ഡല്‍ഹി : ഈദ് പ്രമാണിച്ച് ഇന്ത്യയിലെ മുസ്ലിം ജനത ഹിന്ദു മത വിശ്വാസത്തോടുള്ള ആദര സൂചകമായി ഗോ ഹത്യ നടത്തുന്നത് ഒഴിവാക്കണം എന്ന് പ്രമുഖ ഇസ്ലാമിക മത പഠന കേന്ദ്രമായ ദാര്‍ ഉല്‍ ഉലൂം ആഹ്വാനം ചെയ്തു. പള്ളികളിലെ ഇമാമുകളുടെ അഖിലേന്ത്യാ സംഘടനയും ഈ നിര്‍ദ്ദേശത്തോട് യോജിപ്പ് പ്രകടിപ്പിച്ചു. മുംബൈ ഭീകര ആക്രമണത്തിന്റെ ഇരകള്‍ ആയവരോടുള്ള ഐക്യ ദാര്‍ഡ്യത്തിന്റെയും വേദനയുടേയും പ്രതീകമായി മുസ്ലിംകള്‍ തോളില്‍ കറുത്ത നാട അണിയുവാന്‍ സംഘടന നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ബക്രീദ് പ്രമാണിച്ച് നടത്തുന്ന മൃഗ ബലി സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഒരു ലഘു ലേഖ ദാര്‍ ഉല്‍ ഉലൂം പുറത്തിറ ക്കിയിട്ടുണ്ട്. ഹിന്ദു ജനതയുടെ വികാരങ്ങളെ വ്രണപ്പെടു ത്താതിരിക്കാന്‍ മുസ്ലിംകള്‍ ഗോ ഹത്യ നടത്തരുത് എന്ന് ഇതില്‍ പറഞ്ഞിരിക്കുന്നു.
ശരിയത്ത് അംഗീകരിച്ച മറ്റ് മൃഗങ്ങളെ ബലി കൊടുത്ത് മറ്റ് ഇന്ത്യാക്കാരുടെ വികാരങ്ങളോടുള്ള ബഹുമാനം പ്രകടിപ്പിക്കണം എന്ന് ലഘു ലേഖ ആവശ്യപ്പെട്ടു.
1866ല്‍ സ്ഥാപിതമായ ദാര്‍ ഉല്‍ ഉലൂം ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും ആദരിക്കപ്പെടുന്ന ഇസ്ലാം മത പഠന കേന്ദ്രമാണ്.
ഗോക്കളെ വധിക്കുന്നത് ഹിന്ദു വികാരം വ്രണപ്പെടുത്തും. രാജ്യത്തെ മത സൌഹാര്‍ദ്ദം തകര്‍ക്കുന്ന ഒന്നും നമ്മള്‍ ചെയ്യാന്‍ പാടില്ല എന്ന് All India Organisation of Imams of Mosques (AIOIM) പ്രസിഡന്റ് ഹസ്രത്ത് മൌലാനാ ജമീല്‍ അഹമ്മദ് ഇല്യാസി പറഞ്ഞു.
മുംബൈ വാസികളോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ച ഇല്യാസ്, ഈദ് പ്രാര്‍ത്ഥനയില്‍ മുംബൈ ആക്രമണത്തിന്റെ ഇരകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ രാജ്യത്തെ എല്ലാ ഇമാമുകളോടും അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് ശാന്തിയും സമാധാനവും പുനഃ സ്ഥാപിക്ക പ്പെടുവാന്‍ വേണ്ടി എല്ലാവരും ഈദ് പ്രാര്‍ത്ഥനാ വേളയില്‍ സര്‍വ്വ ശക്തനോട് പ്രാര്‍ത്ഥിക്കണം എന്നും അദ്ദേഹം പറഞ്ഞു.



മുംബൈ ഭീകര ആക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാ ഇന്റലിജന്‍സ് പാളിച്ചകള്‍ ഉണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം പ്രസ്താവിച്ചു. തീവ്രവാദം തടയുന്നതിനായി മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഉടന്‍ നടപ്പില്‍ വരുത്തും എന്നും മന്ത്രി അറിയിച്ചു. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് സമാനമായ ഒരു ദേശീയ അന്വേഷണ ഏജന്‍സി രൂപീകരിക്കുവാനുള്ള പദ്ധതികള്‍ തയ്യാറായി വരുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ പാര്‍ലമെന്റിനു മുന്നില്‍ വെക്കും. അന്വേഷണം ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചു വരികയാണ്. മുന്‍പ് നടന്ന പല തീവ്രവാദി ആക്രമണങ്ങള്‍ക്ക് പിറകിലും ഉണ്ടായിരുന്ന സംഘടനകള്‍ തന്നെയാണ് മുംബൈ ആക്രമണത്തിനും പിന്നില്‍ എന്നതിന് വ്യക്തമായ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ ഇത് വെളിപ്പെടുത്താന്‍ ആവില്ല. റിപ്പോര്‍ട്ട് കോടതിക്ക് മുന്‍പാകെ സമര്‍പ്പിക്കുമ്പോള്‍ മാത്രമേ പൂര്‍ണമായ ചിത്രം വെളിപ്പെടുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.
മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ എല്ലാ തീരങ്ങളിലും അതിര്‍ത്തികളിലും കൂടുതല്‍ ജാഗ്രതാ മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് പ്രതിരോധ മന്ത്രി ശ്രീ. എ. കെ. ആന്റണി സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ നശിപ്പിച്ചതു പോലുള്ള ഏതു നിമിഷത്തിലും ഉണ്ടായേക്കാവുന്ന ആക്രമണങ്ങളെ നേരിടാന്‍ തയ്യാറായിരി ക്കുകയെന്നും അദ്ദേഹം മൂന്നു സൈന്യ വിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
താജ് ഹോട്ടലിന്റെ ചുമരുകള്‍ അലങ്കരിച്ചിരുന്ന വിലമതിക്കാനാവാത്ത അനേകം പെയിന്റിങ്ങുകള്‍ മുംബൈ ഭീകരാക്രമണത്തില്‍ കത്തി നശിച്ച സാഹചര്യത്തില്‍ പുതിയ പെയിന്റിങ്ങുകള്‍ താന്‍ വരച്ച് ഹോട്ടലിന് നല്‍കും എന്ന് സുപ്രസിദ്ധ ചിത്രകാരന്‍ എം. എഫ്. ഹുസ്സൈന്‍ പ്രഖ്യാപിച്ചു. ഹുസ്സൈന്റെ അനേകം ചിത്രങ്ങള്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങളായ് താജിന്റെ സ്വീകരണ ഹാളിന്റെ അഭിമാനമായിരുന്നു. ഭീകര ആക്രമണത്തെ അപലപിക്കുന്ന ഒട്ടനേകം ചിത്രങ്ങള്‍ താന്‍ വരക്കും. എന്നെങ്കിലും താജ് പഴയ പ്രതാപം വീണ്ടെടുക്കും. അന്ന് ഈ ചിത്രങ്ങള്‍ താജില്‍ പ്രദര്‍ശിപ്പിക്കും. തങ്ങളുടെ ജീവന്‍ ബലി കഴിച്ചും മറ്റുള്ളവരെ രക്ഷിച്ച താജിലെ ജീവനക്കാരോടുള്ള തന്റെ വ്യക്തിപരമായ ആദരവ് സൂചിപ്പിക്കുന്നത് കൂടിയായിരിക്കും ഈ ചിത്രങ്ങള്‍ എന്നും ഹുസ്സൈന്‍ അറിയിച്ചു.
























