ഹൃദയം ശരീരത്തിനു പുറത്തായി ജനിച്ച ഒരു നവ ജാത ശിശുവിന്റെ ഹൃദയം വിജയകരമായി ശസ്ത്രക്രിയയിലൂടെ ശരീരത്തിനകത്തെക്ക് മാറ്റി സ്ഥാപിച്ച് വൈദ്യ ശാസ്ത്ര രംഗത്തെ തന്നെ അല്‍ഭുതപ്പെടുത്തി ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍. എണ്‍പത് ലക്ഷത്തില്‍ ഒരു കുഞ്ഞിനു മാത്രം സംഭവിക്കുന്ന ഈ അത്യപൂര്‍വ്വ ജന്മ വൈകല്യമുള്ള കുഞ്ഞുങ്ങള്‍ സാധാരണയായി ജനിച്ച് മൂന്ന് ദിവസത്തിനകം മരണമടയും. ബീഹാറില്‍ ഒരു കൂലിപ്പണിക്കാരന്റെ മകനായി ജനിച്ച കുഞ്ഞിന്റെ നെഞ്ചിനു വെളിയിലേക്ക് തള്ളി നിന്ന ഹൃദയം വെറുമൊരു തുണിയില്‍ മറച്ചാണ് ഡല്‍ഹിയില്‍ എത്തിച്ചത്. ഇത് കുഞ്ഞിന്റെ നില വഷളാക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ശരീരത്തിലെ രക്തം പൂര്‍ണ്ണമായി നീക്കി മാറ്റുകയും രണ്ടു തവണ പുതിയ രക്തം കുഞ്ഞിന്റെ ശരീരത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. കുഞ്ഞ് ശസ്ത്രക്രിയ അതിജീവിക്കുമോ എന്ന് ഇനിയും പറയാറായിട്ടില്ല. മാസങ്ങളോളം കുഞ്ഞിനെ നിരീക്ഷണത്തില്‍ വെയ്ക്കേണ്ടി വരും. ശസ്ത്രക്രിയ വിജയകരം ആയിരുന്നു എങ്കിലും അടുത്ത 48 മണിക്കൂര്‍ നിര്‍ണ്ണായകമാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. ഒരു ഗ്രന്ഥി ഇല്ലാതെ ജനിച്ചതു കാരണം കുഞ്ഞിന് എപ്പോള്‍ വേണമെങ്കിലും അണുബാധ ഉണ്ടാവാന്‍ സാധ്യതയുണ്ട്.