തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി തിരക്കിട്ട് നടപ്പിലാക്കിയ പുതിയ വനിതാ നിയമം അഫ്ഗാനിലെ സ്ത്രീകളുടെ നില താലിബാന്‍ ഭരണത്തിനു കീഴില്‍ ഉണ്ടായതിനേക്കാള്‍ പരിതാപകരം ആക്കിയിരിക്കുന്നു. ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ ഈ നിയമം ഐക്യ രാഷ്ട്ര സഭയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും അഫ്ഗാന്‍ ഭരണ ഘടനക്കും വിരുദ്ധം ആണെന്ന് പറയുന്നു. അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റിലെ വനിതാ അംഗങ്ങളും ഈ നിയമത്തിന് എതിരെ ശക്തമായ് രംഗത്ത് വന്നിട്ടുണ്ട്. ശരിയാം വണ്ണം ചര്‍ച്ച ചെയ്യാന്‍ സമയം നല്‍കാതെ തിരക്കിട്ട് ഈ നിയമം പാസ്സാക്കി എടുക്കുകയായിരുന്നു എന്ന് ഇവര്‍ പറയുന്നു.
പുതിയ വനിതാ നിയമ പ്രകാരം ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് കുറ്റകരം അല്ല. അത്തരം ബലാല്‍ക്കാരം നടത്താനുള്ള അധികാരം പുരുഷന് നിയമം അനുവദിച്ചു കൊടുക്കുന്നു. ഇതിനെതിരെ സ്ത്രീക്ക് യാതൊരു വിധ നിയമ സംരക്ഷണവും ഈ നിയമത്തില്‍ ലഭിക്കുന്നില്ല. ഭര്‍ത്താവിന്റെ അനുവാദം ഇല്ലാതെ ഭാര്യക്ക് വീടിനു വെളിയില്‍ ഇറങ്ങാനാവില്ല. വിദ്യാഭ്യാസം, തൊഴില്‍ എന്നിവക്കും ഭര്‍ത്താവിന്റെ അനുവാദം കൂടിയേ തീരൂ. ഡോക്ടറുടെ അടുത്ത് ചികിത്സക്ക് പോകുവാന്‍ പോലും ഭര്‍ത്താവിന്റെ അനുമതിയോടെ മാത്രമെ ഇനി ഒരു അഫ്ഗാന്‍ വനിതക്ക് കഴിയൂ.
ജനസംഖ്യയുടെ 10 ശതമാനത്തോളം വരുന്ന ഷിയ വിഭാഗത്തിന്റെ വ്യക്തമായ വോട്ട് ബാങ്ക് ലക്ഷ്യമാക്കി ആണ് ഈ നിയമം കൊണ്ടു വന്നിരിക്കുന്നത്. അഫ്ഗാന്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനം ഉള്ള ഹസാര എന്ന ന്യൂന പക്ഷ കക്ഷിയെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യവും ഈ നിയമത്തിനുണ്ട്.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഒരു സ്വകാര്യ ചര്‍ച്ചയില്‍ തങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഉള്ള നീരസം കര്‍സായിയെ അറിയിച്ചു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതില്‍ നിന്നും പുറകോട്ട് പോകുന്നതില്‍ അമേരിക്കക്ക് എതിര്‍പ്പുണ്ട്. സ്ത്രീകളുടെ അവകാശ സംരക്ഷണം ഒബാമയുടെ വിദേശ നയത്തിന്റെ ഒരു പ്രധാന ഘടകം ആണെന്നു ചര്‍ച്ചക്ക് ശേഷം ക്ലിന്റണ്‍ അറിയിച്ചു.
അഫ്ഗാനിസ്ഥാന് ഒരു സ്വതന്ത്ര രാഷ്ട്രം എന്ന നിലയില്‍ തങ്ങളുടെ നിയമങ്ങള്‍ നടപ്പിലാക്കാന്‍ അധികാരം ഉണ്ട്. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് നേരെ താലിബാന്റെ നേതൃത്വത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനം ആയിരുന്നു അന്താരാഷ്ട്ര സമൂഹത്തെ അഫ്ഗാന്‍ പ്രശ്നത്തില്‍ ഇടപെടാന്‍ പ്രേരിപ്പിച്ച ഒരു പ്രധാന ഘടകം. ലോക രാഷ്ട്രങ്ങള്‍ തങ്ങളുടെ സൈന്യ ബലം വിനിയോഗിച്ച് അഫ്ഗാനിസ്ഥാനില്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമായി നിലവില്‍ വന്ന പുതിയ ഭരണ കൂടവും പഴയ പാത പിന്തുടരുന്നത് ഇപ്പോള്‍ പുതിയ ഉല്‍ക്കണ്ഠക്ക് കാരണം ആയിരിക്കുന്നു.



താലിബാന്റെ അധീനതയില്‍ ഉള്ള പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ പാക്കിസ്ഥാനും താലിബാനും തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ സൈന്യം ഒഴിഞ്ഞു പോയതോടെ താലിബാന്റെ അഴിഞ്ഞാട്ടം ശക്തമായതായി അവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2001ല്‍ അഫ്ഗാനിസ്ഥാനില്‍ നിലവില്‍ ഉണ്ടായിരുന്ന അവസ്ഥയാണ് ഇപ്പോള്‍ ഇവിടെ. താലിബാന്‍ നിയോഗിച്ച തല മൂടിയ പ്രത്യേക ശരിയത്ത് പോലീസ് സ്വാത് താഴ്വരയാകെ അടക്കി ഭരിച്ച് ഇസ്ലാമിക നിയമത്തിന്റെ താലിബാന്‍ പതിപ്പ് നടപ്പിലാക്കി വരികയാണ്.
ഇറാഖില്‍ അമേരിക്കന്‍ സൈന്യത്തിന്റെ അതിക്രമങ്ങളും ആഭ്യന്തര യുദ്ധവും കെട്ടടങ്ങി വരുന്നു എന്ന് പറയുമ്പോഴും ഇവിടത്തെ സ്ത്രീകളുടെ നില ഇപ്പോഴും പരിതാപകരം തന്നെ എന്ന് അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8ന് പുറത്തിറങ്ങിയ ഒരു പഠനം സൂചിപ്പിക്കുന്നു. ഓക്സ്ഫാം എന്ന ഒരു ബ്രിട്ടീഷ് ദുരിതാശ്വാസ ഏജന്‍സിയാണ് ഈ പഠനം നടത്തിയത്. 2003ല്‍ തുടങ്ങിയ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് രാജ്യത്ത് സംജാതമായ അരക്ഷിതാവസ്ഥയും കടുത്ത ദാരിദ്ര്യവും മൂലം ഇറാഖിലെ വനിതകള്‍ നിശ്ശബ്ദമായ ഒരു തരം അടിയന്തരാവസ്ഥ നേരിട്ട് കൊണ്ടിരിക്കുകയാണ് എന്ന് ഓക്സ്ഫാം പറയുന്നു. ഇറാഖിന്റെ പുനര്‍ നിര്‍മ്മാണത്തിനു വേണ്ടി കോടി ക്കണക്കിന് ഡോളര്‍ ചിലവഴിക്കുമ്പോഴും ഈ സ്ത്രീകളുടെ കാര്യം ഏവരും വിസ്മരിക്കുന്നു. പഠനത്തിനു വിധേയമായ സ്ത്രീകളില്‍ നാലില്‍ ഒന്ന് പേര്‍ക്കും ദിവസേന ആവശ്യമായ കുടി വെള്ളം പോലും ലഭിക്കുന്നില്ല. മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് തങ്ങളുടെ കുട്ടികളെ സ്കൂളില്‍ അയക്കാന്‍ സാധിക്കുന്നില്ല. ഇവരില്‍ പകുതി പേരും ഇപ്പോഴും അമേരിക്കന്‍ സൈനികരുടേയും, ചാവേറുകളുടേയും, ഇറാഖി പോലീസിന്റേയും, മത തീവ്രവാദികളുടേയും, പ്രാദേശിക ഗുണ്ടകളുടേയും പക്കല്‍ നിന്ന്‍ ബലാസംഗം, ശാരീരികമായ പീഡനം, തട്ടി കൊണ്ട് പോകല്‍ എന്നിങ്ങനെയുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യുന്നു. മുക്കാല്‍ ഭാഗത്തോളം സ്ത്രീകള്‍ക്ക് തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട കഥയാണ് പറയുവാന്‍ ഉള്ളത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇറാഖ് സര്‍ക്കാര്‍ പ്രതി ദിനം 50 രൂപ പെന്‍ഷന്‍ പ്രഖ്യാപിച്ചത് ഇവരില്‍ 75 ശതമാനത്തിനും ഇതു വരെ ലഭിച്ചിട്ടുമില്ല.
മംഗലാപുരത്ത് പബില്‍ അതിക്രമിച്ചു കയറി പെണ്‍ കുട്ടികളെ മര്‍ദ്ദിച്ച കേസില്‍ അക്രമികളെ കുറ്റ വിമുക്തം ആക്കി സുരക്ഷാ സംവിധാനത്തിന്റെ പാളിച്ച ആണ് സംഭവത്തിന് കാരണം എന്ന ഒരു വനിതാ കമ്മീഷന്‍ അംഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ദേശീയ വനിതാ കമ്മീഷന്‍ തള്ളി. ശ്രീ രാമ സേന എന്ന ഒരു തീവ്ര ഹിന്ദുത്വ സംഘത്തിന്റെ പ്രവര്‍ത്തകരാണ് ലോകത്തിനു മുന്‍പില്‍ ഇന്ത്യയെ നാണം കെടുത്തിയ താലിബാന്‍ മോഡല്‍ ആക്രമണം മംഗലാപുരത്ത് അഴിച്ചു വിട്ടത്. സംഭവ സ്ഥലം സന്ദര്‍ശിച്ച കമ്മീഷന്‍ അംഗം നിര്‍മ്മല വെങ്കടേഷ്, പെണ്‍ കുട്ടികള്‍ സ്വയം അച്ചടക്കം പാലിക്കണം എന്നും മറ്റും നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തെ മനുഷ്യാവകാശ സംഘടനകളുടെ കടുത്ത അമര്‍ഷത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.
മംഗലാപുരത്തെ പബില്‍ ശ്രീ രാമ സേന പെണ്‍കുട്ടികള്‍ക്ക് നേരെ നടത്തിയ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണത്തിന്റെ ഗതി തന്നെ തിരിച്ചു വിടുന്ന ചില പരാമര്‍ശങ്ങള്‍ നടത്തിയത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. പെണ്‍കുട്ടികളെ ആക്രമിച്ചവരെ ജെയിലില്‍ ചെന്ന് കണ്ട കമ്മീഷന്‍ ആക്രമണത്തിന് ഇവരെ പ്രേരിപ്പിച്ചത് എന്താണ് എന്ന് പ്രതികളോട് ആരാഞ്ഞുവത്രെ. പബില്‍ നടക്കുന്ന അഴിഞ്ഞാട്ടത്തെ കുറിച്ച് വിവരം കിട്ടി എത്തിയ തങ്ങള്‍ അവിടെ എത്തിയത് പെണ്‍കുട്ടികളെ സംരക്ഷിക്കുവാന്‍ വേണ്ടി ആണ് എന്ന് ഇവര്‍ കമ്മീഷനോട് വെളിപ്പെടുത്തി. നാമ മാത്രമായി വസ്ത്ര ധാരണം ചെയ്ത് നൃത്തം ചെയ്യുന്ന പെണ്‍കുട്ടികളെ കണ്ട തങ്ങള്‍ നിയന്ത്രണം വിട്ട് പെരുമാറിയതില്‍ ഖേദിക്കുന്നു എന്നും പ്രതികള്‍ കമ്മീഷനോട് സമ്മതിച്ചതായി കമ്മീഷന്‍ അംഗം നിര്‍മ്മല വെങ്കടേഷ് പറഞ്ഞു. ഒരു മണിക്കൂറോളം താന്‍ പ്രതികളുമായി ജെയിലില്‍ ചിലവഴിച്ചുവെന്നും ഇനി മേലാല്‍ നിയമം കയ്യിലെടുക്കരുത് എന്നും സ്ത്രീകളെ അടിക്കരുത് എന്നും താന്‍ ഇവരെ ഉപദേശിച്ചു എന്നും കമ്മീഷന്‍ അംഗം അറിയിച്ചു.
























