീഹാറിലും മധ്യ പ്രദേശിലും ആണുള്ളത്. ഈ സംസ്ഥാനത്തെ സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് UNICEF പോഷകാഹാരം ഇറക്കുമതി ചെയ്ത് വിതരണം ചെയ്തത്.
എന്നാല്‍ ഇതിന് വില വളരെ കൂടുതല്‍ ആണെന്നും ഇതിന്റെ നിലവാരം പരിശോധിക്കപ്പെട്ടിട്ടില്ല എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. തങ്ങളുടെ പരിശോധനാ സംവിധാനത്തിലൂടെ കടന്നു പോകാത്ത ഒന്നും ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ല എന്ന് ശിശു ക്ഷേമ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിനു പകരം പ്രാദേശികമായി ലഭിക്കുന്ന സംസ്കരിച്ച പാല്‍ വിതരണം ചെയ്താല്‍ മതി എന്നാണ് ഔദ്യോഗിക നിരീക്ഷണം.
എന്നാല്‍ കടുത്ത പോഷകാഹാര കുറവിന് ഇത് പ്രതിവിധി ആവില്ല എന്ന് UNICEF ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ അധികൃതര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഇരക്കുമതി ചെയ്ത പോഷകാഹാരം ഐക്യ രാഷ്ട്ര സഭ അഫ്ഗാനിസ്ഥാനിലേക്കും മഡഗാസ്കറിലേക്കും കയറ്റി അയച്ചു.
വമ്പിച്ച സാമ്പത്തിക പുരോഗതി ഇന്ത്യ അവകാശപ്പെടുമ്പോഴും ഇതിന്റെ ഗുണഫലം താഴേക്കിടയിലേക്ക് എത്തുന്നില്ല എന്നതിന്റെ തെളിവാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ പോഷകാഹാര കുറവ് അനുഭവിക്കുന്ന കുട്ടികള്‍ ഇന്ത്യയിലാണ് എന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഇത്തരം ഒരു നടപടി പരിഹാസ്യമാണ് എന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.



തിരുവനന്തപുരം : സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്നു വന്ന കൃത്രിമ ഹൃദയ വാല്‍വ് കച്ചവടത്തിന്റെ കഥ പുറത്തു വന്നു. ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവര്‍ക്ക് ലഭിക്കുന്ന സൌജന്യ ഹൃദയ വാല്‍വ് മറിച്ച് വില്‍ക്കുന്ന സംഘത്തിലെ ഒരു കണ്ണിയായ നെയ്യാറ്റിന്‍കര പ്രേമ ചന്ദ്രന്റെ അറസ്റ്റോടെ ആണ് ഈ ഞെട്ടിക്കുന്ന കഥ പുറത്തായത്. ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ രണ്ട് സ്ത്രീകളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഞായറാഴ്ച പോലീസ് പ്രേമ ചന്ദ്രനെ പിടി കൂടിയത്. വാല്‍വ് കച്ചവട സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ പ്രേമ ചന്ദ്രന്‍ എന്ന് പോലീസ് അറിയിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയിലായ ഇയാളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ എടുക്കും എന്ന് പോലീസ് അറിയിച്ചു. ദാരിദ്ര്യ രേഖക്ക് താഴെ ഉള്ള ഹൃദ്‌രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്നും കൃത്രിമ വാല്‍വ് സൌജന്യമായി ലഭിക്കും. ഇതിനായി പേര് റെജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും ആശുപത്രി ഉദ്യോഗസ്ഥരുടെ സഹായത്തോടെ വാല്‍വ് കൈവശപ്പെടുത്തി ഇത് വന്‍ തുകകള്‍ക്ക് മറ്റ് ആവശ്യക്കാര്‍ക്ക് മറിച്ച് വില്‍ക്കുക ആയിരുന്നു ഇവരുടെ രീതി. കൂടുതല്‍ അന്വേഷണത്തിനു ശേഷം മാത്രമേ ഇവരുടെ പ്രവര്‍ത്തനത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയൂ എന്ന് പോലീസ് പറഞ്ഞു.
പന്നി പനിയെ കുറിച്ചുള്ള ആശങ്കകള്‍ ലോകമെമ്പാടും പടരുമ്പോള്‍ മരുന്നു കമ്പനികള്‍ പനി കാരണം കോടികളുടെ അധിക ലാഭം കൊയ്യുന്നു. ഗ്ലാക്സോ സ്മിത് ക്ലീന്‍, റോഷെ, സനോഫി അവെന്റിസ്, നൊവാര്‍ട്ടിസ്, ബാക്സ്റ്റര്‍ എന്നീ കമ്പനികളുടെ വില്‍പ്പനയില്‍ വമ്പിച്ച വര്‍ധന ഈ അര്‍ധ വര്‍ഷത്തില്‍ രേഖപ്പെടുത്തും എന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. 15 കോടി ഡോസ് ഫ്ലൂ വാക്സിനാണ് ഗ്ലാക്സോ കമ്പനി ഇതിനോടകം വിറ്റഴിച്ചിരിക്കുന്നത്. താമിഫ്ലൂ എന്ന വയറസ് നിരോധന വാക്സിന്റെ നിര്‍മ്മാതാക്കളായ റോഷെയുടെ വില്‍പ്പനയില്‍ വമ്പിച്ച വര്‍ധനവാണ് പനിയെ കുറിച്ചുള്ള ആശങ്കകള്‍ വരുത്തി വെച്ചത്. ലോകമെമ്പാടും ഉള്ള സര്‍ക്കാരുകള്‍ 20,000 കോടി രൂപയുടെ മരുന്നിനാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇനിയും 10,000 കോടി രൂപയുടെ മരുന്നുകള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കും എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
കേരളം ചിക്കുന്‍ ഗുനിയ അടക്കമുള്ള പല തരം പകര്‍ച്ച പനികളുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണ്ടു വരുന്ന ഈ ദുരവസ്ഥ മഴക്കാലം ആയതോടെ വീണ്ടും സംജാതം ആയിരിക്കുന്നു. പരിസ്ഥിതി മലിനീകരണം, പരിസര ശുചിത്വം ഇല്ലായ്മ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കെടു കാര്യസ്ഥത, സര്‍ക്കാരിന്റെ അനാസ്ഥ, മരുന്നു കമ്പനികളുടെ ദുഷ്ട ലാക്കോടെയുള്ള ഗറില്ലാ പ്രവര്‍ത്തനം എന്ന് തുടങ്ങി സി. ഐ. എ. യുടെ പങ്ക് വരെ ഈ കാര്യത്തില്‍ കേരളം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഇത്രയെല്ലാം ചര്‍ച്ച ചെയ്തെങ്കിലും ഈ വര്‍ഷവും ജനം പനി പിടിച്ചു കിടപ്പിലായിരിക്കുന്നു.
മഹാരാഷ്ട്രയിലെ ലത്തൂരില്‍ എച്.ഐ.വി. ബാധിച്ച കുട്ടികളെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ അധികൃതര്‍ പുറത്താക്കാന്‍ ഒരുങ്ങുന്നതിനിടെ ഗ്രാമ വാസികള്‍ക്ക് പിന്തുണയുമായി ഒരു സംസ്ഥാന മന്ത്രി തന്നെ രംഗത്ത് വന്നത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായി. മന്ത്രി ദിലീപ് ദേശ്‌മുഖ് ആണ് എച്. ഐ. വി. ബാധിച്ച കുട്ടികള്‍ക്ക് എതിരെ പരസ്യമായി രംഗത്തു വന്നിട്ടുള്ളത്. എച്. ഐ. വി. ബാധിച്ച കുട്ടികളെ പഠിപ്പിക്കാന്‍ പ്രത്യേക സ്കൂളുകള്‍ ആരംഭിക്കണം എന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
























