ന്യൂഡല്‍ഹി : യുദ്ധേതര ആവശ്യങ്ങള്‍ക്കുള്ള ആണവ സഹകരണം ഉറപ്പു വരുത്താന്‍ ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ആണവ കരാറില്‍ ഒപ്പ് വെച്ചു. ഇതോടെ ഇന്ത്യ ഇത്തരം ഒരു ആണവ കരാറില്‍ ഏര്‍പ്പെടുന്ന എട്ടാമത്തെ രാഷ്ട്രമായി ബ്രിട്ടന്‍. ഇതിനു മുന്‍പ് റഷ്യ, ഫ്രാന്‍സ്, അമേരിക്ക, കസാഖിസ്ഥാന്‍, മംഗോളിയ, അര്‍ജന്റീന, നമീബിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ആണവ കരാറുകളില്‍ ഒപ്പിട്ടിട്ടുണ്ട്. ആണവ ഊര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജിയും ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷണര്‍ സര്‍ റിച്ചാര്‍ഡ് സ്ടാഗും ആണ് വ്യാഴാഴ്ച കരാറില്‍ ഒപ്പിട്ടത്. ഇതോടെ ആണവ ഊര്‍ജ്ജ സാങ്കേതിക രംഗത്തെ ബ്രിട്ടീഷ് വ്യവസായ ങ്ങള്‍ക്ക് ഇന്ത്യയുമായി കച്ചവടത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യമായ നിയമത്തിന്റെ ചട്ടക്കൂട് ലഭ്യമാകും.



ഡല്‍ഹി : കഴിഞ്ഞ ഏതാനും മാസങ്ങളായി മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്ത്യാ ബംഗ്ലാദേശ് നയതന്ത്ര ബന്ധങ്ങളെ ഊട്ടി ഉറപ്പിച്ചു കൊണ്ട് ഇന്ത്യയും ബംഗ്ലാദേശും അഞ്ച് സുപ്രധാന കരാറുകളില്‍ ഒപ്പു വെച്ചു. പരസ്പരമുള്ള നിയമ സഹായം, കുറ്റവാളികളെ കൈമാറല്‍, ഭീകരതയ്ക്കും, കുറ്റകൃത്യങ്ങള്‍ക്കും, മയക്കു മരുന്ന് കള്ളക്കടത്തിനും എതിരെയുള്ള പോരാട്ടത്തില്‍ സഹകരണം, സാംസ്കാരിക രംഗത്തെ സഹകരണം എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് ഇരു രാജ്യങ്ങളും പരസ്പരം സഹകരിക്കാന്‍ തയ്യാറാവുന്നത്.
ഡല്‍ഹി : കഴിഞ്ഞ് 25 വര്‍ഷങ്ങള്‍ ക്കുള്ളില്‍ ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖ ലംഘിക്കുകയും ഇന്ത്യന്‍ പ്രദേശം കയ്യേറി ഒട്ടേറെ ഭൂമി സ്വന്തമാക്കുകയും ചെയ്തതായി ചൈനീസ് അധിനിവേശം സംബന്ധിച്ച് ഇന്ത്യന്‍ അധികൃതര്‍ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ പ്രതിനിധികളും, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും, ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരും സംയുക്തമായി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഈ കാര്യം വ്യക്തമായത്. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയുടെ കാര്യത്തില്‍ വ്യക്തത ഇല്ല എന്ന് യോഗം വിലയിരുത്തി. നിയന്ത്രണ രേഖ ഇന്ത്യയുടെയും ചൈനയുടെയും ഭൂപടങ്ങളില്‍ വ്യത്യസ്തമായാണ് രേഖപ്പെടു ത്തിയിരിക്കുന്നത് എന്നും യോഗം അംഗീകരിച്ചു. അതിര്‍ത്തി സംബന്ധിച്ച അവ്യക്തതയും, വിവിധ സ്ഥാപനങ്ങള്‍ അതിര്‍ത്തി സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കുന്നതിലെ വീഴ്‌ച്ചയും മൂലം ക്രമേണയാണെങ്കിലും ഇന്ത്യക്ക് വര്‍ഷങ്ങള്‍ കൊണ്ട് വന്‍ നഷ്ടമാണ് ഭൂമി ഉടമസ്ഥതയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത് എന്നു ഈ യോഗത്തില്‍ വെളിപ്പെട്ടു.
ബ്രഹ്മപുത്ര നദിയില്‍ തങ്ങള്‍ അണക്കെട്ട് നിര്‍മ്മിക്കുന്നില്ല എന്ന് ചൈന ആവര്‍ത്തിച്ചു പറയുമ്പോഴും ചൈനയുടെ പ്രദേശത്ത് നടക്കുന്ന ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യക്ക് ആശങ്കാ ജനമാണ് എന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍. ബ്രഹ്മ പുത്രയിലെ വെള്ളം നിയന്ത്രിച്ച് ചൈനക്ക് ഇന്ത്യയെ എപ്പോള്‍ വേണമെങ്കിലും സമ്മര്‍ദ്ദത്തിനു വിധേയമാക്കാം എന്നതാണ് വാസ്തവം. ഗുവാഹട്ടിയിലെ ഐ.ഐ.ടി. നടത്തിയ പഠനങ്ങളും ഈ ഭയാശങ്കകളെ സാധൂകരിക്കുന്നു.
ക്യൂബയ്ക്ക് എതിരെ അമേരിക്ക നടപ്പിലാക്കിയ വ്യാപാര ഉപരോധത്തെ അപലപിച്ച് കഴിഞ്ഞ 18 വര്‍ഷങ്ങളായി ഐക്യ രാഷ്ട്ര സഭയില്‍ ഒരു ചടങ്ങു പോലെ തുടര്‍ന്നു വരുന്ന പ്രമേയ അവതരണം ഇത്തവണയും പതിവു പോലെ വന്‍ ഭൂരിപക്ഷത്തിന് പാസായി. അമേരിക്കക്ക് പുറമെ ഇസ്രയേലും പലാവോയും മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. 187 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ മാര്‍ഷല്‍ ദ്വീപുകളും മൈക്രൊനേഷ്യയും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. ബുഷ് മാറി ഒബാമ വന്നിട്ടും ഏറെയൊന്നും കാര്യങ്ങള്‍ മാറിയില്ല എന്നതിനു തെളിവായിരുന്നു ഐക്യ രാഷ്ട്ര സഭയില്‍ അമേരിക്കന്‍ അംബാസഡറും ക്യൂബന്‍ വിദേശ കാര്യ മന്ത്രിയും നടത്തിയ പ്രസംഗങ്ങള്‍. 
























