ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ടാബ്ലറ്റ് കമ്പ്യൂട്ടര്‍ വികസിപ്പിച്ച് ഇന്ത്യ വിവര സാങ്കേതിക വിദ്യാ മേഖലയില്‍ പുതിയ നേട്ടം കൊയ്തു. 35 ഡോളര്‍ വില വരുന്ന ഇതിന്റെ പേര് നേരത്തെ പറഞ്ഞ പോലെ സാക്ഷാത് എന്നല്ല, പകരം ആകാശ് എന്നാണ്. ആദ്യ പടിയായി കേവലം ഒരു ലക്ഷം കമ്പ്യൂട്ടറുകള്‍ ആണ് സര്‍ക്കാര്‍ ഇത് നിര്‍മ്മിച്ച കമ്പനിയായ ഡാറ്റാ വിന്‍ഡില്‍ നിന്നും വാങ്ങുന്നത് എന്നതിനാല്‍ ഇതിന്റെ വില അല്‍പ്പം കൂടുതല്‍ ആയിരിക്കും. എന്നാല്‍ അടുത്ത പടിയായി ഒരു കോടി കമ്പ്യൂട്ടറുകള്‍ വില്‍പ്പനയ്ക്ക് എത്തുന്നതോടെ വില കേവലം 1750 രൂപയായി കുറയും.
ഇന്നലെ ഉച്ചയ്ക്ക് നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി കപില്‍ സിബല്‍ ആണ് ഇന്ത്യയുടെ അഭിമാനമായ ഈ ടാബ്ലറ്റ് പുറത്തിറക്കിയത്. വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചുള്ള ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് ഇത് സമ്മാനിച്ചു കൊണ്ട് തന്നെയാണ്. ഇന്ത്യയുടെ ജനസംഖ്യയുടെ വെറും 8 ശതമാനം പേരാണ് ഇന്ന് ഇന്റര്‍നെറ്റ് പോലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. എന്നാല്‍ ചൈനയില്‍ ഇത 40 ശതമാനമാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ സാര്‍വത്രികമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യ വില കുറഞ്ഞ ടാബ്ലറ്റ് കമ്പ്യൂട്ടര്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചത്.
ഏഴു ഇഞ്ച് സ്ക്രീന്‍ വലിപ്പമുള്ള ഈ ടാബ്ലറ്റ് ആന്‍ഡ്രോയിഡ് 2.2 ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുക. ഇതിന്റെ പ്രോസസര്‍ 366 മെഗാ ഹേര്‍ട്ട്സ് വേഗത ഉള്ളതാണ്. 350 ഗ്രാമാണ് ഇതിന്റെ ഭാരം. 256 മെഗാ ബൈറ്റ്സ് റാം (RAM) ഉം 2 ജി.ബി. ഫ്ലാഷ് മെമ്മറിയും ആകാശിന് ഉണ്ട്. 2 ജി.ബി. യുടെ ഫ്ലാഷ് മെമ്മറി വേണമെങ്കില്‍ 32 ജി.ബി. വരെ ആക്കി വര്‍ദ്ധിപ്പിക്കാവുന്നതുമാണ്. സാധാരണ തരം യു.എസ്.ബി. പോര്‍ട്ടും ഉണ്ട് എന്നത് ഈ ടാബ്ലെറ്റിന്റെ സവിശേഷതയാണ്.