മുംബൈ : മുംബൈയില്‍ നടന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിച്ച ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനകള്‍ അങ്ങേയറ്റം അപലപനീയമാണ് എന്ന് വിലാസ് റാവു ദേശ് മുഖ് അഭിപ്രായപ്പെട്ടു. സംഭവം സ്ഥലം സന്ദര്‍ശിക്കാന്‍ വ്യാഴാഴ്ച്ച തന്നെ മാത്രം അനുവദിച്ചില്ല എന്ന് മോഡി പറഞ്ഞത് ശരിയല്ല. പ്രധാന മന്ത്രി അടക്കം പലരേയും സംഭവ സ്ഥലം സന്ദര്‍ശിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ വിലക്കിയിരുന്നു. തങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച പ്രധാന മന്ത്രി സംഭവം സ്ഥലം സന്ദര്‍ശിക്കുന്നതിനു പകരം ജെ. ജെ. ആശുപത്രിയില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കുകയാണ് ചെയ്തത്.
എന്നാല്‍ മോഡി സംഭവ സ്ഥലം സന്ദര്‍ശിക്കുക തന്നെ വേണം എന്ന് നിര്‍ബന്ധം പിടിച്ചു. ഇതിനെ തുടര്‍ന്ന് അനുമതി ലഭിച്ച മോഡി സംഭവ സ്ഥലം സന്ദര്‍ശിച്ച് പ്രകോപനപരമായ ഒട്ടേറെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. സംഭവത്തിനു പിന്നിലെ പാക്കിസ്ഥാന്റെ പങ്ക് പ്രധാന മന്ത്രി വേണ്ട വിധം ഉയര്‍ത്തി കാട്ടുന്നില്ല എന്ന് മോഡി കുറ്റപ്പെടുത്തി. തീവ്രവാദത്തിനായി കടല്‍ മാര്‍ഗ്ഗം ഉപയോഗിക്കരുത് എന്ന ഐക്യ രാഷ്ട്ര സഭയുടെ വിലക്ക് ലംഘിച്ച പാക്കിസ്ഥാനെതിരെ അന്താരാഷ്ട്ര സമൂഹത്തെ സമീപിക്കാന്‍ കേന്ദ്രം തയ്യാറാവണം എന്നും മോഡി പറയുകയുണ്ടായി. മോഡിയുടെ സന്ദര്‍ശനം എന്തു കൊണ്ട് പൂര്‍ണ്ണമായും വിലക്കിയില്ല എന്ന ചോദ്യത്തിന് മറാഠി സംസ്ക്കാരം അതിന് അനുവദിക്കുന്നില്ല എന്നായിരുന്നു ദേശ്‌മുഖിന്റെ മറുപടി.
മഹാരാഷ്ട്രാ സന്ദര്‍ശനത്തില്‍ ഉടനീളം എതിര്‍പ്പ് നേരിട്ട മോഡിക്ക് പക്ഷെ ഏറ്റവും വലിയ തിരിച്ചടി ലഭിച്ചത് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെയുടെ വിധവയായ കവിത കര്‍ക്കരെയില്‍ നിന്നു തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.



ഭീകരരുടെ വെടിയേറ്റ ഒരു സഹ പ്രവര്‍ത്തകനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ വെടിയേറ്റ് മരണത്തിന് കീഴടങ്ങിയ മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് ദേശം കണ്ണീരില്‍ കുതിര്‍ന്ന അന്ത്യോ പചാരങ്ങള്‍ അര്‍പ്പിച്ചു. ബാംഗ്ലൂരിലെ വസതിയില്‍ പൊതു ദര്‍ശനത്തിനു വെച്ച മൃതദേഹം ഒരു നോക്ക് കാണാന്‍ അനേകാ യിരങ്ങളാണ് എത്തിയത്. കര്‍ണ്ണാടക മുഖ്യമന്ത്രി യദിയൂരപ്പ പുഷ്പ ചക്രം അര്‍പ്പിച്ചു.
താജ് പാലസ് ഹോട്ടലിലെ ഭീകരവാദികളെ തുരത്തുവാനുള്ള ദേശീയ സുരക്ഷാ സേനയുടെ പ്രത്യേക ദൌത്യമായ ഓപ്പറേഷന്‍ സൈക്ലോണ്‍ അവസാനിച്ചു. ഇതോടെ 62 മണിക്കൂര്‍ നീണ്ടു നിന്ന ഭീകര വാദികളുടെ ഹോട്ടല്‍ നിയന്ത്രണം പൂര്‍ണ്ണമായി ഇല്ലാതായി. ഇന്ന് രാവിലെ നടന്ന അവസാന യുദ്ധത്തില്‍ സുരക്ഷാ സൈനികര്‍ മൂന്ന് തീവ്രവാദികളെ കൂടി താജില്‍ വച്ച് കൊലപ്പെടുത്തി. എന്നാല്‍ താജില്‍ ഇനിയും തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടോ എന്ന് സൈനികര്‍ പരിശോധിച്ചു വരികയാണ് എന്ന് ദേശീയ സുരക്ഷാ സേനയുടെ മേധാവി ജെ. കെ. ദത്ത് അറിയിച്ചു. ഗ്രെനേഡുകളും എ. കെ. 47 തോക്കുകളും തീവ്രവാദികളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.
127 പേര് ഇതിനകം കൊല്ലപ്പെട്ട മുംബൈ ആക്രമണം അല്‍ ഖൈദ തയ്യാറാക്കിയ ബ്ലൂ പ്രിന്റ് പ്രകാരം ആണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ലോകം എമ്പാടുമുള്ള തീവ്രവാദ സംഘങ്ങള്‍ അല്‍ ഖൈദ നിര്‍മ്മിച്ച ബ്ലൂ പ്രിന്റ് പകര്‍ത്തി ഇത്തരം ആക്രമണങ്ങള്‍ നടത്തുന്ന ഒരു രീതിയിലേക്കാണ് മുംബൈയില്‍ നടന്ന ആക്രമണങ്ങള്‍ വിരല്‍ ചൂണ്ടുന്നത് എന്ന് തീവ്രവാദ – ഏറ്റുമുട്ടല്‍ രംഗത്ത് ഗവേഷണം നടത്തുന്ന ബ്രിട്ടീഷ് വിദഗ്ദ്ധന്‍ ജോര്‍ജ്ജ് കാസ്സിമെറി അഭിപ്രായപ്പെട്ടു. ഈ ബ്ലൂ പ്രിന്റിന്റെ പൊതുവായ തത്വം ആക്രമണത്തിലൂടെ ഏറ്റവും വ്യാപകമായ അരാജകത്വം സൃഷ്ടിക്കുക എന്നതാണ്. അതു തന്നെയാണ് മുംബൈയില്‍ നടന്നതും. നേരത്തേ മുന്നറിയിപ്പ് നല്‍കാതെ, പ്രത്യേകിച്ച് ലക്ഷ്യങ്ങളും ആവശ്യങ്ങളും ഉന്നയിക്കാതെ, ജനത്തിനു നേരെ ഇത്തരം ഒരു ആക്രമണം അഴിച്ചു വിട്ടത് ഇത് വ്യക്തമാക്കുന്നു. അമേരിക്കന്‍ ബ്രിട്ടീഷ് പൌരന്മാരെ തിരഞ്ഞു പിടിച്ച് ആക്രമിച്ചത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയാണ്. പ്രത്യേകിച്ച് പ്രവര്‍ത്തന പദ്ധതിയൊന്നും ഇല്ലാതെ, ഏറ്റവും അധികം നാശം വിതക്കുകയും ഏറ്റവും അധികം ആളുകളെ കൊല്ലുകയും ചെയ്യുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത് എന്നും ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.
ഇന്നലെ രാത്രി പത്തു മണിയോടെ മുംബൈയിലെ തന്ത്ര പ്രധാനമായ കേന്ദ്രങ്ങളില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ 101ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു. ആയിരത്തിലേറെ ആളുകള്‍ക്ക് പരിക്കേറ്റു. ഡെക്കാന്‍ മുജാഹിദീന്‍ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിക്കപ്പെട്ട 101 പേരില്‍ 6 വിദേശികളും ഉള്‍പ്പെടുന്നു. ആക്രമണം വിദേശികളെ ലക്ഷ്യമാക്കി ആണ് എന്ന ആരോപണം മഹാരാഷ്ട്രാ മുഖ്യ മന്ത്രി നിഷേധിച്ചു. എന്നാല്‍, അമേരിക്കന്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ടുകള്‍ ആര്‍ക്കൊക്കെയാണ് ഉള്ളത് എന്ന് തോക്കു ധാരികള്‍ വിളിച്ച് ചോദിച്ചു കൊണ്ട് ഓടി നടന്ന് വെടി വെക്കുന്നത് കണ്ടു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
























