ലോകത്തിലെ ഏറ്റവും വലിയ യുറാനിയം നിക്ഷേപത്താല്‍ സമ്പന്നമായ ഖസാക്കിസ്ഥാന്‍ ഇന്ത്യക്ക് യുറാനിയം നല്‍കാന്‍ സന്നദ്ധമാണ് എന്ന് അറിയിച്ചു. ഇതിനായി ഒരു സമഗ്രമായ ആണവ കരാര്‍ ഉണ്ടാക്കുവാനും ഖസാക്കിസ്ഥാന്‍ ഉദ്ദേശിക്കുന്നു എന്ന് ഖസാക്കിസ്ഥാന്‍ പ്രതിനിധിയും പണ്ഡിതനുമായ മരാത്ത് ഷെയിഖുദ്ധിനോവ് അറിയിച്ചതാണ് ഇത്. ഡല്‍ഹയില്‍ ഇന്ത്യാ – ഖസാക്കിസ്ഥാന്‍ സഹകരണത്തെ സംബന്ധിച്ച ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. എണ്ണവും പ്രകൃതി വാതകവും നല്‍കുന്നത് സംബന്ധിച്ചും ഇത്തരം കരാറുകള്‍ ഇന്ത്യയുമായി ഉണ്ടാക്കും എന്നും അദ്ദേഹം പറഞ്ഞു. ഖസാക്കിസ്ഥാന്‍ പ്രസിഡന്റ് നുര്‍സുല്‍ത്താന്‍ നസര്‍ബയേവിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ആയിരുന്നു ഈ ചര്‍ച്ച സംഘടിപ്പിച്ചത്. ഇന്ത്യയുമായി തീവ്രവാദ വിരുദ്ധ സഹകരണവും ശക്തമാക്കാന്‍ ഖസാക്കിസ്ഥാന്‍ ഉദ്ദേശിക്കുന്നു. 2002ല്‍ തന്നെ ഇത്തരം ഒരു ഭീകര വിരുദ്ധ കരാര്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയിരുന്നു എങ്കിലും ഈ രംഗത്ത് ഏറെയൊന്നും മുന്നോട്ട് പോവാന്‍ ആയില്ല. ചില പ്രതിനിധി ചര്‍ച്ചകള്‍ മാത്രം നടന്നു. പ്രായോഗികമായ നടപടികള്‍ ഒന്നും ഉണ്ടായില്ല. വിദഗ്ദ്ധരുമായി ഉള്ള ചര്‍ച്ചകളും നടന്നില്ല എന്നും അദ്ദേഹം പരിതപിച്ചു.



ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ സമ്പദ് ഘടനയില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതത്തിന്റെ ആഴം കുറക്കുവാന്‍ ഉദ്ദേശിച്ചുള്ള സര്‍ക്കാര്‍ പാക്കേജ് വൈകും എന്ന് സൂചന. സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിക്കുവാനിരുന്ന പാക്കേജിന്റെ പ്രഖ്യാപനം ഇനി നാളെയേ ഉണ്ടാവൂ എന്ന് പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു. സര്‍ക്കാരിന്റെ പാക്കേജ് റിസര്‍വ് ബാങ്കിന്റെ പാക്കേജില്‍ നിന്നും വ്യത്യസ്തമാണ്. ചില ഉല്‍പ്പന്നങ്ങളിന്‍ മേല്‍ ഉള്ള എക്സൈസ് തീരുവ വെട്ടി കുറക്കുന്നത് ഉള്‍പ്പടെ ഉള്ള ഒട്ടേറെ സാമ്പത്തിക നടപടികള്‍ ഉള്‍ക്കൊള്ളുന്നതാണ് സര്‍ക്കാര്‍ പാക്കേജ്. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഒരു പുതിയ ഉണര്‍വ്വ് നല്‍കും എന്ന് കരുതപ്പെടുന്നു. അടിസ്ഥാന സൌകര്യ വികസനത്തിനായുള്ള ഒരു വന്‍കിട പദ്ധതിയും അടുത്തു തന്നെ സര്‍ക്കാര്‍ പ്രഖ്യാപിക്കും എന്നും സൂചനയുണ്ട്.
ഡല്‍ഹി : ഈദ് പ്രമാണിച്ച് ഇന്ത്യയിലെ മുസ്ലിം ജനത ഹിന്ദു മത വിശ്വാസത്തോടുള്ള ആദര സൂചകമായി ഗോ ഹത്യ നടത്തുന്നത് ഒഴിവാക്കണം എന്ന് പ്രമുഖ ഇസ്ലാമിക മത പഠന കേന്ദ്രമായ ദാര്‍ ഉല്‍ ഉലൂം ആഹ്വാനം ചെയ്തു. പള്ളികളിലെ ഇമാമുകളുടെ അഖിലേന്ത്യാ സംഘടനയും ഈ നിര്‍ദ്ദേശത്തോട് യോജിപ്പ് പ്രകടിപ്പിച്ചു. മുംബൈ ഭീകര ആക്രമണത്തിന്റെ ഇരകള്‍ ആയവരോടുള്ള ഐക്യ ദാര്‍ഡ്യത്തിന്റെയും വേദനയുടേയും പ്രതീകമായി മുസ്ലിംകള്‍ തോളില്‍ കറുത്ത നാട അണിയുവാന്‍ സംഘടന നേരത്തേ ആവശ്യപ്പെട്ടിരുന്നു.
മുംബൈ ഭീകര ആക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാ ഇന്റലിജന്‍സ് പാളിച്ചകള്‍ ഉണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം പ്രസ്താവിച്ചു. തീവ്രവാദം തടയുന്നതിനായി മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഉടന്‍ നടപ്പില്‍ വരുത്തും എന്നും മന്ത്രി അറിയിച്ചു. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് സമാനമായ ഒരു ദേശീയ അന്വേഷണ ഏജന്‍സി രൂപീകരിക്കുവാനുള്ള പദ്ധതികള്‍ തയ്യാറായി വരുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ പാര്‍ലമെന്റിനു മുന്നില്‍ വെക്കും. അന്വേഷണം ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചു വരികയാണ്. മുന്‍പ് നടന്ന പല തീവ്രവാദി ആക്രമണങ്ങള്‍ക്ക് പിറകിലും ഉണ്ടായിരുന്ന സംഘടനകള്‍ തന്നെയാണ് മുംബൈ ആക്രമണത്തിനും പിന്നില്‍ എന്നതിന് വ്യക്തമായ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ ഇത് വെളിപ്പെടുത്താന്‍ ആവില്ല. റിപ്പോര്‍ട്ട് കോടതിക്ക് മുന്‍പാകെ സമര്‍പ്പിക്കുമ്പോള്‍ മാത്രമേ പൂര്‍ണമായ ചിത്രം വെളിപ്പെടുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.
























