ബാംഗ്ലൂര്‍ : ഇന്ത്യയുടെ അന്താരാഷ്‌ട്ര പ്രതിച്ഛായക്ക് വരെ അഴിമതിയുടെ കഥകള്‍ മൂലം കോട്ടം തട്ടിയിരിക്കുന്ന സമയത്ത് ബാംഗ്ലൂരിലെ ഒരു ഐ. എ. എസ്. ഉദ്യോഗസ്ഥന്‍ ഭരണ രംഗത്തെ സുതാര്യതയ്ക്ക് ഒരു പുതിയ മാനം കണ്ടെത്തിയിരിക്കുന്നു. ബാംഗ്ലൂരിലെ വൈദ്യുതി വിതരണ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ പി. മണിവന്നനാണ് തന്റെ ഓഫീസില്‍ തന്റെ മുറിയില്‍ സ്ഥാപിച്ചിരിക്കുന്ന സെക്യൂരിറ്റി ക്യാമറ ഇന്റര്‍നെറ്റ് വഴി ബന്ധപ്പെടുത്തി തങ്ങളുടെ വെബ് സൈറ്റില്‍ തന്റെ മുറിയിലെ ദൃശ്യങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്തു കൊണ്ട് ആധുനിക സാങ്കേതിക വിദ്യ ഭരണ രംഗത്തെ സുതാര്യത ഉറപ്പു വരുത്തുവാന്‍ ഫലപ്രദമായി ഉപയോഗിച്ച് ഒരു പുതിയ മാതൃകയായത്.
കര്‍ണ്ണാടകയിലെ ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്ന് നേരത്തെ കീര്‍ത്തി നേടിയ ഉദ്യോഗസ്ഥനാണ് മണിവന്നന്‍. എച്ച്. ഡി. കുമാരസ്വാമിയുടെ ഭരണ കാലത്ത് രാഷ്ട്രീയ സമ്മര്‍ദ്ദം വക വെയ്ക്കാതെ നിയമ വിരുദ്ധമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി ഒട്ടേറെ ശത്രുക്കളെ സൃഷ്ടിച്ച സിറ്റി കമ്മീഷണറാണ് ഇദ്ദേഹം. പിന്നീട് യെദ്യൂരപ്പ മുഖ്യമന്ത്രി ആയപ്പോള്‍ ഇദ്ദേഹത്തെ ഷിമോഗയിലേക്ക് സ്ഥലം മാറ്റിയതിന് എതിരെ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഏറെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
കര്‍ണ്ണാടക ബാംഗ്ലൂര്‍ വൈദ്യുതി വിതരണ കമ്പനി (Bangalore Electricity Supply Company – BESCom) യുടെ വെബ് സൈറ്റ് സന്ദര്‍ശിച്ച് അതില്‍ “എം.ഡി. യുടെ റൂം കാണൂ” എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ക്യാമറയിലെ ദൃശ്യങ്ങള്‍ കാണാം. എന്നാല്‍ ഈ വാര്‍ത്ത പുറത്തായതോടെ സന്ദര്‍ശകരുടെ ക്രമാതീതമായ തള്ളിക്കയറ്റം മൂലമാവണം ഈ വെബ് സൈറ്റ് പലപ്പോഴും സെര്‍വര്‍ പ്രവര്‍ത്തനരഹിതമാണ് എന്ന സന്ദേശമാണ് ഇപ്പോള്‍ കാണിക്കുന്നത്.